ന്യൂദെല്‍ഹി: നാനോ കാറുകളില്‍ ചിലത് തിരിച്ചുവിളിക്കാന്‍ ടാറ്റ തീരുമാനിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്ക് മുന്‍പ് നിര്‍മ്മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

തീപ്പിടുത്തം ഉണ്ടാകുന്നത് തടയാന്‍ കഴിയുന്ന സുരക്ഷാ സംവിധാനം സ്ഥാപിക്കാനാണ് കാറുകളെ തിരിച്ചുവിളിക്കാന്‍ ടാറ്റ തീരുമാനിച്ചത്.

എന്നാല്‍ എത്രകാറുകള്‍ തിരിച്ചുവിളിക്കുന്നുണ്ട് എന്ന കാര്യം ടാറ്റ പുറത്തുവിട്ടിട്ടില്ല. ടാറ്റയുടെ നാനോ കാറുകള്‍ക്ക് വേഗത്തില്‍ തീപ്പിടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് വില്‍പ്പനയില്‍ കാര്യമായ പ്രശ്നങ്ങള്‍ ടാറ്റ നേരിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ടാറ്റ ചില കാറുകളെ തിരിച്ചുവിളിക്കുന്നതെന്നാണ് സൂചന.

നിലവില്‍ 70,000 അധികം നാനോ കാറുകളാണ് റോഡിലിറങ്ങിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ ടാറ്റ കമ്പനി, നാനോ കാറുകള്‍ക്ക് യാതൊരു നിര്‍മ്മാണ കുഴപ്പവുമില്ലെന്ന് എക്സ്പേര്‍ട് ടീം വ്യക്തമാക്കിയിരുന്നതായി പറഞ്ഞിരുന്നു.