എ.ഐ.സി.സിയുടെ സമ്മേളനം ഇന്ന് ദല്‍ഹിയില്‍ നടന്നു. കോണ്‍ഗ്രസിന്റെ പൗര പ്രമുഖന്‍മാരെല്ലാം പങ്കെടുത്ത സമ്മേളം ഉദ്ഘാടനം ചെയ്ത് സോണിയാജി സൂദീര്‍ഘമായ ഒരു പ്രസംഗവും നടത്തി. സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു ചുരുക്കം ഇവിടെ സൂചിപ്പിക്കുന്നത് നന്നായിരിക്കും.

കാശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് സോണിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച ചില കാര്യങ്ങള്‍
അടുത്തിടെ കാശ്മീരില്‍ ഉണ്ടായ കാര്യങ്ങള്‍ വേദനിപ്പിക്കുന്നതാണ്. ഒരുപാട് യുവജീവിതങ്ങള്‍ പൊലിഞ്ഞുപോയതില്‍ എനിക്ക് അതിയായ വ്യസനമുണ്ട്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കാശ്മീര്‍ ജനതയുടെ ക്രിയാത്മകമായ സഹകരണം നമുക്കാവശ്യമാണ്. നിരാശരായിരിക്കുന്ന കാശ്മീര്‍ ജനതയോട് എനിക്ക് പറയാനുള്ളതിതാണ് ഗവണ്‍മെന്റില്‍ വിശ്വസിക്കുക.

നക്‌സല്‍ ഭീഷണിയെ കുറിച്ച്
നക്‌സല്‍ ഭീകരത പ്രധാനപ്പെട്ട ആഭ്യന്തരപ്രശ്‌നമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയപരമായ പ്രതിസന്ധിയെക്കാള്‍ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഈ പ്രദേശങ്ങളിലെ ദാരിദ്ര്യം മാറേണ്ടതുണ്ട്. ജീവിത സാഹചര്യം ഉയരേണ്ടതുണ്ട്….
അയോധ്യ
അയോധ്യവിധി ഒരിക്കലും ബാബറി മസ്ജിദ് തകര്‍ത്തതിനെ സാധൂകരിക്കുന്നതല്ല. മസ്ജിദ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്…

മുംബൈ ആക്രമണം
ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷമായി. ആ ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഇതുകൂടാതെ കര്‍ഷകരുടെ പ്രശ്‌നവും വിലക്കയറ്റവും ഭൂനിയമപരിഷ്‌കരണവുമെല്ലാം സോണിയ ഉള്‍പ്പെടുത്തി.

എന്നാല്‍ കാശ്മീര്‍ പ്രശ്‌നം മുതല്‍ വിലക്കയറ്റം വരെ സൂചിപ്പിച്ച സോണിയ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തെ വിഴുങ്ങിയതാണോ അതോ മറന്നതോ. അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരു പതിഞ്ഞ കുംഭകോണമായതുകൊണ്ട് മനപ്പൂര്‍വ്വം വിട്ടതാണോ.

സോണിയാജി ചിലപ്പോള്‍ മറന്നതാവാം. ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടയാളല്ലേ പക്ഷേ സമ്മേളത്തില്‍ പങ്കെടുത്ത ഒരാള്‍ക്കു പോലും ഇക്കാര്യം ഓര്‍ത്തില്ലേ എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.