Categories

പോലീസ് ക്യാംപില്‍ അസ്വസ്ഥത പുകയുന്നു

കോഴിക്കോട് പോലീസ് ആംഡ് റിസര്‍വ്വ് അസിസ്റ്റന്റ് കമാന്റന്റിനെ കേരള പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞുവെച്ചു. ഔദ്യോഗിക വാഹനം തടഞ്ഞ് തെറിയഭിഷേകം നടത്തിയ പോലീസുകാര്‍ക്കെതിരെ ഉദ്യോഗസ്ഥന്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. കോഴിക്കോട് എ.ആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്റന്റ് ഇ.പി രാജനെയാണ് കീഴ് ജീവനക്കാര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്.

കേരള പോലീസ് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ സംഭവമുണ്ടാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. എന്നാല്‍ പ്രശ്‌നത്തില്‍ പ്രതിക്കൂട്ടിലുള്ളത് സി.പി.ഐ.എം അനുകൂല സംഘടനയായ പോലീസ് അസോസിയേഷനാണെന്നുള്ളത് സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കിയിരിക്കയാണ്.

ഏറെക്കാലമായി ക്യാംപിലെ ചില ഉദ്യോഗസ്ഥരും പോലീസ് അസോസിയേഷനും തമ്മില്‍ വടംവലി നടക്കുകയാണ്. ക്യാംപിലെ ദൈനംദിന കാര്യങ്ങള്‍ പോലീസ് അസോസിയേഷന്‍ വഴി നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ക്യാംപിലെ സൂപ്രണ്ടുമാരുടെ ഉത്തരവുകള്‍ എങ്ങിനെ ലംഘിക്കാമെന്നതിന് അസോസിയേഷന്‍ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്യാംപ് അംഗങ്ങള്‍ക്ക് അവധി നല്‍കുക, ഡ്യൂട്ടി നിശ്ചയിക്കുക, സ്ഥലം മാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും അസോസിയേഷന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് ആരോപണം. ഇതിനെ നിയന്ത്രിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അസോസിയേഷനുമായി നിരന്തരം ഉടക്കി സ്ഥലം മാറ്റം വാങ്ങിപ്പോകുന്ന ഉദ്യോഗസ്ഥരാണ് ക്യാംപിന്റെ തലപ്പത്തുള്ളത്. നേരത്തെ അസോസിയേഷനെതിരെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ക്യാംപ് ഡെപ്യൂട്ടി കമാണ്ടന്റിനെ തരം താഴ്ത്തിയത് വിവാദമായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് പുതിയ സംഭവമുണ്ടായത്. കാംപില്‍ പുതുതായെത്തിയ ചിലര്‍ക്ക് ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കമാണ്ടന്റിനെ തടയുന്നതിലേക്ക് നയിച്ചത്. അസോസിയേഷന്റെ നോട്ടപ്പുള്ളിയായ കമാണ്ടന്റാണ് ഇ.പി രാജന്‍. ക്യാംപില്‍ പുതുതായെത്തിയവര്‍ക്ക് അസോസിയേഷന്റെ സഹകരണില്ലാതെ പ്രത്യേക പരിശീലനവും ക്ലാസുകളും നടത്തിയതിതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. സാധാരണയായി ക്യാംപിലെത്തുന്നവര്‍ക്ക് അസോസിയേഷനാണ് ക്ലാസുകളും മറ്റ് കാര്യങ്ങളും നല്‍കി വരുന്നത്.

ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ ക്ഷുഭിതരായ അസോസിയേഷന്‍ നേതാക്കള്‍ ലീവ് നല്‍കേണ്ട ഉദ്യോഗസ്ഥന്‍ താനല്ലെന്ന് പറഞ്ഞിട്ടും രാജനെ തടഞ്ഞുവെച്ചുവെന്നാണ് പരാതി. കമാണ്ടന്റിന്റെ ജീപ്പ് തടഞ്ഞിട്ട് അതില്‍ അടിക്കുകയും ചെയ്തു പോലീസുകാര്‍. അസോസിയേഷന്‍ ജില്ലാ നേതാവ് മുരളീധരന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്.

ലോക്കല്‍ സ്‌റ്റേഷനിലെ ബാബുരാജ്, ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും തടയല്‍ സംഘത്തിലുണ്ടായിരുന്നെന്ന് പരാതില്‍ പറയുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനിലെ അംഗങ്ങളായ ഇവര്‍ ക്യാംപില്‍ അനുമതി കൂടാതെ എത്തിയത് തന്നെ കുറ്റകരമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന നിലപാടില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഏതായാലും വിഷയം കൂടുതല്‍ വഷളാക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ കോടിയേരി നിര്‍ദേശിച്ചതായാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.