കൊല്ലം: പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പൂന്തുറ സിറാജിനെ നീക്കി.  ഗഫൂര്‍ പുതുപ്പാടിയെയും സംഘടനാ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട് . ബാംഗളൂര്‍ ജയിലില്‍ വിചരണ തടവുകാരനായി കഴിയുന്ന  പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കത്തിലൂടെയാണ് തീരുമാനം അറിയിച്ചത്.

മുസ്ലീം ലീഗുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന  സിറാജിന്റെ പ്രസ്താവനയാണ് പാര്‍ട്ടിയിലെ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്. ലീഗ് അനുകൂല പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗഫൂര്‍ പുതുപ്പാടിക്കെതിരേയും നടപടിയെടുക്കാന്‍ മഅദനി തെയ്യാറായത്.

പല പാര്‍ട്ടിനേതാക്കളും അച്ചടക്കലംഘനം നടത്തുന്നുണ്ടെന്നും ഇത് പാര്‍ട്ടി പ്രവര്‍‌ത്തകരെ വിഷമത്തിലാക്കിയിട്ടുണ്ടെന്നും മഅദനി വ്യക്തമാക്കി.അച്ചടക്കലംഘനം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അഡ്വ. അക്ബര്‍ അലിയാണ് പുതിയ വര്‍ക്കിംഗ് ചെയര്‍മാന്‍. വര്‍ക്കല രാജിനെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ജനാധിപത്യ വത്ക്കരിക്കുന്നതില്‍ പാര്‍ട്ടി ചെയര്‍മാന്‍ മഅദനിക്ക് തെറ്റുപറ്റിയെന്ന് ഗഫൂര്‍ പുതുപ്പാടി doolnews.com നോട് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി നടപടിയെക്കുറിച്ച് പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗഫൂര്‍ പുതുപ്പാടി doolnews.com നോട് പറഞ്ഞു.

‘പി.ഡി.പിയെ ജനാധിപത്യവത്കരിക്കുന്നതില്‍ മഅദനിക്ക് വീഴ്ചപറ്റി’