Administrator
Administrator
എം.എം.ആര്‍.സി.എ അഥവാ ആയുധ ഇടപാടുകളുടെ മാതാവ്
Administrator
Wednesday 20th October 2010 4:22pm

‘അതിരുകാക്കാന്‍ അതിരില്ലാ വ്യാപാരം

From Defense desk / പുടയൂര്‍ ജയനാരായണന്‍

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയില്‍ നിന്ന്  ലോകത്തിലെ ഒരു സൂപ്പര്‍ പവര്‍ എന്ന പദവിയിലേക്കുള്ള വളര്‍ച്ചയുടെ പടവിലാണ് ഇന്ന് ഇന്ത്യ. 2020 ഓടെ ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവറുകളിലൊന്നാവുക എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള കുതിപ്പ്. എന്നാല്‍ അത്തരം ഒരു സൂപ്പര്‍ പവര്‍ സ്ഥാനത്തിന് കേവലം സാമ്പത്തിക രംഗത്തെ കുതിപ്പ് മാത്രം പോരാ എന്ന് ഇന്ത്യ മനസിലാക്കി തുടങ്ങിയത് വളരെ അടുത്ത കാലത്ത് മാത്രമാണ്.

ശാസ്ത്ര സാങ്കേതിക രംഗത്ത്, ബഹിരാകാശ  രംഗത്ത്, മനുഷ്യ ശേഷി വിഭവ സമാഹരണ രംഗത്ത്, പ്രതിരോധ രംഗത്ത് തുടങ്ങി സകല മേഖലകളിലും കൈവരിക്കുന്ന മേധാവിത്വത്തിലൂടെ മാത്രമേ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു ആഗോള ശക്തിയായി വളരുവാന്‍ സാധിക്കുകയുള്ളൂ. ശാസ്ത്ര സാങ്കേതികരംഗത്തും, ബഹിരാകാശ മേഖലയിലുമെല്ലാം സുത്യര്‍ഹമായ കുതിപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റ് പല രംഗങ്ങളിലും കാര്യമായ കുതിപ്പ് നടത്തിയപ്പോളും ഇന്ത്യ കാര്യമായ ശ്രദ്ധ ചെലുത്താതെ പോയ ഒരു മേഖലയായിരുന്നു പ്രതിരോധ രംഗം. കേവലം പാക്കിസ്ഥാന്റെ പ്രതിരോധ രംഗത്തെ നീക്കങ്ങളെ മാത്രം നിരീക്ഷിച്ച് അതിനനുസരിച്ച് മാത്രമായിരുന്നു അടുത്ത കാലം വരെ ഇന്ത്യയുടെ ഈ രംഗത്തെ നീക്കങ്ങള്‍. എന്നാല്‍ ഇതു മൂലമുള്ള പ്രതിസന്ധി ഇന്ത്യ ഏറ്റവും രൂക്ഷമായി അനുഭവിച്ചത് കാര്‍ഗ്ഗില്‍ യുദ്ധകാലത്ത് ആയിരുന്നു. കേവലം ബോഫേഴ്സ് പീരങ്കികളുടെ മാത്രം കരുത്തില്‍ പ്രതിരോധിച്ച് നിന്ന ഇന്ത്യ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് കാര്യമായ ഒരു സൈനിക നീക്കം നടത്തിയത്.

വ്യോമസേനയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സഫേദ് സാഗര്‍ ആരംഭിച്ചതോടെ മാത്രമാണ് കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ കിട്ടിയത്. അന്തിമ വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നെങ്കിലും കനത്ത ആള്‍നാശം ഇന്ത്യന്‍ ഭാഗത്തുമുണ്ടായി. ഇത് വളരെയധികം വിമര്‍ശന വിധേയമായ ഒരു വസ്തുതയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട കാര്‍ഗ്ഗില്‍ റിവ്യു സമിതി പ്രതിരോധ രംഗത്തെ ആധുനിക വത്കരണത്തിന്റെ അഭാവത്തെ അതി രൂക്ഷമായി വിമര്‍ശിച്ചു. ( കാര്‍ഗില്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ട് വായിക്കാം )

പാക്കിസ്ഥാന്‍ കാര്‍ഗ്ഗിലില്‍ ഉപയോഗിച്ച പല ആയുധങ്ങളും ഇന്ത്യയുടെ സോവ്യേറ്റ് കാലത്തെ ആയുധങ്ങളെ അപേക്ഷിച്ച് പതിന്‍മടങ്ങ് മികച്ചതും, ആധുനീകവുമായിരുന്നു. ഈ ഒരു കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ രംഗത്ത് സമ്പൂര്‍ണ്ണ ആധുനീക വത്കരണം നടപ്പാക്കാന്‍ അന്ന് കാര്‍ഗ്ഗില്‍ റിവ്യു സമിതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ സമിതിയുടെ ശുപാര്‍ശകളില്‍ പല കാര്യങ്ങളും അവഗണിച്ച കൂട്ടത്തില്‍ സമ്പൂര്‍ണ്ണ ആധുനീക വത്കരണവും പൂര്‍ണ്ണതോതിലല്ലെങ്കിലും കാര്യമായ ചലനങ്ങളൊന്നും കൂടാതെ തന്നെ വിശ്രമിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ പ്രശ്നം സഗൌരവം മനസിലാക്കുവാന്‍ മറ്റൊരു അയല്‍കാരന്റെ പ്രതിരോധ രംഗത്തെ കുതിപ്പ് കാണേണ്ടി വന്നു ഇന്ത്യയ്ക്ക്.

ലോകത്തിലെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ള ഏക രാജ്യമായ ചൈനയുടെ കുതിപ്പാണ് ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ആധുനീക വത്കരണത്തിന് വേഗത പകര്‍ന്നത്. പത്ത് വര്‍ഷം മുന്‍പ് എന്തായിരുന്നോ അതിന്റെ നൂറു മടങ്ങെങ്കിലും മുന്നിലാണ് ഇന്ന് ചൈനയുടെ പ്രതിരോധ രംഗം. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയ്ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുമാറ് വേഗത്തിലായിരുന്നു ചൈനയുടെ കുതിപ്പ്. എന്നാല്‍ ചൈനയുടെ ഈ കുതിപ്പ് പലഘട്ടത്തിലും നമ്മുടെ രാജ്യരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന നിലയെത്തിയപ്പോളാണ്  ഇന്ത്യ മാറിചിന്തിച്ച് തുടങ്ങിയത്.

സമ്പൂര്‍ണ്ണ ആധുനീകവത്കരണത്തിലൂടെ പ്രതിരോധ രംഗത്ത് ചൈനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യയും ശ്രമം തുടങ്ങി. പ്രതിരോധ രംഗത്ത് ചൈനയുടെ അത്രതന്നെ വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടില്ല എങ്കില്‍ കൂടി ഏഷ്യാവന്‍കരയിലെ ഏറ്റവും വലിയ ആയുധ കിടമത്സരത്തിന് കൂടിയാണ് ഇത് വഴി തുറന്നത്. ഇന്ത്യ പ്രതിരോധ വിഹിതം വ്യാപകമായി വര്‍ദ്ധിപ്പിച്ചു.

കാര്‍ഗ്ഗില്‍ യുദ്ധകാലത്ത് കേവലം 39,897 കോടി രൂപയായിരുന്നു ഇന്ത്യയുടെ ആകെ പ്രതിരോധ ബജറ്റ് വിഹിതമെങ്കില്‍ ഇന്ന് അത് ഒന്നര ലക്ഷം കോടിയോളമാണ്. ചൈനയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ഒരു തുകയാണ് ഇത് എങ്കിലും പ്രതിരോധ രംഗത്ത് ഏറ്റവുമധികം ബജറ്റ് വിഹിതം മാറ്റിവയ്ക്കുന്ന ലോകത്തിലെ പത്ത് രാജ്യങ്ങളിലൊന്നായി ഇന്ത്യ. കര-വ്യോമ-നാവിക ശേഷി ക്രമാതീതമായി വര്‍ദ്ധിപ്പിച്ചതോടൊപ്പം, മിസൈല്‍, റഡാര്‍, സാങ്കേതിക വിദ്യയിലും കാര്യമായ വികാസം ഇന്ത്യ കൈവരിച്ചു.

എം.എം.ആര്‍.സിഎ കരാറിലേക്കുള്ള വഴി

ഇന്ത്യയുടെ വ്യോമ പ്രതിരോധ രംഗം കടുത്ത ഭീഷണി നേരിടുന്നുവെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രതിരോധമന്ത്രാലയം ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വ്യോമ പ്രതിരോധം ശക്തമാക്കുവാന്‍ നിരവധി ദീര്‍ഘ ദൂര, മധ്യദൂര വ്യോമ പ്രതിരോധ മിസൈലുകള്‍ ഇന്ത്യ വാങ്ങിച്ചു കൂട്ടി. കോടികളുടെ ഇടപാടുകള്‍ ഈ ഇനത്തില്‍ മാത്രം നടന്നു.

എന്നാല്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്കായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ നിലവിലുള്ള ഏറ്റവും മികച്ച നാലാം തലമുറ യുദ്ധവിമാനങ്ങളിലൊന്നായ സുഖോയ്-30 MKI ഒഴിച്ചാല്‍ പഴയ സോവ്യേറ്റ് കാലത്തെ രണ്ടും മൂന്നും തലമുറകളില്‍ പെടുന്ന മിഗ്ഗ്, ജാഗ്വര്‍ വിമാനങ്ങള്‍ മാത്രമാണ് വ്യോമസേനയ്ക്കുണ്ടായിരുന്നത്.

കാലപ്പഴക്കം കൊണ്ടും സാങ്കേതികവിദ്യയിലെ പോരായ്മകൊണ്ടും വ്യോമസേനയ്ക്ക് ഇവ ബാധ്യതയാകുന്നു എന്ന ഘട്ടത്തിലാണ് പുതുതലമുറയില്‍ പെടുന്ന വിവിധോദ്യേശ്യ യുദ്ധവിമാനങ്ങള്‍ (സാധാരണ ബോംബിങ്ങിനും, ലേസര്‍ നിയന്ത്രിത ബോംബിങ്ങിനും, മൈസൈല്‍ ആക്രമണങ്ങള്‍ക്കും, ദീര്‍ഘദൂര നിരീക്ഷണ പറക്കലുകള്‍ക്കും എല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനങ്ങള്‍) വാങ്ങിക്കുന്നതിനെക്കുറിച്ച് വ്യോമസേന ആലോചിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ലൈറ്റ് കോംപാക്ട് വിമാനമായ തേജസ് കമ്മീഷന്‍ ചെയ്ത് സേനയ്ക്കായി പ്രവര്‍ത്തന സജ്ജമാകുന്നതിലെ കാലതാമസവും കൂടി കണക്കിലെടുത്ത് വിവിധോദ്യേശ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനു പകരം വ്യാപകമായി വാങ്ങിക്കുവാന്‍ തന്നെ ഇന്ത്യ തീരുമാനിച്ചു. ഇവിടെയാണ് എം.എം.ആര്‍.സി.എ അഥവാ മീഡിയം മള്‍ട്ടി പര്‍പ്പസ് കോംപാക്ട് എയര്‍ക്രാഫ്റ്റ് കരാര്‍ കടന്നു വരുന്നത്. വ്യോമസേനയുടെ ശുപാര്‍ശ കേന്ദ്ര പ്രതിരോധ മന്ത്രായലം അംഗീകരിച്ചു. തുടര്‍ന്ന് അത് കേന്ദ്ര മന്ത്രി സഭയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയും അംഗീകരിച്ചു.

അമ്പതിനായിരം കോടി ചെലവില്‍ 126 വിവിധോദ്യേശ യുദ്ധവിമാനങ്ങള്‍. ഒപ്പം വിമാനങ്ങളുടെ സാങ്കേതികവിദ്യാ കൈമാറ്റവും. ലോകം ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീമമയാ ആയുധ കച്ചവടത്തിന്റെ കരാര്‍ നടപടികള്‍ അതോടെ ആരംഭിച്ചു. ആഗോള ടെന്റെര്‍ ക്ഷണിച്ചു. “ Mother of all defense deals ” അഥവാ ആയുധ ഇടപാടുകളുടെയെല്ലാം മാതാവ് എന്നായിരുന്നു ഈ ഇടപാടിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ലോക ആയുധ കമ്പോളത്തിലെ വമ്പന്‍മാര്‍ ഭീമമായ ഈ കരാര്‍ തുക കണ്ട് അന്തം വിട്ടു. ഓര്‍ക്കുക ഇതിന് മുന്‍പ് ഇന്ത്യ നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി കേവലം പതിനായിരം കോടിരൂപയുടേത് മത്രമായിരുന്നു. കരാര്‍ നേടിയെടുക്കാന്‍ വമ്പന്‍മാര്‍തന്നെ രംഗത്തെത്തി. ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം.

അമേരിക്കയും, റഷ്യയും, ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ കമ്പനികള്‍ കരാര്‍ സ്വന്തമാക്കുന്നതിനായി നേരിട്ട് രംഗത്തെത്തി. അവര്‍ തമ്മില്‍ ആയുധ കമ്പോളത്തില്‍ നിലവിലുള്ള കിടമത്സരത്തിനും ഇതിന്‍റെ ആക്കം കൂട്ടി. ഇതോടെയാണ് എം.എം.ആര്‍.സി.എ കരാര്‍ നടപടികള്‍ എം.എം.ആര്‍.സി.എ കോമ്പറ്റീഷന്‍ എന്ന്കൂടി അറിയപ്പെട്ട് തുടങ്ങിയത്.

ആദ്യ ഘട്ടത്തില്‍ നിരവധി കമ്പനികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ആറു കമ്പനികള്‍. എല്ലാം ലോക ആയുധ കച്ചവടത്തിലെ കൊലകൊമ്പന്‍മാര്‍.

ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ബോയിങ്ങിന്റെ എ18 സൂപ്പര്‍ ഹോണറ്റ്, അമേരിക്കയുടെ തന്നെ ലോക്ക്ഹീഡ് മാര്‍ട്ടീന്റെ എ 16 സൂപ്പര്‍ വൈപ്പര്‍, ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ദസോള്‍ട്ട് റഫേല്‍, യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ യൂറോഫൈറ്റര്‍ തൈഫൂണ്‍, റഷ്യന്‍ വിമാനകമ്പനിയായ സുഖോയ് കോര്‍പ്പറേഷന്റെ മിഗ്ഗ്-35, സ്വീഡിഷ് കമ്പനിയായ സാബ ഏയ്റോ സ്പേസിന്റെ സാബ് ഗ്രിപ്പണ്‍ എന്നിവരാണ്   എം.എം.ആര്‍.സി.എ കരാര്‍ നേടിയെടുക്കാനുള്ള മത്സരരംഗത്ത് ഉള്ളത്. എല്ലാം നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാലാം തലമുറ യുദ്ധവിമാനങ്ങള്‍.

രണ്ടാം ലക്കം വായിക്കാം >> ആഗോള ഭീമന്‍മാരുടെ താല്‍പര്യങ്ങളും, വിശദാംശങ്ങളും

Advertisement