Categories

MMRC കരാര്‍ നടപടിക്രമങ്ങള്‍

ആദ്യ മലയാള ഓണ്‍ലൈന്‍ ഡിഫെന്‍സ് പരമ്പര – ‘അതിരുകാക്കാന്‍ അതിരില്ലാവ്യാപാരം’

From Defense desk / പുടയൂര്‍ ജയനാരായണന്‍

ആഗോള ഭീമന്‍മാരുടെ ഉദ്ദേശ ലക്ഷ്യങ്ങളെന്തായാലും ഈ ഒരു കരാറിനെ അഴിമതിമുക്തമാക്കി നടപ്പാക്കുന്നതിന് വളരെ വിപുലമായ നടപടിക്രമങ്ങളാണ് പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമീപകാലത്ത് നടത്തിയ ഒട്ടുമിക്ക ആയുധ കരാറുകളിലും അഴിമതിക്കറ പുരണ്ട പ്രതിരോധ മന്ത്രാലയം ഇത്ര ഭീമമായ ഒരു കരാര്‍ നടപ്പാകുമ്പോള്‍ അഴിമതി ആരോപണങ്ങള്‍ ഉയരുവാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് വളരെ സമഗ്രമായ നടപടിക്രമങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും മികച്ചതും ഒപ്പം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ഇണങ്ങുന്നതുമായ വിമാനം മാത്രം വാങ്ങിക്കുന്നതിനായാണ് വളരെ ഘട്ടങ്ങള്‍ നീളുന്ന നടപടികള്‍ ഈ കരാറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്കനുസരിച്ചോ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചോ കരാര്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ കൂടിയാണ് ഇത്.

മറ്റ് പ്രതിരോധ ഇടപാടുകളെ അപേക്ഷിച്ച് അഞ്ച് ഘട്ടങ്ങളായുള്ള നടപടിക്രമങ്ങളാണ് ഇതിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

1) ആഗോള ടെന്റര്‍

2) ഓരോ വിമാനങ്ങളുടേയും പരീക്ഷണ പറക്കല്‍ ഒപ്പം മറ്റ് യുദ്ധ അഭ്യാസ പ്രകടനങ്ങള്‍ ആയുധങ്ങള്‍ സഹിതം (മൂന്ന് കാലാവസ്ഥയിലുമുള്ള പരീക്ഷണം)

3) പരീക്ഷണ പറക്കലിന്റെയും കാലാവസ്ഥ അനുസരിച്ചുള്ള പ്രകടനങ്ങളുടെ വ്യതിയാനങ്ങളുടേയും അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ ഘട്ടം.

4) തെരഞ്ഞെടുക്കപ്പെടുന്ന വിമാനങ്ങളുമായി സാമ്പത്തിക ബിഡ്ഡ്

5) മേല്‍പറഞ്ഞ നാല് ഘട്ടങ്ങളില്‍ നിന്നുമായി ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഒത്ത് ചേര്‍ന്ന് പോകുന്ന കമ്പനിയുമായി അന്തിമ കരാര്‍ നടപടികള്‍.

വളരെ സമഗ്രമായ നടപടിക്രമങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ട് മൂന്നാം ഘട്ടത്തിലാണ് ഇന്ന് എം.എം.ആര്‍.സി.എ കരാര്‍ എത്തി നില്‍ക്കുന്നത്. ആദ്യ ഘട്ടമായ ആഗോള ടെന്ററിനോട് നിരവധി കമ്പനികള്‍ പ്രതികരിച്ചിരുന്നുവെങ്കിലും അന്തിമ കരാറിനായി പരിഗണിക്കപ്പെട്ടത് ആറ് പ്രമുഖ കമ്പനികളാണ്.

അമേരിക്കന്‍ കമ്പനികളായ ബോയിങ്ങിന്റെ എ18 സൂപ്പര്‍ ഹോണറ്റ്, ലോക്ക്ഹീഡ് മാര്‍ട്ടീന്റെ എ16 സൂപ്പര്‍ വൈപ്പര്‍, ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ദസോള്‍ട്ട് റഫേല്‍, യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ യൂറോഫൈറ്റര്‍ തൈഫൂണ്‍, റഷ്യന്‍ വിമാനകമ്പനിയായ സുഖോയ് കോര്‍പ്പറേഷന്റെ മിഗ്ഗ്-35, സ്വീഡിഷ് കമ്പനിയായ സാബ് ഏയ്റോ സ്പേസിന്റെ സാബ്ഗ്രിപ്പണ്‍ എന്നിവരാണ്  പ്രാഥമിക ഘട്ടത്തില്‍ അവശേഷിച്ചത് .

തുടര്‍ന്ന കരാര്‍ നടപടികള്‍ ഏറ്റവും നിര്‍ണ്ണായകമായ രണ്ടാം ഘട്ടത്തിലേക്ക്. ഇവിടെ മൂന്ന് തലങ്ങളായാണ് നടപടിക്രമങ്ങള്‍. ആദ്യം ഓരോ വിമാനങ്ങളും ഇന്ത്യയിലെത്തിച്ച് വിവിധ കാലാവസ്ഥകളോട് എങ്ങിനെ ഇണങ്ങുന്നുണ്ട് എന്നറിയാനുള്ള പരീക്ഷണ പറക്കലുകള്‍. ഇന്ത്യന്‍ കാലാവസ്ഥയുടെ മൂന്ന് അവസ്ഥാന്തരങ്ങളെ വിമാനം അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണമാണ് ഇത്.

സമ ശീതോഷ്ണാവസ്ഥയിലെ പ്രകടനമറിയാന്‍ ആദ്യ പരീക്ഷണം ബംഗലുരുവില്‍ നടന്നു. ബംഗലുരുവിലെ യലഹങ്കയിലെ മിത കാലാവസ്ഥയില്‍ നടന്ന ആദ്യഘട്ട പരീക്ഷ ഒട്ടുമിക്ക വിമാനങ്ങളും പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ അതിജീവിച്ചു.  കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന എയ്റോ ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികളായ  എ18, എ 16 വിമാനങ്ങളും റഷ്യയുടെ മിഗ്-35ഉം പങ്കെടുത്തത് പോലും ഇവിടത്തെ കാലാവസ്ഥ മുന്‍ കൂട്ടി അറിയാന്‍ തന്നെയായിരുന്നു.

രണ്ടാം ഘട്ട പരീക്ഷണ പറക്കല്‍ നടന്നത് ഉത്തരേന്ത്യയിലെ അത്യുഷ്ണത്തെയും പൊടിക്കാറ്റിനേയും എങ്ങിനെ വിമാനങ്ങള്‍ അതി ജീവിക്കുമെന്നറിയുന്നതിനുള്ള പരീക്ഷണമായിരുന്നു. ഇതിനായി തെരഞ്ഞെടുത്തത് രാജസ്ഥാനിലെ മരുപ്രദേശം നിറഞ്ഞ ജയ്സാല്‍മീര്‍ മേഖല. എല്ലാ വിമാനങ്ങളും ഏറ്റവും കടുത്ത പരീക്ഷണം അതി ജീവിച്ചതും ഈ ഘട്ടത്തില്‍ തന്നെയായിരുന്നു.

ഇവിടത്തെ കനത്ത ചൂടും പൊടിക്കാറ്റും കരാറില്‍ ഏറെ നിര്‍ണ്ണായകമായിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ ലെഡാക്കിലെ ലേ താഴ്വരയില്‍ കഴിഞ്ഞ ഡിസംബര്‍ മാസം നടന്ന പരീക്ഷണം അതിലേറെ വെല്ലുവിളിയായ വിമാനങ്ങളുമുണ്ട്. മൈനസ് 20 താഴെയുള്ള താപനിലയില്‍ ചില വിമാനങ്ങള്‍ക്ക് കോള്‍ഡ് അറസ്റ്റ് എന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഏതൊക്കെ വിമാനങ്ങള്‍ ഈ രണ്ട് ഘട്ടങ്ങളിലും പ്രകടനത്തില്‍ പിന്നാക്കം പോയി എന്നത് സംബന്ധിച്ചും, എതൊക്കെ കമ്പനികള്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് വന്നു എന്ന കാര്യത്തിലും ഒരു തരത്തിലുള്ള സൂചനയും പ്രതിരോധ വൃത്തങ്ങളില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ അത്തരത്തില്‍ വാര്‍ത്തകള്‍ ചോര്‍ന്നാല്‍ അത് മറ്റേതെങ്കിലും വിധത്തില്‍ കരാറിനെ സ്വാധീനിക്കപ്പെടും എന്ന സാധ്യത കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ കര്‍ശന അച്ചടക്കം പാലിക്കുന്നത്.

ഈ മൂന്ന് തലങ്ങളായി തിരിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്കും ശേഷം ഓരോ വിമാനങ്ങളും പൊഖറാനിലെ വ്യോമസേനയുടെ ഷൂട്ടിങ്ങ് റേഞ്ചില്‍ വച്ച് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങളും നടത്തി. റഡാര്‍ സാങ്കേതിക മികവും, ശത്രുരാജ്യത്തിന്റെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് കടക്കുന്നതിനുള്ള വിമാനങ്ങളുടെ കഴിവും, ലക്ഷ്യം പിഴക്കാതെ ബോംബിങ്ങ് നടത്തുവാനും ശത്രുവിന്റെ ആയുധങ്ങളെ നിഷ്പ്രഭമാക്കുന്നതിനുള്ള വിമാനങ്ങളുടെ കഴിവും ഈ ഘട്ടത്തില്‍ പരീക്ഷണ വിധേയമായി.

വളരെ സമഗ്രമായ ഈ പരീക്ഷണ ഘട്ടങ്ങള്‍ കഴിഞ്ഞ് നിര്‍ണ്ണായകമായ വിലയിരുത്തല്‍ ഘട്ടത്തിലാണ് ഇന്ന് എം.എം.ആര്‍.സി.എ കരാര്‍ എത്തി നില്‍ക്കുന്നത്. മേല്‍ പറഞ്ഞ മൂന്ന് പരീക്ഷണ ഘട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ എതൊക്കെ വിമാനങ്ങളാണോ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈ ഘട്ടത്തിലാണ് തീരുമാനമാകുക.

നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയതോടെ കരാറിന് പുതിയ വീറും വാശിയും കൈവന്നിരിക്കുകയാണ് ഇന്ന്. പല വിമാനകമ്പനികളും അവകാശ വാദങ്ങളുമയി രംഗത്തെത്തി തുടങ്ങി. പരീക്ഷണ ഘട്ടങ്ങളെയെല്ലാം തരണം ചെയ്ത് തങ്ങളുടെ വിമാനം അന്തിമകരാറിനായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി വിമാനകമ്പനികള്‍ പ്രസ്താവനകള്‍ ഇറക്കി.

എന്നാല്‍ എതിരാളികള്‍ അവകാശവാദങ്ങള്‍ നിഷേധിച്ചും രംഗത്ത് സജീവമായി. ഓണ്‍ലൈന്‍ വോട്ടിങ്ങുകളുമായി നിരവധി വെബ് സൈറ്റുകളും ഇന്ന് ഈ രംഗത്ത് സജീവമായിക്കഴിഞ്ഞു. എതൊക്കെ വിമാനങ്ങള്‍ പരീക്ഷണ ഘട്ടങ്ങളില്‍ പിന്നാക്കം പോയി, ഏതൊക്കെ പരീക്ഷണങ്ങളെയൊക്കെ അതി ജീവിച്ചു എന്ന കാര്യങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങളില്‍  വാതുവയ്പ്പുകള്‍ തുടങ്ങി.

ചുരുക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് മുന്‍മ്പൊരു കരാറുകള്‍ക്കും ലഭിച്ചിട്ടില്ലാത്ത പ്രചാരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതെന്തായാലും അന്തിമ കരാറിനായി ഏത് കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. അതല്ല ഒന്നിലേറെ പങ്കാളികള്‍ അവസാനത്തെ സാമ്പത്തിക ബിഡ്ഡിനുള്ള ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ തുടങ്ങി ഒരു കാര്യത്തിലും ഇതുവരെയായിട്ടും വ്യക്തമായ ഒരു മറുപടി കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടില്ല.

അതിനാല്‍ത്തന്നെ കരാറിനെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ക്കൊന്നും ഇവിടെ അടിസ്ഥാനമില്ല. പ്രതിരോധ മന്ത്രാലയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇത്തരം അവകാശവാദങ്ങള്‍ തുടരുകയും ചെയ്യും.

(തുടരും..)

അടുത്ത ലക്കം:  ഓരോ വിമാനങ്ങളും ഇനം തിരിച്ച് സമഗ്രമായ വിലയിരുത്തല്‍

( ലേഖകന്‍റെ മൊബൈല്‍ +91 9496850793, ബ്ലോഗ് http://pudayoors.blogspot.com )

കഴിഞ്ഞ ലക്കങ്ങള്‍ വായിക്കാം

എം.എം.ആര്‍.സി.എ അഥവാ ആയുധ ഇടപാടുകളുടെ മാതാവ്

ആ­ഗോ­ള ഭീ­മന്‍­മാ­രു­ടെ താ­ല്‍­പ­ര്യ­ങ്ങ­ള്‍

‘അതിരുകാക്കാന്‍ അതിരില്ലാ വ്യാപാരം’

2 Responses to “MMRC കരാര്‍ നടപടിക്രമങ്ങള്‍”

  1. sree

    gud stry… n vl placed. keepup

  2. nihdin

    nice one

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.