റഷീദ് പുന്നശ്ശേരി

ഷാര്‍ജയില്‍ പോയപ്പോള്‍ ഞാന്‍ മനാഫ് കേച്ചേരിയെന്ന എഴുത്തുകാരനെ പരിചയപ്പെട്ടു. ഷാര്‍ജയിലെ ഷെയ്ക്കിന്റെ അടുക്കളയില്‍ ബിരിയാണി പാചകം ചെയ്യുകയായിരിക്കും ഒരു പക്ഷേ അയാളിപ്പോള്‍. ആളൊരു കുശിനിക്കാരനാണ്. ഭാഗ്യവശാല്‍ ഷെയ്ക്ക് മനുഷ്യത്വമുള്ള ആളാണ്.

ലീവ് ദിവസങ്ങളിലാണ് മനാഫിന്റെ സാഹിത്യപ്രവര്‍ത്തനം. അയാളുടെ ഒരു കഥാ പുസ്തകം ഞാന്‍ വായിച്ചു. അമ്പരന്നുപോയി. ഗംഭീരകഥകള്‍. മനാഫിന്റെ ആദ്യ പുസ്തകമായിരുന്നു അത്. അടുക്കളയില്‍ നിന്ന് ചട്ടുകമെടുത്ത് ഇളക്കുകയും മറിക്കുകയുമൊക്കെ ചെയ്യുന്ന കൈകള്‍ കൊണ്ടെഴുതിയ കഥകള്‍. മടിയോടെയാണെങ്കിലും അഭിപ്രായമറിയിക്കാന്‍ വന്ന മനാഫിനോട് ഞാന്‍ ചോദിച്ചു?

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’
അതെ
‘മനാഫ് അത്ഭുതകരമായിരിക്കുന്നു. ഭാഷ, ആശയം, ശൈലി എന്നെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.’

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തന്റെ എഴുത്തിന്റെ 60-ാം വാര്‍ഷികാഘോഷ വേളയില്‍ പ്രശസ്ത കഥാകാരന്‍ ടി പത്മനാഭന്‍ പറഞ്ഞ വാക്കുകളാണിത്. മനാഫ് കേച്ചേരിയെന്ന കഥാകൃത്തിന് ഈ വാക്കുകള്‍ ‘ബുക്കര്‍’ സമ്മാനത്തേക്കാള്‍ വിലയേറിയതാണ്. ഷാര്‍ജ എയര്‍പോര്‍ട്ട് റോഡിലെ അലി ഒംറാന്‍ തരീം അല്‍ ശംസിയുടെ വീട്ടില്‍ അടുക്കളയിലെത്തുമ്പോള്‍ മനാഫ് കേച്ചേരി ഇഫ്താറിന് വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ്.

ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ ജോലിയാണ്. ഇഫ്താറിന് ഇനി നിമിഷങ്ങള്‍ മാത്രം. അതിന് മുന്നേ ഭക്ഷണ സാധനങ്ങള്‍ പലര്‍ക്കുമെത്തിക്കണം. അപ്പോഴേക്കും ബാങ്ക് കൊടുത്തു. പണികള്‍ തല്‍ക്കാലമവസാനിപ്പിച്ച് ഈത്തപ്പഴവും വെള്ളവുമെടുത്ത് ഇഫ്താറിലേക്ക്. ഇനി കഷ്ടിച്ച് രണ്ട് മണിക്കൂര്‍ വിശ്രമം. അത് കഴിഞ്ഞാല്‍ നേരം പുലരുവോളം അടുക്കളയില്‍ പണിയാകും. മനാഫിന്റെ നോമ്പുകാലം ഇങ്ങനെയാണ്.

ഇതിനിടയില്‍ എപ്പോഴാണ് കഥകളെഴുതുക? എങ്ങനെയാണ് ആശയങ്ങളുണ്ടാകുക? ഏറെ ‘വിലപ്പെട്ട’ വിശ്രമവേളയില്‍ അയാള്‍ സംസാരിച്ചു. തന്റെ ജീവിതത്തെക്കുറിച്ച്, കഥകളെക്കുറിച്ച്, കഥാകാരനായ കഥയും. പലപ്പോഴായി എഴുതിയ 15 കഥകളുടെ സമാഹാരമായ ‘ശീര്‍ഷകം എന്തായിരിക്കും’ എന്ന കൃതി ജ്യേഷ്ഠ സഹോദരന് സമര്‍പ്പിച്ചുകൊണ്ടെഴുതിയ വരികളില്‍ മനാഫിന്റെ ദാരിദ്രം മുറ്റിയ ബാല്യകാലം വിവരിച്ചിട്ടുണ്ട്.

‘ദാരിദ്രം കുടിയേറിപ്പാര്‍ത്ത ഒരു മണ്‍ കുടിലിലായിരുന്നു മനാഫിന്റെ ജനനം. ദാരിദ്രം വരിഞ്ഞുമുറുകിയ ഞങ്ങളുടെ കുടിലില്‍ സ്നേഹവും വാത്സല്യവും ആവോളമുള്ളതിന് തെളിവായിരുന്നു പറക്കമുറ്റാത്ത ആറ് മക്കള്‍. 17 വര്‍ഷത്തെ ദാമ്പത്യം. ഉപ്പ അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപോയി. അന്നത്തിനായി പൊരിഞ്ഞ് കരയുന്ന ആറ് മക്കളെ ചേര്‍ത്ത് കിടത്തി ഗദ്ഗദമൊതുക്കി ഉമ്മ പാടി.

‘അപ്പനിപ്പോള്‍ വരുമല്ലോ
ഉറങ്ങല്ലേ മക്കളേ
അല്ലലെല്ലാം തീരുമെന്റെ
കരളിന്റെ പൂക്കളേ…
ഉമ്മയുടെ പാട്ടിന്റെ അനുപല്ലവിയെന്നോണം 10-ാം ക്ളാസുകാരനായ ജ്യേഷ്ഠന്റെ സ്വന്തം പാഠപുസ്തകങ്ങള്‍ തൂക്കി വിറ്റ് ചാക്കുവേട്ടന്റെ കടയില്‍ നിന്നും വാങ്ങിയ റേഷന്‍ സാധനങ്ങള്‍…’
‘റബ്ബേ എന്റെ മക്കളെ കര കയറ്റണേ’

ഉമ്മയുടെ പ്രാര്‍ഥനയുടെ ഫലമാകണം, 19-ാം വയസില്‍ ജ്യേഷ്ഠന് അബൂദാബിയില്‍ ഒരറബി വീട്ടില്‍ പാചകക്കാരനായി ജോലി കിട്ടി. അറബിയുടെ അടുക്കളയില്‍ ജ്യേഷ്ഠന്‍ വെന്തുരുകുമ്പോഴും സഹോദരങ്ങളെ നന്നായി പഠിപ്പിച്ച് വലിയവരാക്കണമെന്ന ചിന്ത മാത്രമായിരുന്നു. പക്ഷെ ഞങ്ങള്‍ ഇക്കയുടെ കഷ്ടപ്പാടിന്റെ വിലയറിയാതെ ഉഴപ്പി നടന്നു.

അറവുകാരന്‍ ബക്കര്‍ക്കയുടെ കശുമാവിന്‍ തോപ്പില്‍ ചീട്ടുകളിക്കാര്‍ക്ക് ചായയും ബീഡിയും വാങ്ങിക്കൊടുത്തും മണ്ണാന്‍ കുഴിയില്‍ മീന്‍ പിടിക്കാന്‍ നടന്നും വീട്ടിലെ മിണ്ടാപ്രാണികളെ പരിപാലിച്ചും നടന്നു. അക്ഷരങ്ങള്‍ പഠിച്ച് മുന്നേറാന്‍ മടി കാണിച്ചതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.

അങ്ങിനെയാണ് ‘കഥാപുരുഷന്‍’ അടുക്കളക്കാരനാകുന്നത്. നാല്വര്‍ഷത്തെ സഊദി വാസത്തിന് ശേഷം 11 വര്‍ഷം മുമ്പ് യു എ ഇയിലെത്തുമ്പോള്‍ മനാഫ് ഇരുത്തംവന്ന ഒരടുക്കളക്കാരന്‍ മാത്രമായിരുന്നു. പത്രമോ, പുസ്തകങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ കടന്നുചെല്ലാന്‍ മടിച്ച അടുക്കളയില്‍ യു എ ക്യു റേഡിയോയും റേഡിയോ ഏഷ്യയുമായിരുന്നു ആശ്വാസം. അങ്ങിനെ അകത്തുകടന്ന് വിങ്ങിയ ദാരിദ്രത്തിന്റെ കഥകള്‍ റേഡിയോയിലൂടെ പങ്കുവെക്കപ്പെട്ടു.

നിരവധി പ്രതികരണങ്ങളുണ്ടായി. എഴുതിക്കൂടെ എന്ന ചോദ്യമുണ്ടായി. എഴുതാം. പക്ഷെ ഒരു പ്രശ്നമുണ്ട്. താനെഴുതിയത് മറ്റുള്ളവര്‍ എങ്ങനെ വായിക്കും. കൈയക്ഷരം അത്ര വൃത്തിയുള്ളതാണ്. തന്റെ ഭാര്യ ആമിനയെപ്പോലെ അപൂര്‍വം ചിലര്‍ക്കുമാത്രമേ അതിലെ പല ‘ലിപി’കളും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂവെന്ന് മനാഫ് പറയുന്നു. അന്നേ ദിവസം തന്നെ വഴി കണ്ടെത്തി. കഥകളെഴുതി ഭാര്യക്കയക്കും. ഭാര്യ അത് ‘മലയാളത്തിലേക്ക്’ ട്രാന്‍സലേറ്റ് ചെയ്ത് ഭംഗിയാക്കി തിരിച്ചയക്കും.

പഠിക്കാതിരുന്നതിന്റെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ മനാഫിന്റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം. വാസ്തവത്തില്‍ മനാഫ് കഥകള്‍ എഴുതുകയല്ല. കഥകള്‍ പാകപ്പെടുത്തുകയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം കിട്ടുന്ന ആശയങ്ങള്‍ തുണ്ടുകടലാസില്‍ കുറിച്ചിടും. രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ടേബിള്‍ ലാമ്പിന്റെ കുഞ്ഞുവെട്ടത്തിലിരുന്ന് കടലാസിലേക്കവ പകര്‍ത്തും. ആദ്യകഥ യു എ ക്യു റേഡിയോയില്‍ പ്രക്ഷേപണം ചെയ്തതോടെ മനാഫ് ശ്രദ്ധേയനായി.

‘പതിനേഴുകാരന്റെ വിഷുക്കണി’യെന്ന കഥയില്‍ നിന്നും അമ്മയുടെ തലയറുത്ത് വിഷുക്കണി വെച്ച മകനെക്കുറിച്ചെഴുതിയത് ഏറെ വിമര്‍ശിക്കപ്പെട്ടു. അതോടെ കഥയും കഥാകൃത്തും പ്രശസ്തനായി. പിന്നീട് യു എ ഇയിലെ എഴുത്തുകാരില്‍ മിക്കവരുമായി സൌഹൃദത്തിലായി. മനാഫിന്റെ വെള്ളിയാഴ്ചകള്‍ സാഹിത്യ സദസുകള്‍ തേടിയുള്ള യാത്രയായി മാറി. ചങ്ങാതിക്കൂട്ടം, ഭാവന, പാം പബ്ളിക്കേഷന്‍സ്, അക്ഷരക്കൂട്ടം അങ്ങിനെ ചെറുതും വലുതുമായ സംഘടനകളില്‍ അംഗത്വം. സുഹൃത്തുക്കളില്‍ നിന്നും നിര്‍ലോഭ പ്രോത്സാഹനം മനാഫിന് കൂടുതലെഴുതാന്‍ പ്രേരകമായി.കൂട്ടുകാരാണിപ്പോള്‍ കഥകള്‍ പകര്‍ത്തിയെഴുതി നല്‍കുന്നത്.

യു എ ഇയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിലാര്‍ക്കും ഏത് പാതി രാത്രിയിലും മനാഫിന്റെ വിളി പ്രതീക്ഷിക്കാം. തനിക്കജ്ഞാതമായ ഏതെങ്കിലുമൊരു വാക്കിന്റെ പൊരുള്‍ തേടിയായിരിക്കാമത്, എന്തെങ്കിലുമൊരു സംശയമാവാം. യു എ ക്യു റേഡിയോ ഡയറക്ടറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ പി കെ വെങ്ങരയെ പാതിരാവില്‍ വിളിച്ച് നീലക്കുറുഞ്ഞിയുടെ കഥയന്വേഷിച്ചു മനാഫ്. വ്യാഴവട്ടത്തിലൊരിക്കല്‍ വിരിയുന്ന പുവാണ് നീലക്കുറുഞ്ഞിയെന്ന് കെ പി കെ. അപ്പോള്‍ ‘വ്യാഴവട്ടമെന്നാല്‍’ എന്താണെന്നായി സംശയം.

പിന്നീട് അരമണിക്കൂര്‍ ഉറക്കമിളച്ചിരുന്ന് കെ പി കെ തനിക്ക് ക്ളാസെടുത്തുവെന്ന് പറയുമ്പോള്‍ മനാഫ് തമാശ പറയുകയല്ല, അറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിക്കാന്‍ മടിയില്ലെന്നും തന്റെ കഴിവും കഴിവുകേടും എന്താണെന്ന് നല്ല ബോധ്യമുണ്ടെന്നും പറയുമ്പോള്‍ കഥാകാരന്‍ അടുക്കളക്കാരന്റെ എളിമയും വിനയവുമുള്ള നാട്ടുമ്പുറത്തുകാരനായി മാറുന്നു. ശീര്‍ഷകം എന്തായിരിക്കണമെന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന് പ്രശസ്ത നിരൂപകന്‍ ഡോ. പ്രിയദര്‍ശന്‍ലാല്‍ എഴുതിയ പഠനത്തില്‍ ഇങ്ങനെ കാണാം.

‘ഒരു കഥയെഴുതണമെങ്കില്‍ എന്തൊക്കെ വേണമെന്ന് മനാഫിനറിയാം. ആരും പറയാത്ത പ്രമേയം വേണം. പുതുമയുള്ള ക്രാഫ്റ്റായിരിക്കണം, ഭാഷ കാവ്യാത്മകമായിരിക്കണം, വാക്കുകള്‍ക്ക് മൂര്‍ച്ച വേണം, വായനാ സുഖം വേണം, എല്ലാറ്റിനും പുറമെ സമൂഹത്തിന് സന്ദേശമുണ്ടായിരിക്കണം. എന്നാല്‍ ഇവയെല്ലാത്തിനുമുപരി ആത്മാര്‍ഥത വേണമെന്ന് അദ്ദേഹം രചനയിലൂടെ ഉദാഹരിക്കുന്നു. തന്റെ കാഴ്ചപ്പാടില്‍ കഥ എങ്ങനെയായിരിക്കണമെന്ന് കാട്ടിത്തരികയാണ് മനാഫ് കേച്ചേരിയുടെ ലക്ഷ്യം.’

ഒരു കാലത്ത് വ്യാഴാഴ്ചകളില്‍ ഇറച്ചിവെന്തമണം മൂക്കില്‍ വലിക്കാന്‍ വേണ്ടി മാത്രം ഗ്രാമത്തിലെ അഹമൂട്ടിക്കായുടെ വീട്ടിനടുത്ത് ചെന്നിരുന്ന ബാല്യത്തില്‍ നിന്ന് ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള മാംസവും പാകം ചെയ്യാനും കഴിക്കാനും വിധിക്കപ്പെട്ട ജീവിതത്തിലേക്ക് വളര്‍ന്നപ്പോള്‍ മനാഫ് മനസിലാക്കിയ ഒരു സത്യമുണ്ട്. പാതിവഴിയിലുപേക്ഷിച്ച പഠനം വലിയൊരു നഷ്ടം തന്നെയായിരുന്നെന്ന്.  ഒരു കാലത്ത് കഥകള്‍ പറഞ്ഞാണറിഞ്ഞിരുന്നത്.

പിന്നീടത് ലിപികളായി. ലിപികളില്ലാത്ത ലോകത്ത് നിന്നൊരാള്‍ ‘പഠിച്ചു വളര്‍ന്ന’വരോട് കഥ പറയുകയാണ്. അതും അടുക്കളയുടെ ‘ഇട്ടാവട്ട’ത്തിലെ തീന്‍ മേശയിലിരുന്നുകൊണ്ടും. ഒന്നോര്‍ത്തുനോക്കൂ. ഒരു കണക്കിന് നമ്മളെല്ലാം ആദ്യകഥ കേട്ടതും അടുക്കളയിലെ കുശിനിപ്പണിക്കിടയില്‍ അമ്മയുടെ നാവില്‍ നിന്നായിരുന്നില്ലേ…

മരുഭൂമിയില്‍ ജീവിതം തുടങ്ങിയതോടെ ഒന്നിനും സമയമില്ലാതായെന്നും അതോടെ സര്‍ഗ രചനകള്‍ അവസാനിച്ചുവെന്നും പരിതപിക്കുന്നവര്‍ക്ക് മുന്നില്‍ മനാഫ് ഒരു പാഠപുസ്തകമാണ്. 2004 ലെ അറേബ്യ ചെറുകഥാ അവാര്‍ഡ്, 2007 ലും 2008 ലും മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ആലുംനി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന്റെ കുഞ്ഞുമുറിയുടെ അലങ്കാരമായത് എഴുത്തിനോടുള്ള ആത്മാര്‍പ്പണത്തിന് കിട്ടിയ അംഗീകാരം തന്നെയാണ്.