പ്രണയിക്കുന്നത് പാപമല്ല. കമിതാക്കള്‍ പാപികളുമല്ല. ജാതിയും മതവും ദേശയും ഭാഷയും ഒന്നും പ്രണയത്തിനൊരു തടസ്സമല്ല. പിന്നെന്തിനാണ് മാനം കാക്കല്‍ കൊലപാതകങ്ങളും ഭീഷണിപ്പെടുത്തലുകളുമെല്ലാം.

എന്തിനും സംരക്ഷണമുള്ള കാലമാണല്ലോ ഇത്. കമിതാക്കള്‍ക്കും വേണ്ടേ സംരംക്ഷണം നല്‍കാന്‍ ആരെങ്കിലും. ഈ ചിന്തകള്‍ തോന്നിയത് എനിക്കല്ല. ഇംഗ്ലീഷ് പത്രമായ ‘ഇന്‍ഡിനോ’യുടെ എഡിറ്റര്‍ സഞ്ജയ് സജ്‌ദേവാണ് ഈ പുതിയ സംരംഭവുമായി മുന്നോട്ട് വന്നത്. ലവ്വ് കമാന്‍ഡോസ് എന്ന പേരില്‍ സഞ്ജയ് നടത്തുന്ന പ്രസ്ഥാനത്തിലൂടെ ജീവിതമാരംഭിക്കുന്നവര്‍ ഒരുപാടാണ്.

എതാണ്ട് ഒന്‍പതു വര്‍ഷം മുന്‍പ് വാലന്റൈന്‍സ് ഡേയില്‍ ഹിന്ദു യാഥാസ്ഥിതികരുടെ പ്രവൃത്തികളാണ്‌  ഇതിനിവര്‍ക്ക് പ്രചോദനമായത്. അന്ന് വിരല്‍ത്തുമ്പുകള്‍ ചേര്‍ത്തുപിടിച്ച് പ്രണയദിനം ആഘോഷിച്ചവരെ നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചു.

വേറൊരു കമിതാക്കളെ നിര്‍ബന്ധിച്ച് സഹോദരീ സഹോദരന്‍ മാരാക്കി. ദല്‍ഹിയിലെ ആന്തോളന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ  മല്‍ഹോത്രയുടേയും സജ്ഞയിയുടേയും കൂട്ടുകാരുമായുടേയും സംസാരങ്ങള്‍ ചെന്നെത്തിയത് ഈ വിഷയങ്ങളിലേക്കാണ്.

അന്ന് ഇത്തരം കപടസദാചാരവാദികളെ മുളകുപൊടിയുമായാണ് ഇവര്‍ നേരിട്ടത്‌ .
2010 ജൂലൈ 7നാണ്‌  ലവ് കമാന്‍ഡോസ് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യദിവസം തന്നെ 9000ഫോണ്‍കോളുകളാണ് സഞ്ജയിയെ തേടിവന്നത്. അന്നുമുതല്‍ സഞ്ജയുടെ ഫോണ്‍ ശബ്ദിക്കുന്നത് നിര്‍ത്തിയിട്ടില്ല.

രാത്രി പകലെന്നില്ലാതെ  ഇയാളുടെ ഫോണിലേക്ക് കോളുകള്‍ വരാന്‍ തുടങ്ങി. ഏറിവരുന്ന മാനം കാക്കല്‍ കൊലപാതകങ്ങള്‍ ഇവരെ കര്‍ത്തവ്യനിരതരാക്കി. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന കമിതാക്കളെ സഹായിക്കാന്‍ ഹെല്‍പ്പ് ലൈനുകളും തുടങ്ങി.

പലമേഖലയില്‍ നിന്നുള്ള 2000ത്തോളം ആളുകള്‍ ഇന്ന് ഇവരുടെ കൂടെയുണ്ട്. സഞ്ജയ് ജേണലിസ്റ്റും മല്‍ഹോത്ര ബിസിനസ്സുകാരനുമാണെങ്കില്‍ മറ്റുള്ളവരുടെ കൂട്ടത്തില്‍ വക്കീലും ഡോക്ടറും, കൂലിപ്പണിക്കാരുമെല്ലാമുണ്ട്.

ദല്‍ഹിയില്‍ തന്നെ ഇവര്‍ക്ക് 5 സെന്ററുകളുണ്ട്. പഞ്ചാബിലും മഹാരാഷ്ട്രയിലും ആന്ദ്രയിലും യുപിയിലുമെല്ലാം കേന്ദ്രങ്ങളുമുണ്ട്.

കമിതാക്കളാണെന്നറിയിച്ചയുടന്‍ വിവാഹം കഴിപ്പിക്കലല്ല ഇവരുടെ രീതി. ഒരാള്‍ സംരംക്ഷണം ആവശ്യപ്പെട്ട് വിളിച്ചാല്‍ ആദ്യം അവരെ കൗണിസില്‍ ചെയ്യും. അവരുടെ തീരുമാനം ദൃഢമാണെന്ന് തെളിഞ്ഞാല്‍ ലോക്കല്‍ പോലീസും കമാന്‍ഡോ വളണ്ടീയേഴ്‌സും വിവാഹം കഴിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യും.

ദല്‍ഹിയില്‍ 197 ദമ്പതികള്‍ ഇന്ന് ഇവരുടെ കാരുണ്യത്തില്‍ ജീവിക്കുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ ഏകദേശം 6,000പേരുടെ വിവാഹം ഇവരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്.

പ്രണയിക്കുന്നവരുടെ കൂടെ ഇനിയും ഇവരുണ്ടാകും, സംരക്ഷകരായി, രക്ഷിതാക്കളായി…..