ന്യൂദല്‍ഹി: ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ കീഴിലുള്ള ഇന്ധനവില നിര്‍ണയ മന്ത്രിതല സമിതി ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ജൂണ്‍ 9-ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡീസല്‍ വില ലിറ്ററിന് രണ്ടു മുതല്‍ മൂന്ന് രൂപാ വരെയും പാചക വാതക വില സിലിണ്ടറിന് 34 രൂപയുമാണ് വര്‍ധിപ്പിക്കുക. ഡീസലിന്റെ വില വര്‍ധിപ്പിക്കുന്നത് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ടാക്കും.

കേന്ദ്ര സര്‍ക്കാര്‍ മെയ് 15-ന് പെട്രോളിന്റെ വില 5 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ വില നേരത്തെ തന്നെ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉസാമ ബിന്‍ ലാദന്റെ വധത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ ആഗോള വിലയില്‍ മാറ്റം ഉണ്ടാകുമോ എന്ന് കേന്ദ്ര മന്ത്രാലയം നിരീക്ഷിക്കുകയായിരുന്നു. സാധാരണക്കാരന്റെ ഇന്ധനമായ മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.