മന:പാഠമാണെല്ലാര്‍ക്കും, രണ്ടുമാസത്തിലേറെക്കാലം ഭൂമിക്കടിയില്‍പ്പെട്ടുപോയ തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്ത ചിലിയന്‍ ഖനി മന്ത്രിയുടെ പേര്. വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തിയവരില്‍ ഒന്നാമന്റെ പേരും ഹൃദിസ്ഥം.

ഭൂമിക്കടിയില്‍ ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തില്‍ കിടന്ന് പിടയുകയായിരുന്നവരെ ഏത് വിധേനയും രക്ഷപ്പെടുത്തുനായി ചിലിയന്‍ സര്‍ക്കാര്‍ മുട്ടാത്ത വാതിലുകളില്ല, ചെയ്യാത്ത പണികളില്ല. അതുകൊണ്ടു തന്നെ ഊണും ഉറക്കവുമൊഴിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചിലിയന്‍ ഖനി മന്ത്രി സര്‍വ്വരുടെ പ്രശംസയും നേടി.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന മറ്റൊരു വാര്‍ത്തയിലെ നായികയെ എത്ര പെട്ടെന്നാണ് നാം ഇന്ത്യക്കാര്‍ വിസ്മരിച്ചു കളഞ്ഞത്? ഭൂമിക്കടിയിലല്ല, ദോഹാവിമാനത്താവളത്തിന്റെ എയര്‍ക്കണ്ടീഷന്റെ നടുക്കും ആധി പിടിച്ച് തീ തിന്ന് ചത്തുപോയ ആ ദക്ഷിണേന്ത്യക്കാരി തിരുവനന്തപുരത്തേക്കായിരുന്നു എന്ന് പത്രങ്ങള്‍.

അവരെ രക്ഷപ്പെടുത്താന്‍ ഫീനിക്‌സ് പേടകം പോലുള്ള ചെലവേറിയ സാങ്കേതിക വിദ്യയുടെ ആവശ്യമുണ്ടായിരുന്നില്ല. ഒരു മന്ത്രിയുടെയും ഉറക്കൊഴിഞ്ഞുള്ള മേല്‍നോട്ടം വേണ്ടിയിരുന്നില്ല. പകരം ഒന്നുമാത്രം: തിന്നുകൊഴുത്ത് ചീര്‍ത്ത് തടിയനങ്ങാനാവാത്ത വിദേശ കാര്യവകുപ്പിലെ കുടവയറന്മാരുടെ നടുപ്പുറം നോക്കി ചാട്ടവാര്‍ വീശാനുള്ള ഇച്ഛാശക്തി.

ഇന്ത്യന്‍ എംബസ്സി എന്നും പറഞ്ഞ് പല്ലിട കുത്തി മണത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥപ്പരിഷകളുണ്ടല്ലോ, എവിടെയായിരുന്നു അവര്‍, ഒരു പാവം സാധാരണ ഇന്ത്യക്കാരി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് തിരിച്ചയക്കപ്പെട്ടപ്പോള്‍? ദിവസങ്ങളോളം വിമാനത്താവളത്തില്‍ കുടുങ്ങി നടുങ്ങിപോയ അവരെ ഒന്നു തിരിഞ്ഞുനോക്കാന്‍പോലുമാവാതെ എന്തെടുക്കുയായിരുന്നു ആ വെള്ളാനകള്‍?

അവരെ മേയ്ക്കാനായി നമുക്കുണ്ടല്ലോ ഒരു പ്രവാസി മന്ത്രി? വിമാനത്താവളത്തിലെ അനാഥത്വം വരുത്തിവെച്ച രക്തസമ്മര്‍ദ്ധക്കൂടുതല്‍ കാരണം മരണമടഞ്ഞ ഈ ഹതഭാഗ്യയെപോലുള്ളവര്‍ ആരാന്റെ നാട്ടില്‍ ആട്ടും തുപ്പും സഹിച്ച് നാട്ടിലേക്കയക്കുന്ന കാശും കൂടി ചേര്‍ന്നാണല്ലോ ഈ മന്ത്രിക്ക് മുടങ്ങാതെ ശമ്പളവും യാത്രാപ്പടിയുമായി തീരുന്നത് !

സ്വന്തം വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസ്സെടുക്കാന്‍ വകുപ്പില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം കൃത്യ വിലോപത്തിനെങ്കിലും നടപടിയില്ലാതായതെന്തേ?
ചിലിയിലെ ഖനി മന്ത്രിയും ഇന്ത്യയിലെ പ്രവാസി മന്ത്രിയും- ചേര്‍ത്തുവെക്കേണ്ട ചിത്രങ്ങള്‍ തന്നെ, സംശയമില്ല.

കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം