Administrator
Administrator
അയോധ്യ: അപ്രായോഗിക വിധി- സഫര്‍യാബ് ജിലാനി
Administrator
Friday 1st October 2010 10:14pm

ബാബറി മസ്ജിദ് വിധി വന്നു. സുപ്രിംകോടതിയില്‍ ഇനിയെങ്ങിനെ കേസ് നടപടികളുണ്ടാകുമെന്നാണ് എല്ലാവരും കണ്ണുംനട്ടിരിക്കുന്നത്. സുന്നി കേന്ദ്ര വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനിക്ക് വ്യാഴാഴ്ച ഏറ്റവും നിരാശാജനകമായ ദിനമായിരുന്നു. എന്നാലും സമുദായത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. സുപ്രിം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്. രണ്ടു പതിറ്റാണ്ടായി ബാബരി കേസ് വാദിക്കുകയാണ് ജിലാനി.

അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള തര്‍ക്ക ഭൂമി ഭാഗിച്ചു നല്‍കുകയെന്ന ഫോര്‍മുല തങ്ങള്‍ അംഗീകരിക്കില്ലെന്നും സുപ്രിംകോടതിക്കു മാത്രമേ തീര്‍പ്പുകല്‍പ്പിക്കാനാവൂവെന്നും അദ്ദേഹം പറയുന്നു. റഡിഫ്‌ന്യൂസ് പ്രതിനിധി വിക്കി നഞ്ചപ്പ സഫരിയാബ് ജീലാനിയുമായി സംസാരിക്കുന്നു.

വിധിയില്‍ താങ്കള്‍ നിരാശനാണോ?

തീര്‍ച്ചയായും. വിധി ഒരു പരിധി വരെ നിരാശാജനകമാണ്. പ്രതീക്ഷിച്ചതു പോലെയുള്ള വിധിയായിരുന്നില്ല കോടതിയുടേത്. വിഷയത്തില്‍ മുസ്‌ലിം സമുദായം സമര്‍പ്പിച്ച തെളിവുകള്‍ക്കും നിയമവ്യവസ്ഥയുടെ പെരുമാറ്റസംഹിതയ്ക്കും പുറത്തുള്ള ഒരു വിധിയാണ് വ്യാഴാഴ്ച പ്രസ്താവിച്ചത്.

അടുത്ത് എന്തു ചെയ്യാനാണ് പദ്ധതി ?

എല്ലാവരോടും സമാധാനത്തോടെയിരിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇനിയും ഒരവസരം സുപ്രിംകോടതിയില്‍ ഉണ്ടെന്നിരിക്കെ ആരും സംയമനം വിട്ടു പ്രവര്‍ത്തിക്കരുത്. വിധി ഞങ്ങള്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. അതിനുശേഷം അപ്പീല്‍ ഫയല്‍ ചെയ്യും. മൂന്നു മാസം നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടി ഉത്തരവുള്ളതിനാല്‍ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രിം കോടതിയില്‍ ധൃതിപ്പെട്ട് ഹരജി നല്‍കേണ്ടതുമില്ല.

കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പിന് സാഹചര്യം ഉണ്ടായപ്പോള്‍ അത് നിരാകരിച്ചതില്‍ ഇപ്പോള്‍ നിരാശയുണ്ടോ? വിധിയുടെ പശ്ചാത്തലത്തില്‍ അതായിരുന്നു കുറച്ചുകൂടെ നല്ലതെന്ന് താങ്ങള്‍ക്ക് തോന്നുന്നില്ലേ?

തീര്‍ച്ചയായും ഇല്ല. അതില്‍ എനിക്കൊരു തരിപോലു പശ്ചാതാപവുമില്ല. ഇത് നിയമ പ്രക്രിയയിലൂടെ തന്നെയാണ് തീരേണ്ടത്. കേസ് ഇങ്ങനെ പരിണമിച്ചതില്‍ സന്തോഷമുണ്ട്. ഒരു കാലത്ത് ഈ കേസുമായി മുന്നോട്ട് പോകാന്‍ വളരെ പ്രയാസം നേരിട്ട ഒരു സമയമുണ്ടായിരുന്നു. എന്നെങ്കിലും വിധി പുറത്തു വരുമോ എന്നു തന്നെ സംശയിച്ചിരുന്നു. ആ അവസ്ഥ ഇപ്പോള്‍ മാറിയിരിക്കുന്നു. അടുത്ത യുദ്ധം സുപ്രിംകോടതിയിലാണ്.

സുപ്രിംകോടതിയില്‍ പോകാനുള്ള സമയം നിശ്ചയിച്ചിട്ടുണ്ടോ?

അത് ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ചില തയ്യാറെടുപ്പുകള്‍ ഇനിയും ചെയ്യാനുണ്ട് എന്നിട്ടുമാത്രമേ സുപ്രിംകോടതിയില്‍ പോവുകയുള്ളൂ. അതെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനായി അടുത്താഴ്ച യോഗം ചേരാനിരിക്കുകയാണ്. ഒന്നിനും ധൃതി ആഗ്രഹിക്കുന്നില്ല.

മൂന്നു കക്ഷികള്‍ക്കും കൂടി മൂന്നില്‍ ഒരുഭാഗം വീതിച്ചു നല്‍കാനാണ് കോടതി പറഞ്ഞത്. മറ്റു ഇരുവിഭാഗങ്ങള്‍തമ്മിലുള്ള തര്‍ക്കത്തിന് വിധി താല്‍ക്കാലിക ശമനമാവുമോ?

ഇല്ല. ഇതൊരു പ്രായോഗികമായ പരിഹാരമല്ല. അങ്ങിനെയായിരുന്നെങ്കില്‍ അത് വളരെ പണ്ടേ ആവാമായിരുന്നു. ഒരു വിഭാഗം ജയിക്കുമ്പോള്‍ ഒരു വിഭാഗം തോല്‍ക്കും. പ്രശ്‌നത്തില്‍ ഒരു അന്തിമ പരിഹാരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പള്ളി അടിയറവു വയ്ക്കാന്‍ ഞങ്ങളോടു പറയരുതായിരുന്നു. ഞങ്ങള്‍ സംസാരിക്കാന്‍ തയ്യാറാണ്. പക്ഷേ ഞങ്ങളോട് പള്ളി വിട്ടുകൊടുക്കാന്‍ പറയുന്നത് നിയമത്തിന്റെ ഭാഗത്തുനിന്നുള്ള ശരിയായ ഇടപെടലല്ല. ഇക്കാര്യം ഒരിക്കല്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനു മുന്നില്‍ വന്നതാണ്. അന്ന് ആവശ്യം തള്ളിക്കളഞ്ഞു. പള്ളി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നതാണ് ഞങ്ങളുടെ കേസ് തന്നെ. വഖ്ഫ് ഭൂമിയായതിനാല്‍ പള്ളി മറ്റൊരാവശ്യത്തിനും വിട്ടുകൊടുക്കുന്നത് ശരിഅത്ത് പ്രകാരം പാടില്ല താനും.

ചിലര്‍ വിധിയെ പഞ്ചയാത്ത് സ്റ്റൈലിലുള്ള വിധിയെന്നു പറയുന്നു. താങ്കള്‍ക്കും അങ്ങിനെയൊരു അഭിപ്രായമുണ്ടോ?

ഞാന്‍ അത്തരം വാക്കുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത് നീതിന്യായ വ്യവസ്ഥയെ ഇകഴ്ത്തുന്നതാവും. എല്ലാ കക്ഷികളെയും സന്തോഷപ്പെടുത്താന്‍ കോടതി ശ്രമിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. എല്ലാത്തിലും അന്തിമമായ ഒരു വിധിയുണ്ടാവണം. അതുണ്ടായില്ല എന്നതില്‍ ഞങ്ങള്‍ക്ക് അപ്രീതിയുണ്ട്. അതുകൊണ്ടാണ് സുപ്രിംകോടതി യില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.

വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിധി നിശ്ചയിച്ചത്. അതിനെ എങ്ങിനെ കാണുന്നു?

അങ്ങിനെയും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസത്തെ അടിസ്ഥാനമാക്കി കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്കാവില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത്തരം കേസുകളില്‍ കോടതിക്ക് വ്യക്തമായ തീര്‍പ്പുകല്‍പ്പിക്കാനാവും. അത് നമ്മള്‍ അംഗീകരിക്കണം.

മൊഴിമാറ്റം: സരിത കെ വേണു

Advertisement