Administrator
Administrator
അയ്യപ്പന്റെ ലഹരിപൂത്ത ജീവിതം
Administrator
Friday 22nd October 2010 4:13pm

ടി.സി രാജേഷ്

കവിത ഭ്രാന്തുപിടിപ്പിക്കുന്ന കാലത്തിനുമുമ്പാണ്‌ ഞാന്‍ ആദ്യമായി അയ്യപ്പണ്ണനെ കാണുന്നത്‌. തൊണ്ണൂറുകളുടെ ആദ്യം. തിരുവനന്തപുരത്ത്‌ പാളയത്തെ എസ്‌.സി.എ ഹോസ്‌റ്റലില്‍ താമസിച്ച രണ്ടുമാസക്കാലയളവില്‍. വെളുത്തു സുന്ദരനായ കുറിയ കുടിയന്‍.

മദ്യം മണക്കുന്ന വാക്കുകളുമായല്ലാതെ അയ്യപ്പണ്ണനെ കാണാനാകുമായിരുന്നില്ല. കവിയെന്നാല്‍ ഒ.എന്‍.വിയും സുഗതകുമാരിയും ഒക്കെ മാത്രമാണെന്നു ധരിച്ചുവശായ കാലമായിരുന്നു അത്‌. അതുകൊണ്ടുതന്നെ അയ്യപ്പനെന്ന കവിയെ ഞാനന്നു തിരിച്ചറിഞ്ഞില്ല. പോരാത്തതിന്‌ അന്നൊന്നും മദ്യപാനികളോട്‌ സൗഹൃദപ്പെടാന്‍ ഞാനൊരുക്കമല്ലായിരുന്നു.

പിന്നീടൊരിക്കല്‍ ‘രുദ്ര എന്ന കാമിനിക്ക്‌’ എന്ന കവിത ഇന്ത്യാടുഡേയുടെ വാര്‍ഷികപ്പതിപ്പില്‍ കണ്ടു, അയ്യപ്പന്റെ പേരില്‍. മനസ്സില്‍ പ്രണയം കൊടുമ്പിരികൊണ്ട നാളുകളിലൊന്നിലായിരുന്നു അത്‌. അങ്ങിനെ അയ്യപ്പന്റെ വരികള്‍ കടമെടുത്ത്‌ കൂട്ടുകാരിക്കൊരു കത്തെഴുതി.

”പൂവിലെ മഞ്ഞില്‍ പരാഗം ചാലിച്ച്‌ നെറ്റിയില്‍ ഞാനൊരു പൊട്ടുതൊടാം”.

പിന്നെ അയ്യപ്പന്‍ കാവ്യജ്വരത്തിലേക്ക്‌ ലഹരിയായി പെയ്‌തിറങ്ങി. അയ്യപ്പന്റെ കിട്ടാവുന്ന പുസ്‌തകങ്ങളെല്ലാം വാങ്ങിച്ചു വായിച്ചു. ഋഷഭത്തേയും ഗ്രീഷമത്തേയും അഗാധമായി സ്‌നേഹിക്കുന്നവയായിരുന്നു അയ്യപ്പന്റെ കവിതകള്‍.

പ്രണയവും മരണവും ലഹരിയായി നുരഞ്ഞുപൊന്തിയ കാവ്യശകലങ്ങള്‍. അനാഥനെങ്കിലും കവി അനാഥനല്ലെന്നു തിരിച്ചറിഞ്ഞത്‌ ആ വരികളിലൂടെയാണ്‌.

പിന്നെ തിരുവനന്തപുരത്ത്‌ സ്റ്റാച്യുവിലും പബ്ലിക്‌ ലൈബ്രറിയിലുമെല്ലാം വച്ച്‌ കണ്ടപ്പോഴൊന്നും പക്ഷേ, മിണ്ടാന്‍ തോന്നിയില്ല. ഭയമായിരുന്നു, മദ്യപാനിയോടുള്ള ഭയം. മുഖത്തേക്കു നോക്കുന്നവരെയെല്ലാം നിഷ്‌കളങ്കമായി പുഞ്ചിരിച്ചു കാണിക്കുമായിരുന്നു അയ്യപ്പണ്ണന്‍.

കുറേ വര്‍ഷത്തിനുശേഷം ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ കവി രാജന്‍ കൈലാസിന്റെ പുസ്‌തകപ്രകാശനത്തിന്‌ അയ്യപ്പണ്ണനെ വീണ്ടും കണ്ടു. അപ്പോഴേക്കും കവികുലവും മദ്യപാനസദസ്സുകളും എനിക്ക്‌ ഭയക്കാനുള്ളതല്ലാതായി മാറിയിരുന്നു.

പുസ്‌തകപ്രകാശനത്തിനുശേഷം ചാരുംമൂട്ടിലെ ബാര്‍ ഹോട്ടലില്‍ കവിയും ആര്‍ട്ടിസ്‌റ്റുമായ ബിജു കൊക്കാത്തോടിനും രാജന്‍ കൈലാസിനുമൊപ്പം കൂടി. മദ്യം തലക്കുപിടിച്ചുതുടങ്ങിയപ്പോള്‍ അയ്യപ്പണ്ണന്‍ പറഞ്ഞു.

”ഞാനൊരു കുടിയനായതുകൊണ്ടാണെടാ എനിക്കാരും പെണ്ണുതരാതിരുന്നത്‌…” അയ്യപ്പണ്ണന്റെ പതിവു പരിദേവനത്തിനപ്പുറമൊന്നും ആ വരികളില്‍ ഞാന്‍ കേട്ടില്ല.

പിന്നെയും അയ്യപ്പന്റെ വരികളെത്രയോ കണ്ടു. വായിച്ചു. അനുഭവിച്ചു. ഇന്നലെ ഉച്ചക്ക്‌ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്ന്‌ അയ്യപ്പണ്ണന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആ മുഖത്ത്‌ മണ്ണു പുരണ്ടിരുന്നു.

മരിക്കും മുമ്പ്‌ ചാരായത്തിനും പ്രണയത്തിനും ജീവിതത്തിനും അങ്ങിനെ എല്ലാ ലഹരിക്കും വേണ്ടി അയ്യപ്പണ്ണന്‍ മണ്ണിനെ ചുംബിച്ചു നന്ദി പറയുകയായിരുന്നുവോ….?

Advertisement