ഓം പ്രകാശ് എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മുത്തൂറ്റ്
പോള്‍ വധക്കേസാണ്. ഈ കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ ഓം
പ്രകാശെന്ന യുവാവും പൊതുശ്രദ്ധ നേടി. ക്വട്ടേഷന്‍ നേതാവായും
ക്രിമിനലായുമൊക്കെ അറിയപ്പെട്ട ഈ യുവാവ് ഇപ്പോള്‍
വെള്ളിത്തിരയിലെത്തുകയാണ്.
ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ മറന്ന് സിനിമയുടെ തിരക്കുകളിലേക്ക്
ഒതുങ്ങാനാഗ്രഹിക്കുകയാണ് ഓംപ്രകാശിപ്പോള്‍. “പകരം” എന്ന ചിത്രത്തിലൂടെ
അതിനുള്ള തുടക്കമിട്ടു കഴിഞ്ഞു. ആദ്യ സിനിമയെയും സിനിമപോലെ അപ്രതീക്ഷിത
സംഭവങ്ങള്‍ നിറഞ്ഞ ജീവിതത്തെയും കുറിച്ച് ഓം പ്രകാശ് ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണനോട് സംസാരിക്കുന്നു.
ഓം പ്രകാശ് എങ്ങനെയാണ് സിനിമയിലെത്തുന്നത്?
പകരം എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. അഭിനയിക്കാന്‍
താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീവല്ലഭന്‍
എന്നെ വന്ന് കണ്ടിരുന്നു. താല്‍പര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ്
പകരത്തില്‍ അഭിനയിക്കുന്നത്.
നിരഞ്ജന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷമാണെനിക്ക്. മൂന്ന് യുവാക്കളാണ്
നായകന്‍മാര്‍. രാധികയാണ് നായിക. ദിയ എന്ന പുതുമുഖമുണ്ട്. പിന്നെ ദേവന്‍,
കൃഷ്ണ, ജഗദീഷ് തുടങ്ങിയവരുമുണ്ട്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
ഇതിന് മുമ്പ് സിനിമയിലോ നാടങ്ങളിലോ അഭിനയിച്ചിട്ടുണ്ടായിരുന്നോ?
അഭിനയത്തോട് വലിയ ക്രെയ്‌സ് ഒന്നുമില്ലായിരുന്നു. അഭിനയിക്കാന്‍ അവസരം
കിട്ടിയപ്പോള്‍ താല്‍പര്യം തോന്നി ചെയ്തുവെന്നേയുള്ളൂ. കോളേജില്‍
പഠിക്കുന്ന സമയത്ത് ചില ഡ്രാമകളില്‍ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ അഭിനയവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ചില ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴത്തെ അനുഭവം?
സിനിമയിലെത്തുന്നതിന് മുമ്പ് നിരവധി തവണ ക്യാമറയ്ക്ക് മുന്നില്‍
പ്രത്യക്ഷപ്പെടേണ്ടി വന്നതുകൊണ്ട് വലിയ പേടിയൊന്നുമുണ്ടായിരുന്നില്ല.
പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് നിരവധി തവണ എന്റെ ഇന്റര്‍വ്യൂകളും
മറ്റും ചാനലുകളില്‍ വന്നതാണ്. പിന്നെ അഭിനയിച്ച് പരിചയമില്ലാത്തതിനാല്‍
ചെറിയ ചമ്മലുണ്ടായിരുന്നു. പക്ഷെ സെറ്റിലെ എല്ലാവരും നല്ല
സപ്പോട്ടീവായിരുന്നു.
എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല. ഞാന്‍ ചെയ്തത് നന്നായെന്ന് എനിക്ക്
തോന്നിയിട്ടുമില്ല. പിന്നെ എല്ലാവരും കൊള്ളാം, കൊള്ളാം എന്നാണ്
പറയുന്നത്. കൊള്ളാം എന്നല്ലാതെ ആരുമൊന്നും പറയാത്തതുകൊണ്ട് ചെറിയ
പേടിയുണ്ട്.
ഇനി സിനിമയില്‍ തുടരുമോ?
ചെയ്യാന്‍ അവസരം കിട്ടിയാല്‍ തുടരും. എന്റെ ചില സുഹൃത്തുക്കള്‍ വഴി ചില
സിനിമകളിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍
നടന്നുകൊണ്ടിരിക്കുകയാണ്. ഏതായാലും മാര്‍ച്ചില്‍ ഒരു സിനിമയുണ്ടാവും.
മുത്തൂറ്റ് പോള്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് താങ്കള്‍ മാധ്യമശ്രദ്ധ
നേടുന്നത്. ഈ കുപ്രസിദ്ധി സിനിമയിലെത്തിയപ്പോള്‍ എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ?
മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആരോപണ വിധേയനായിരുന്നു ഞാന്‍. എന്നാല്‍
ഞാന്‍ നിരപരാധിയാണ്. ഈ കേസിലെ സാക്ഷിമാത്രമാണ് ഞാന്‍. പോള്‍ എന്റെ
സുഹൃത്താണ്. ഒരിക്കലും ഞാനയാളെ കൊല്ലില്ല. ചില ക്രിമിനല്‍
പശ്ചാത്തലുമുണ്ടായിരുന്നതുകൊണ്ട് എന്ന ആ കേസില്‍ പ്രതിയാക്കാനുള്ള
ശ്രമമാണ് നടന്നത്. ഇവിടുത്തെ മാധ്യമങ്ങളാണ് എന്നെ കൊലപാതകിയായി
ചിത്രീകരിച്ചത്. മാധ്യമധര്‍മം ആരും പാലിക്കാറില്ല. ജനങ്ങളെ
വിശ്വസിപ്പിക്കാനാണ് പത്രക്കാര്‍ എഴുതുന്നത്. ഒരാള്‍ നല്ലതാണെന്ന്
പറഞ്ഞാല്‍ ആര്‍ക്കും ഒരു കൗതുകവുമുണ്ടാവില്ല. ഒരാളെ പെണ്ണുപിടിയനായും
അക്രമിയായുമൊക്കെ ചിത്രീകരിക്കുമ്പോഴേ ആളുകള്‍ക്ക് ആവേശമുണ്ടാവൂ.
മാധ്യമങ്ങളും അതിനാണ് ശ്രമിക്കുന്നത്.
പോള്‍വധക്കേസില്‍ പ്രതിയെന്ന രീതിയില്‍ ചിത്രീകരിക്കപ്പെട്ടശേഷം സമൂഹം
എങ്ങനെയാണ് നിങ്ങളോട് പെരുമാറിയത്?
വെറുക്കപ്പെട്ടവനായാണ് ആളുകള്‍ എന്നെ കണ്ടത്. എന്റെ വിവാഹം കഴിഞ്ഞ്
മൂന്ന് മാസമായപ്പോഴാണ് ഈ കേസുണ്ടാവുന്നത്. ഞങ്ങളുടേത്
പ്രണയവിവാഹമായിരുന്നു. ഈ കേസ് വന്നതോടെ കുടുംബത്തില്‍ പല
പ്രശ്‌നവുമുണ്ടായി. സ്വന്തം മകനായതുകൊണ്ട് അച്ഛനും അമ്മയും എന്നെ
തള്ളിപ്പറഞ്ഞില്ല.
കുടുംബത്തിലെന്തെങ്കിലും പരിപാടികളുണ്ടാവുമ്പോള്‍ ഞങ്ങളെ മാറ്റി
നിര്‍ത്തി. എല്ലാവരില്‍ നിന്നും പരിഹാസവും കുത്തുവാക്കുകളും മാത്രം.
എസ്.എന്‍.ഡി.പി ഭാരവാഹിയായതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നല്ലോ?
എസ്.എന്‍.ഡി.പി ജില്ലാ ട്രഷററാണ് ഞാനിപ്പോള്‍. ഞാന്‍ ഈ
സ്ഥാനത്തെത്തിയപ്പോള്‍ ഞങ്ങളുടെ സംഘടനയ്ക്കുള്ളിലെ ആര്‍ക്കും
ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഇത് വിവാദമാക്കിയതും
മാധ്യമങ്ങളാണ്. ആരുടെയൊക്കെയോ അജണ്ടയായിരുന്നു ഇത്.
ആരുടെയൊക്കെയോ അജണ്ടയാണെന്ന് പറഞ്ഞല്ലോ. ഓം പ്രകാശ് എന്ന വ്യക്തി ഇങ്ങനെ
വേട്ടയാടപ്പെടാനുള്ള കാരണം?
ഞാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. ആ കാലത്ത് വലിയ
ആവേശമായിരുന്നു. പത്ത് പേര്‍ക്കിടയില്‍ ഞാന്‍ പോയി നിന്നാല്‍ എന്തായാലും
ഞാന്‍ ശ്രദ്ധിക്കപ്പെടും. അതെന്റെ തടിയും നീളവും കൊണ്ടാണോ
മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണോ എന്ന് എനിക്കറിയില്ല. ഏതായാലും
എല്ലാവരും സമ്മതിച്ച ഒരു കാര്യമായിരുന്നു എനിക്ക് ആള്‍ക്കാരെ
സംഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത്. അതെനിക്കും തോന്നിയിട്ടുണ്ട്. ഞാനത്
പലവട്ടം തെളിയിച്ചതുമാണ്. അതുകൊണ്ടുതന്നെ എതിര്‍രാഷ്ട്രീയ
കക്ഷിയിലുള്ളവര്‍ എന്നെ എന്തിനോ പേടിക്കുന്നുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐയില്‍ സജീവമായിരുന്ന സമയത്താണ് ഫോര്‍ട്ട് സ്‌റ്റേഷനില്‍
ഉദയകുമാര്‍ ഉരുട്ടിക്കൊലചെയ്യപ്പെടുന്നത്. അന്നത്തെ കോണ്‍ഗ്രസ്
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. ഇതിനെ എതിര്‍ത്ത്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി രംഗത്തുവന്നിരുന്നു. ഡി.വൈ.എഫ്.ഐയും
പ്രതിഷേധത്തിന് മുന്‍നിരയിലുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ ക്രിമിനല്‍
കേസുകളില്‍ ഉള്‍പ്പെടുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലാതെ ഒരു
ക്രിമിനല്‍കേസില്‍ പോലും ഞാന്‍ ഉള്‍പ്പെട്ടിട്ടില്ല. അടിച്ചാല്‍ മറ്റേ
ഭാഗം കാട്ടിക്കൊടുക്കുന്ന ഗാന്ധിയന്‍ രീതിയൊന്നും എനിക്ക് വശമില്ല.
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് യാതൊരു പരിഭവവുമില്ല. ഒരു പക്ഷേ
അതുകൊണ്ടായിരിക്കാം എനിക്ക് സിനിമയിലെത്താന്‍ കഴിഞ്ഞത്. മാധ്യമങ്ങള്‍
തലകുത്തി നിന്നാലും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം
എന്റെയുള്ളില്‍ നന്മയുണ്ട്.
Kerala news in English




