omprakash-rajesh

കൊച്ചി: കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജിനൊപ്പം ഓംപ്രകാശും രണ്ടു കൂട്ടുകാരും എത്തിയതെന്തിനാണെന്ന് സാധാരണ ഗതിയില്‍ പോലീസ് അന്വേഷിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി. പോളിന് ശത്രുക്കളുണ്ടായിരുന്നുവെന്നത് ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് കെ ടി ശങ്കരന്‍ അഭിപ്രായപ്പെട്ടു.

ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ്, പ്രവീണ്‍ എന്ന മനു എന്നിവര്‍ പോള്‍ ജോര്‍ജിനൊപ്പം സഞ്ചരിക്കുമ്പോഴാണ് കൊല നടന്നതെന്നാണ് പറയുന്നത്. പോള്‍ ജോര്‍ജ് കുത്തേറ്റ് ഗുരുതരാവസ്ഥയിലായപ്പോള്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഇയാളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത് എന്ത്‌കൊണ്ടാണെന്ന് വ്യക്തമല്ല. തങ്ങളുടെ വിവരം പുറത്തുവരരുത് എന്നായിരുന്നു ആഗ്രഹമെങ്കില്‍ മനുവിനെ കൂടെ കൊണ്ട് പോകേണ്ടതായിരുന്നു.

ഓംപ്രകാശോ, പുത്തന്‍പാലം രാജേഷോ ആകാം കുറ്റകൃത്യം ചെയ്തതെന്നാണ് ജാമ്യാപേക്ഷ നല്‍കിയ ചങ്ങനാശ്ശേരി ഗുണ്ടാ സംഘം വാദിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ െ്രെഡവര്‍ ഷിബുവിനും മനുവിനും കൊലയില്‍ പങ്കുണ്ടെന്ന് കരുതേണ്ടി വരും. എങ്കില്‍ പിന്നെ ചങ്ങനാശ്ശേരി സംഘം സംഭവസ്ഥലത്ത് എത്തിയതെന്തിന് എന്ന ചോദ്യവും ഉയരും. ഓംപ്രകാശിന്റെ സംഘവും ചങ്ങനാശ്ശേരി സംഘവും ഒത്തുചേര്‍ന്നാണോ കുറ്റകൃത്യം നടത്തിയത് എന്നും അന്വേഷിക്കേണ്ടി വരും.

കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. െ്രെകംബ്രാഞ്ച് അന്വേഷിക്കേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഡി ജി പി പിറ്റേന്ന് പത്രസമ്മേളനം നടത്തുമെന്ന് പോള്‍ വധിക്കപ്പെട്ട അന്നുതന്നെ ആഭ്യന്തര മന്ത്രി പറഞ്ഞതും പിറ്റേ ദിവസം ഐ ജി വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനം നടത്തിയതുമൊക്കെ ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു നിഗമനത്തിലെത്താറാവും മുമ്പ് ഐ ജി നടത്തിയ പത്രസമ്മേളനം മൂലം പ്രതികള്‍ക്കെതിരെ മുന്‍വിധി സൃഷ്ടിക്കപ്പെട്ടു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മാധ്യമ വിചാരണയോ, റിപ്പോര്‍ട്ടുകളോ കോടതി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വ്യക്തമാക്കി.