കാസര്‍ഗോഡ്: ഐസ്‌ക്രീം കേസ് ഇടത് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന സി.പി.ഐ.എം ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുകാരെ മാറ്റുന്നതുകൊണ്ട് ഒരു കേസും അട്ടിമറിക്കപ്പെടില്ല. അത്തരം ആശങ്ക ആര്‍ക്കും വേണ്ട. നേരത്തെ അന്വേഷിച്ച കേസ് ആ ഉദ്യോഗസ്ഥര്‍ തന്നെ കേസുകള്‍ അന്വേഷിക്കും. ഐസ്‌ക്രീം കേസാണ് സി.പി.ഐ.എം ഉദ്ദേശിക്കുന്നതെങ്കില്‍ ആ കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെ തുടരും.

പി. ശശി വിഷയത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശശി വിഷയം ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ആഭ്യന്തര കാര്യമാണ്. ധാര്‍മ്മികത വ്യക്തികള്‍ പുലര്‍ത്തേണ്ടതാണ്. അത് പുലര്‍ത്താന്‍ അവര്‍ ശ്രമിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.