ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് 100 ദിനം പിന്നിടുകയാണ്. സംസ്ഥാനത്ത് നടപ്പാക്കാന്‍ നൂറ് ദിന കര്‍മ്മപദ്ധതി പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഭരണ സുതാര്യതയെന്നാല്‍ ഓഫീസില്‍ ക്യാമറ വെച്ച് ലൈവായി മാലോകരെ കാണിക്കലാണെന്ന് തെറ്റിദ്ധരിച്ച ഭരണകൂടമാണ് ഉമ്മന്‍ചാണ്ടിയുടെത്. അതിനാല്‍ കര്‍മ്മ പരിപാടിയില്‍ അവര്‍ ആദ്യം നടപ്പാക്കിയതും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ ലൈവ് സംപ്രേക്ഷണമാണ്.

100 ദിവസമെന്നത് സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ വിലയിരുത്താന്‍ മതിയായ സമയമല്ലെങ്കില്‍പ്പോലും വരും കാലങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കാനുദ്ദേശിക്കുന്ന വികസന സങ്കല്‍പ്പങ്ങളുടെയും ഭരണ രീതികളുടെയും സൂചകങ്ങള്‍ ഈ ദിവസങ്ങളില്‍ വ്യക്തമായിക്കൊണ്ടിരുന്നു. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ് ഉമ്മന്‍ചാണ്ടിയുടെ നൂറ് ദിനങ്ങള്‍…

ജോസഫ് സി മാത്യു, മുന്‍ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ്

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഐ.ടി മേഖലയെ സംബന്ധിച്ച് പുതുതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവര്‍ കൊണ്ടുവന്ന പദ്ധതികളെ നിശിതമായി വിമര്‍ശിച്ച യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ പിന്‍തുടരുകയാണുണ്ടായത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ മറ്റുജില്ലകളിലും ഐ.ടി പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് അതിനുള്ള നടപടികളും ആരംഭിച്ചതാണ്. ഈ പ്രഖ്യാപനം തന്നെയാണ് യു.ഡി.എഫും നടത്തിയിരിക്കുന്നത്. ഐ.ടി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനപ്പുറം ഐടി പാര്‍ക്കുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് അവയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്.

നിക്ഷേപകര്‍ കേരളത്തിലേക്ക് വരുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ കെട്ടിടങ്ങള്‍ കണ്ടിട്ടല്ല, മറിച്ച് മാനവവിഭവശേഷിയാണ് അവര്‍ ലക്ഷ്യമിടുന്നത്. അത് വര്‍ധിപ്പിക്കാനുള്ള നടപടികളൊന്നും കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഐ.ടി വിദ്യാഭ്യാസത്തിനായി ഫിനിഷിംങ് സ്‌ക്കൂളുകള്‍ നിര്‍മ്മിക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാഗ്ദാനം കട്ട് ആന്റ് പെയ്സ്റ്റ് ചെയ്യുകയാണ് യു.ഡി.എഫ് ചെയ്തത്. അതിനുള്ള ഒരു ഉദ്യമവും ഇതുവരെ നടത്തിയിട്ടില്ല.

യു.ഡി.എഫിന്റെ മദ്യനയം വിവാദമായപ്പോള്‍ എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞത് തനിക്ക് വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇതേ അഭിപ്രായമാണ് നിയമസഭയില്‍ പറഞ്ഞത്. ഒരു ഹോം വര്‍ക്കും ചെയ്യാതെ നൂറുദിവസത്തിനുള്ളില്‍ ചെയ്യണമെന്നതിനാല്‍ എന്തൊക്കെയോ കാട്ടികൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട നയം ഒരു ഹോംവര്‍ക്കും ഇല്ലാതെ വരും വരായ്കകള്‍ ചിന്തിക്കാതെ നടപ്പാക്കുകയാണുണ്ടായത്.

ഐ.ടി പാര്‍ക്കുകള്‍ക്കുവേണ്ടി കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഫ്‌ളോര്‍ ഏരിയ റേഷ്യോ 5 ആക്കി ഉയര്‍ത്തുകയാണ് യു.ഡി.എഫ് ചെയ്തത്. കേരളം പോലുള്ള പ്രദേശത്ത് ഇത് പര്യാപ്തമല്ലെന്ന് കണ്ട് കഴിഞ്ഞ സര്‍ക്കാര്‍ എഫ്.എ.ആര്‍ 2 ആക്കിയിരുന്നു. അപ്പോള്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ വരുന്ന ഒരു സ്ഥലത്തിന്റെ 70% കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാം. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയപ്രകാരം 50% ഭൂമി കെട്ടിടനിര്‍മ്മാണത്തിനും 50%മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ ആയിരം ഏക്കര്‍ ഭൂമിയാണ് ഐ.ടി പാര്‍ക്കിനുവേണ്ടിയുണ്ടാക്കിയതെങ്കില്‍ അതില്‍ 500 ഏക്കറില്‍ മാത്രമേ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയൂ. ഇത് യു.ഡി.എഫിലെ ചിലരുടെ നിഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുവേണ്ടിയുണ്ടാക്കിയതാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഏതാണ്ട് തീരുമാനമായതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ നിന്ന് വിഭിന്നമായി വ്യവസായികള്‍ ആവശ്യപ്പെട്ടപ്രകാരം മള്‍ട്ടി സര്‍വ്വീസസ് ആനുകൂല്യം നല്‍കുകയാണുണ്ടായത്. ഒരു തരത്തിലുള്ള ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണ് ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്.

ഒക്ടോബര്‍ 1ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അത് നവംബര്‍ 1 ആക്കിമാറ്റിയെന്നു കേട്ടു. ഒരു മാസം രണ്ടുമാസം എന്നിങ്ങനെ പദ്ധതി നീട്ടികൊണ്ടുപോയതാണ് കഴിഞ്ഞ സര്‍ക്കാരിന് പറ്റിയ മണ്ടത്തരം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്.

ഐടി @ സ്‌ക്കൂള്‍ പദ്ധതി നടപ്പിലാക്കേണ്ടത് ക്ലാസ് റൂമുകളില്‍ കംപ്യൂട്ടര്‍ വച്ചുകൊണ്ടോ കംപ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞ് നല്‍കിക്കൊണ്ടോ അല്ല. മറിച്ച് വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ മാറ്റംവരുത്തി ഐ.ടി സംബന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. ആനിമേഷന്റെയും മറ്റും സഹായത്തോടെ അവര്‍ക്ക് ബയോളജിയും ഫിസിക്‌സും മനസിലാക്കികൊടുക്കാന്‍ സഹായിക്കണം.

യു.ഐ.ഡി സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദല്‍ഹിയില്‍ പോയ ഉമ്മന്‍ചാണ്ടി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രഖ്യാപിച്ചത് കേരളത്തില്‍ യു.ഐ.ഡി നടപ്പിലാക്കുമെന്നാണ്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് യു.ഐ.ഡി തയ്യാറാക്കുക. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കേരളത്തിലെ ജനങ്ങളെ ഒരു പരീക്ഷണ വസ്തുവായി ഉപയോഗിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. യു.ഐ.ഡി സംവിധാനം നിലവില്‍ വരുന്നതോടെ കടകളിലും ആശുപത്രികളിലും മറ്റും ഇത് നിര്‍ബന്ധിതമാകും. അങ്ങനെ വരുമ്പോള്‍ ഇതിനുവേണ്ട എക്യുപ്‌മെന്റ്‌സ് വേണം. ഈ ഉപകരണങ്ങള്‍ വില്‍ക്കാനുള്ള വിപണിയൊരുക്കി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മാത്രമല്ല ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടാണ് നാം ഇത് ഉപയോഗിച്ച് തുടങ്ങിയത്. വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതോടെ ബ്രിട്ടന്‍ ഈ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ ഇന്ത്യ ഇപ്പോഴും അതിനെ പുറകേ പോകുകയാണ്.

ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികള്‍ എന്ന് പറയുന്നത് തന്നെ ഒട്ടും ഹോംവര്‍ക്ക് ഇല്ലാതെ പ്രഖ്യാപിച്ച സാധനമാണ്. എന്നാല്‍ നിഷിപ്ത താല്‍പര്യക്കാരെ സംരക്ഷിക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് നന്നായി ഹോം വര്‍ക്ക് നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം എന്താണെന്നോ, എന്താണ് കേരളത്തിന് ഗുണകരമാവുകയെന്നോ ചിന്തിക്കാതെ എടുത്തുചാടിയെടുത്ത തീരുമാനങ്ങളാണിവ. ഇത് ഇന്‍വെസ്റ്റ്‌മെന്റ് ഫ്രണ്ടിയല്ല, മറിച്ച് ഇന്‍വെസ്‌റ്റേഴ്‌സ് ഫ്രണ്ട്‌ലിയാണ്.

വി.കെ ആദര്‍ശ്, ടെക് എഴുത്തുകാരന്‍

നൂറുദിന കര്‍മ്മ പരിപാടികളില്‍ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട കാര്യം പറയുകയാണെങ്കില്‍ ആദ്യത്തെ ഒരു മാസവും അവസാനത്തെ രണ്ടാഴ്ചയും സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസം ചില പദ്ധതികള്‍ക്ക് രൂപരേഖയുണ്ടാക്കി. അവസാനത്തെ രണ്ടാഴ്ച സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട തറക്കല്ലിടല്‍ തീരുമാനിച്ചു. അതിനിടക്ക് കാര്യമായൊന്നും നടന്നിട്ടില്ല.

എല്ലാ സര്‍ക്കാരും അധികാരത്തില്‍ വന്നയുടന്‍ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിക്കുകയും ആ ഇടവേള കഴിഞ്ഞാല്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതിനുശേഷം മറ്റൊരു നൂറു ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിക്കാന്‍ ആരും തയ്യാറാവുന്നതായി കാണുന്നില്ല. വ്യവസായമേഖലകളിലും മറ്റും ഒരു കൊല്ലത്തെ നാലായി ഭാഗിച്ച് ആ കാലയളവിലെ വളര്‍ച്ച കണക്കൂട്ടാറുണ്ട്. ഭരണതലത്തിലും ഇത് നടപ്പാക്കേണ്ടതുണ്ട്. ഇവിടെ നൂറുദിന കര്‍മ്മ പരിപാടി കഴിഞ്ഞാല്‍ പിന്നെ തയ്യാറാക്കുന്നത് ഒരു കൊല്ലത്തേക്കുള്ള പദ്ധതിയാണ്. ഇത് ശരിയായ രീതിയല്ല.

ഐ.ടി മേഖലയ്ക്ക് സര്‍ക്കാര്‍ ഇത്രത്തോളം ശ്രദ്ധ കൊടുക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അമേരിക്ക പോലെയുള്ള വിദേശവിപണിയെ ആശ്രയിച്ചാണ് മുഖ്യമായും ഇന്ത്യയിലെ ഐ ടി, ടൂറിസം വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ അവിടെ ഉണ്ടാകുന്ന തകര്‍ച്ച പെട്ടെന്ന് ഇവിടെ പ്രതിഫലിക്കും.  ഐ.ടി മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതി പിന്‍തുടര്‍ന്നതാണ് സാമ്പത്തിക മാന്ദ്യം ഇത്രത്തോളം ബാധിക്കാന്‍ കാരണമായത്. സര്‍ക്കാരിന്റെ വ്യാവസായിക വികസന പദ്ധതികള്‍ പോലും ഐ.ടി ക്ക് പ്രാധാന്യം നല്‍കുന്നതാണ്. ഈ സര്‍ക്കാരിന്റെ കാര്യവും കഴിഞ്ഞസര്‍ക്കാരിന്റെ കാര്യവും ഇത് തന്നെയാണ്. ചെറുകിടവ്യവസായങ്ങള്‍ക്കും പരമ്പരാഗതി വ്യവസായങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നതായി കാണുന്നില്ല. വിവകസന പദ്ധതികളെല്ലാം ഐ.ടി, ടൂറിസം വികസനത്തില്‍ ഊന്നിയുള്ളതാണ്.

ചെറുകിട ഐ.ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നാട്ടിലെ തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് നടത്തുന്ന ഐ.ടി പദ്ധതികള്‍ അനിവാര്യമാണ്. ഇത് കേരളത്തിലെ എന്‍.ഐ.ടി കളില്‍ നിന്നും മറ്റും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലാതെ അലയുന്ന സാഹചര്യം ഇല്ലാതാക്കും. വന്‍കിട പദ്ധതികള്‍ക്കുവേണ്ടി മിക്കപ്പോഴും നല്ല പരിശീലനം ലഭിച്ചവരെ മാത്രമേ ജോലിക്കുനിര്‍ത്തൂ. വിദേശത്തുനിന്നും അത്തരം ആളുകളെ കണ്ടെത്തുകയാണ് പതിവ്. ഇന്‍ഫോസിസ് പോലുള്ള വലിയ ഐ.ടി സംരഭങ്ങള്‍ തുടങ്ങിയത് ഇതുപോലുള്ള ചെറുകിട പദ്ധതികളായാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ടെക് ഇന്‍കുബേഷന്‍ സെല്ലിന്റെ മാതൃകയില്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സ്ഥാപിക്കണം.

വീഡിയോകോണില്‍ നിന്നും 200 കോടി നിക്ഷേപം നടത്താന്‍ കഴിഞ്ഞു എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്നു പറയാം.


ളാഹ ഗോപാലന്‍, ചെങ്ങറ സമര നേതാവ്

ഞങ്ങളെ സംബന്ധിച്ചിടത്തോളം ചെങ്ങറ സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചുവെന്നതാണ് നൂറു ദിന കര്‍മ്മ പരിപാടി മൂലം ഞങ്ങള്‍ക്കുണ്ടായ നേട്ടവും വിജയവും. വി. എസ് സര്‍ക്കാറും ഉമ്മന്‍ ചാണ്ടി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത് ഉമ്മന്‍ചാണ്ടി മനുഷ്യന്‍മാരെ മനുഷ്യന്മാരായി കാണുന്നു എന്നതാണ്. എല്‍. ഡി. എഫ് സര്‍ക്കാര്‍ മൃഗങ്ങളോട് പെരുമാറുന്നത് പോലെ മനുഷ്യത്വ രഹിതമായാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. പട്ടിക ജാതിക്കാരോട് ബ്രാഹ്മണര്‍ കാണിച്ചതിനേക്കാള്‍ വലിയ അയിത്തമാണ് ഞങ്ങളോട് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാണിച്ചത്.

ഞങ്ങളെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ പറഞ്ഞത് മുള്ളും കൊമ്പുമുള്ള പോലീസിനെ നേരിടേണ്ടി വരുമെന്നാണ് പട്ടിക ജാതിക്കാരുടെ സംരക്ഷകരെന്നവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി അധികാരത്തിലിരിക്കെ പ്രഖ്യാപിച്ചത്. ആ ഗവണ്‍മെന്റിന്റെ കാലത്ത് പൊലിസിനാലും ഗുണ്ടകളാലും ഞങ്ങളെ അക്രമിച്ചു. ഭക്ഷണവും വെള്ളവും നിഷേധിച്ചു കൊണ്ട് ഇരുപതോളം ജീവനുകള്‍ കവര്‍ന്നെടുത്തു. നാലു വര്‍ഷം കൊണ്ട് നാലു തവണ അവര്‍ ചര്‍ച്ചക്ക് വിളിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരൊറ്റ തവണ ചര്‍ച്ചക്ക് വിളിച്ചു കാര്യം പരിഹരിച്ചു. മാന്യമായി ഞങ്ങളോട് പെരുമാറി. അത്‌കൊണ്ട് കഴിഞ്ഞ സര്‍ക്കാറിനേക്കാളും മികച്ച പിന്തുണയും സഹായവും ഈ സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

അഞ്ച് ഏക്കര്‍ ആവശ്യപ്പെട്ട് സമരം നടത്തിയ ഞങ്ങള്‍ക്ക് 25 സെന്റില്‍ ഒതുങ്ങേണ്ടി വന്നു എന്ന ആക്ഷേപം ശരിയല്ല. ഒരു സെന്റ് ഭൂമി ഇവന്മാര്‍ക്ക് കൊടുക്കുകയില്ലെന്ന് പറഞ്ഞ് അടിച്ചോടിച്ചതാണ് കഴിഞ്ഞ സര്‍ക്കാര്‍. അവര്‍ തന്ന 1465 ഏക്കറിനേക്കാളും, അടിച്ചോടിക്കപ്പെട്ട ആ പാവങ്ങള്‍ക്ക് ആയിരം പേര്‍ക്ക് 25 സെന്റ് വീതം നൂറു ദിവസത്തിനുള്ളില്‍ കൊടുക്കാന്‍ സന്മനസ്സ് കാണിച്ചു. ഒരു ദിവസം പോലും സമരം ചെയ്യാതെയാണ് ഇത് ലഭിച്ചത്. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് കൊടുക്കുന്ന അംഗീകാരം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൊടുക്കാനാവില്ല. അധികം കാലം കഴിയാതെ തന്നെ പട്ടിക ജാതക്കാരന്റെ പങ്കാളത്തമില്ലാത്ത പാര്‍ട്ടിയായി ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാറും.

മൂന്ന് സെന്റ് എന്ന ഭൂപരിഷ്‌കരണ ബില്ലിനെ ഞങ്ങള്‍ അട്ടിമറിച്ചു കൊണ്ടാണ് 25 സെന്റ് സ്വന്തമാക്കിയത് എന്ന് വേണമെങ്കില്‍ പറയാം. ഇതൊരു ചെറിയ നേട്ടമാണെങ്കില്‍ പോലും ഞ്ഞങ്ങളുടെ മുന്നോട്ടുള്ള കാഴ്ചപ്പാടില്‍ ഇത് വലിയ ഒരു കാല്‍വെയ്പ്പായാണ് ഞാനിതിനെ കാണുന്നത്. ഇത്‌കൊണ്ട് ഞ്ഞങ്ങളുടെ സമരം അവസാനിക്കുകയല്ല, തുടരുകയാണ് ചെയ്യുക.

അട്ടപ്പാടിയിലെ കാറ്റാടി കമ്പനകള്‍ക്കെതിരായ വിഷയത്തില്‍ ഞാനൊരിക്കലും ഗവണ്‍മെന്റിനെ കുറ്റം പറയില്ല. ആദിവാസികളുടെ പേരില്‍ നേതാക്കള്‍ അവിടെ പോകുന്നത് അവരെ ചൂഷണം ചെയ്ത് ജീവിക്കാനാണ്. ആദിവാസികളുടെ ആവശ്യം അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കി അത് ഗവണ്‍മെന്റിനു മുന്‍പില്‍ അവതരിപ്പിക്കുന്നില്ല. ചെങ്ങറ സമരത്തിന്റെ വിജയം എന്നു പറയുന്നത് അധികാരികളുടെ മുന്‍പില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഉണ്ടായ വിജയമാണ്. ആദിവാസികളുടെ നേതാവ് സി. കെ. ജാനു അടക്കം ഇന്നലെ തിരുവന്തപ്പുരത്ത് ഉണ്ടായിരുന്നു. അവിടെ ചര്‍ച്ച നടത്തിയപ്പോള്‍ ജാനു ഒരക്ഷരം മിണ്ടിയില്ല. പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചില്ല. അവിടെ കൂടിയ മറ്റുള്ളവര്‍ക്ക് സി. കെ. ജാനു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാത്തതില്‍ അമര്‍ഷം ഉണ്ടായിരുന്നു. ആവിശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ജാനുവിന് കഴിയാതെ പോയി എന്നാണ് അതിങ്ങനെയാകാന്‍ കാരണം.

മുരളി മാഷ്, അധ്യാപകന്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയില്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ ഒരു മാറ്റവും വന്നതായി തോന്നിയിട്ടില്ല. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ സുഖകരമായി തോന്നും. പക്ഷേ ഇവയൊന്നും നടപ്പിലാകാന്‍ പോകുന്നില്ല. മാറ്റം വരുത്തുമെന്ന പ്രതീക്ഷയുമില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ ധൃതി പിടിച്ച് നടത്തുന്ന ഈ ഓണപ്പരീക്ഷ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വേണ്ടെന്നു വെച്ചിരുന്ന ഓണപ്പരീക്ഷയാണ് ഇപ്പോഴുള്ള സര്‍ക്കാര്‍ നടത്തുന്നത്. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പാദവാര്‍ഷിക പരീക്ഷ ഇല്ല.

എന്നാല്‍ പരീക്ഷയെ സംബന്ധിച്ച് രക്ഷിതാക്കളുടെ ആശങ്കയാണ് തിരക്കുപിടിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരീക്ഷ നടത്താതിരുന്നാലുണ്ടാവുന്ന രക്ഷിതാക്കളുടെ പ്രതിഷേധം ഭയന്നിട്ടാണ് തിടുക്കത്തില്‍ പരീക്ഷ നടത്തുന്നത്. ഇത് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയെ വളരെ പ്രതികൂലമായിട്ടാണ് ബാധിച്ചത്. ഒരു പരീക്ഷയ്ക്കു പിന്നില്‍ വളരെയധികം ആസൂത്രണം നടത്തേണ്ടതുണ്ട്. ഇതൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. തല്‍ഫലമായി ചോദ്യപ്പേപ്പര്‍ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോകോപ്പിയെടുക്കേണ്ട അവസ്ഥയാണ്. പരീക്ഷയുടെ ദിവസം രാവിലെ അധ്യാപകര്‍ ഫോട്ടോകോപ്പിയെടുക്കാന്‍ വരി നില്‍ക്കുന്ന അവസ്ഥയാണ് കാണുന്നത്. അതായത് പരീക്ഷ ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. അതിന്റെ സ്വകാര്യതയും വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുന്നു.

ഒന്നാംക്ലാസുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറിന്റെ മാതൃകതയില്‍ എല്ലാവരെയും വീഴ്ത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണിത്. പൊതു വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 1,96000 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞുപോയത്. 1016 വര്‍ഷമായി നടപ്പാക്കിവരുന്ന പാഠ്യപദ്ധതിയുടെ പോരായ്മയാണ് ഇതിനുള്ള കാരണം. ഉള്ളടക്കം പൊള്ളയായിട്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ഇന്ന് കേരളത്തിലുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളുടെ കനപ്പെട്ട സിലബസുകള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ പൊളിച്ചു.

ലോകബാങ്ക് അജന്‍ഡയുടെ ഭാഗമാണ് ഇതെല്ലാം. 94 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഇന്ത്യയില്‍ 142 ജില്ലകളിലായി പ്രഖ്യാപിച്ചത്. കേരളത്തില്‍ മലപ്പുറം, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍ ഈ സമ്പ്രദായം പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തെ തകര്‍ക്കുമെന്ന് വാദിച്ചുകൊണ്ട് സി.പി.ഐ.എം രംഗത്തുവന്നിരുന്നു. അവിടുന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുഭരണമായി. എന്നാല്‍ ഡി.പി.ഇ.പി സാമ്രാജ്യത്വപദ്ധതിയാണെന്നും പക്ഷെ കേരളം അതില്‍നിന്നും വിട്ടുനിന്നാല്‍ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്നും നായനാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേ നയം തന്നെയാണ് ഇപ്പോഴുള്ള സര്‍ക്കാരും പിന്തുടര്‍ന്നുപോരുന്നത്.

നൂറുദിന കര്‍മ്മപരിപാടിയില്‍ പറഞ്ഞതുപോലെയല്ലെങ്കിലും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രകടമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ വന്നിട്ടുണ്ട്, പെണ്‍കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുന്നുണ്ട്. അതേസമയം ഇവയെല്ലാം പ്രത്യക്ഷത്തില്‍ മാത്രമാണ് എന്നതാണ് യഥാര്‍ത്ഥം. കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് പ്രൊട്ടക്റ്റഡ് അധ്യാപകരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഇത് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാം. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെയാണ് പുതുതായി 500 ഓളം പുതിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ അനുദിച്ചതും. അതായത് അടിസ്ഥാനനയങ്ങളില്‍ ഇടത്‌വലതു പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമില്ല. സാമൂഹിക ബോധമുള്ള ഒരു അധ്യാപകന്‍ എന്ന നിലയില്‍ പറയുകയാണെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍പരമായ സ്വാതന്ത്ര്യം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുകയാണ്. അതായത് പ്രായോഗികമല്ലാത്ത കാര്യങ്ങളും സിദ്ധാന്തങ്ങളും അധ്യാപകര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. 16 വര്‍ഷം കഴിഞ്ഞിട്ടും ഇതിന് ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല.