omar-bin-ladenവാഷിംങ്ടണ്‍: നിരായുധനായ തന്റെ അച്ഛനെയും കുടുംബത്തെയും വെടിവെച്ച് കൊന്ന യു.എസ് അന്തര്‍ദേശീയ നിയമ ലംഘനമാണ് നടത്തിയതെന്ന് ഉസാമ ബിന്‍ ലാദന്റെ മകന്‍ ഉമര്‍ ബിന്‍ ലാദന്‍. ഉസാമ കൊല്ലപ്പെട്ടെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നടത്തിയ പ്രസ്താവനയെ കുറ്റപ്പെടുത്തിയാണ് ലാദന്റെ മകന്‍ ഇങ്ങനെ പറഞ്ഞത്.

എന്ത് കൊണ്ടാണ്  ബിന്‍ ലാദനെയും, കുടുംബത്തെയും അറസ്റ്റ് ചെയ്ത് സത്യം കോടതിക്കു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ലാദന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരസ്യമായി വിമര്‍ശിച്ച ഉമര്‍ ബിന്‍ ലാദന്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ ജീന്‍ സാസണോടാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും, സെര്‍ബിയന്‍ നേതാവ് സ്ലോബോദാന്‍ മിലോസെവിക്കിനും നീതിപൂര്‍വ്വമായ വിചാരണ നല്‍കുന്നതില്‍ യു.എസ് പരാജയപ്പെട്ടു. ഏകകക്ഷീയമായ ഇത്തരം കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമല്ല. നീതി എല്ലാവര്‍ക്കും ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

30 കാരനായ ഉമര്‍ ബിന്‍ ലാദന്‍ 1999വരെ ലാദനോടൊപ്പം അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞിരുന്നു. പിന്നീട് അവിടെ വിട്ട് പോന്നശേഷം തന്റെ മകന്‍ നാജ് വ ബിന്‍ ലാദനൊപ്പം ചേര്‍ന്ന് ഒരു ഓര്‍മ്മക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഈ പുസ്തകത്തിലും, മറ്റ് പ്രസിദ്ധീകരണങ്ങളിലും ലാദന്റെയും ലോകത്ത് നടക്കുന്ന മറ്റ് തീവ്രവാദപ്രവര്‍ത്തനങ്ങളെയും ഉമര്‍ എതിര്‍ത്തിരുന്നു.

തന്റെ പിതാവിനെ കുറ്റപ്പെടുത്തിയ ഒബാമ നിരായുധരായ അദ്ദേഹത്തെ, ഒരു സ്ത്രീയെയും കൊല്ലാന്‍ ഉത്തരവിട്ട ഒബാമ ചെയ്തതും വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.