Categories

കിളിരൂര്‍ കേസ്: ലതാനായര്‍ക്കെതിരെ ഓമനക്കുട്ടി മൊഴിനല്‍കി

കൊച്ചി: കിളിരൂര്‍ കേസിലെ മാപ്പുസാക്ഷി ഓമനക്കുട്ടി ലതാനായര്‍ക്കെതിരെ മൊഴി നല്‍കി. ലതാനായരും കൂട്ടുപ്രതികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയില്‍ പറയുന്നു. 2003 ല്‍ കുമളിയിലും ഇടപ്പള്ളിലും ശാരിയെ പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നതായും പീഡനവിവരം പുറത്തുവിട്ടാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഓമനക്കുട്ടി സി.ബി.ഐ കോടതിയില്‍ അറിയിച്ചു. പീഡനത്തിനിരയായി മരിച്ച ശാരി എസ്. നായരുടെ അമ്മയുടെ സഹോദരിയായ ഓമനക്കുട്ടിയെ 2009 മാര്‍ച്ച് നാലിനാണ് സി.ബി.ഐ. മാപ്പുസാക്ഷിയാക്കിയത്.

കിളിരൂരില്‍ പീഡനത്തിനിരയായി മരിച്ച ശാരി എസ് നായരുടെ ബന്ധുവായ ഓമനക്കുട്ടി നേരത്തെ കേസിലെ ഒന്നാം പ്രതിയായിരുന്നു. പിന്നീട് സി.ബി.ഐ ഇവരെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഓമനക്കുട്ടിയെ പ്രതികള്‍ സ്വാധീനിക്കാതിരിക്കാന്‍ ഇതിനുശേഷം സി.ബി.ഐ. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി പുറംലോകം കണ്ടിട്ടില്ലാത്ത ഓമനക്കുട്ടിയുടെ സാക്ഷിമൊഴിയാണ് കേസില്‍ ഏറ്റവും നിര്‍ണായകം. ശാരിയെ പെണ്‍വാണിഭ സംഘത്തിന് എത്തിച്ചുകൊടുത്ത ഓമനക്കുട്ടി കോടതിയില്‍ നിലപാട് മാറ്റിയാല്‍ സി.ബി.ഐക്ക് വീണ്ടും കേസില്‍ വിഷമവൃത്തത്തിലാകുമായിരുന്നു.

ശാരിയെ ചികിത്സിച്ച 24 ഡോക്ടര്‍മാരുള്‍പ്പെടെ 76 സാക്ഷികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ സാക്ഷികളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പേരെ വിസ്തരിക്കേണ്ടതില്ലെന്ന് സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.

ശേഷിക്കുന്ന 68 സാക്ഷികളെ ഒരു മാസത്തിനുള്ളില്‍ വിസ്തരിക്കാനാണ് തീരുമാനം. സാക്ഷികളിലൊരാളായ തോമസ് ചാണ്ടി എം.എല്‍.എയ്ക്ക് ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടില്ല. ഓമനക്കുട്ടിക്കുശേഷം സാക്ഷിപ്പട്ടികയിലുള്ള ശാരിയുടെ പിതാവ് സുരേന്ദ്രകുമാറിനെ വ്യാഴം, വെള്ളി തീയതികളില്‍ വിസ്തരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സി.ബി.ഐക്കുവേണ്ടി പ്രോസിക്യൂട്ടര്‍ കെ.പി. സതീശനും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ പി.കെ. വര്‍ഗീസ്, കെ.എസ്. അരുണ്‍കുമാര്‍ എന്നിവരും കോടതിയില്‍ ഹാജരാകും. കിളിരൂര്‍ പെണ്‍വാണിഭത്തിന് ഇരയായെന്ന് കരുതുന്ന ശാരി എസ്. നായര്‍ 2004 ഒക്‌ടോബര്‍ 14ന് ആശുപത്രിയില്‍ മരിച്ചതോടെയാണ് കിളിരൂര്‍ കേസ് സങ്കീര്‍ണമായത്.

നിരവധി വി.ഐ.പികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന കേസ് 2005 ജനുവരി 27ന് സി.ബി.ഐ. ഏറ്റെടുത്തു. 2008ല്‍ സി.ബി.ഐ. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ.

ഓമനക്കുട്ടിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം പ്രവീണ്‍, മനോജ്, ലതാ നായര്‍, ബിനു ഏലിയാസ് കൊച്ചുമോന്‍, പ്രശാന്ത്, സോമന്‍ എന്നിവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ളത്. ലോക്കല്‍ പോലീസ്, ശാരിയെ സംഘം കൊണ്ടുപോയ ലോഡ്ജ് ഉടമകള്‍, ഇവിടത്തെ ജീവനക്കാര്‍ തുടങ്ങിയവരെയും വിചാരണയുടെ ഭാഗമായി വിസ്തരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.