മസ്‌കറ്റ്: വിവിധ മത, ജാതി സമൂഹങ്ങള്‍ ഒന്നിച്ച് വസിക്കുന്ന ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മതസൗഹാര്‍ദ മാതൃക മഹത്തരമാണെന്ന് ഒമാന്‍ ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സാലിമി അഭിപ്രായപ്പെട്ടു.

Ads By Google

മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉമല ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പരമ്പരാഗത സമൂഹം സ്വീകരിച്ച് വരുന്ന സംസ്‌കാരമാണിത്. ഇന്ത്യയില്‍ നേരത്തേ തന്നെ വിവിധ മതവിഭാഗങ്ങള്‍ ജീവിക്കുന്നു. ഓരോരുത്തരും അവരവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നു.

മതപണ്ഡിതന്‍മാര്‍ക്കും ഈ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കടമകളുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാം അനുകൂലിക്കുന്നില്ല. ഭാവിയിലും ഈ സൗഹൃദ സംസ്‌കാരം തുടരേണ്ടതുണ്ട്.

ഒമാനിലും എല്ലാ മതവിഭാഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും തൊഴിലെടുത്തു ജീവിക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മത, ദേശാടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള വിവേചനവും രാജ്യം പുലര്‍ത്തുന്നില്ല.

അതുകൊണ്ട് തന്നെ ഇവിടെ ജീവിക്കുന്നവര്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. നിയമവിധേയമായി എല്ലാവര്‍ക്കും ജോലിയും വ്യാപാരവും നടത്തി ജീവിക്കാന്‍ തുറന്ന അവസരമാണ് രാജ്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ 42ാം ദേശീയ ദിനാഘോഷ വേളയില്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനും മന്ത്രിക്കും ഒമാനി ജനതക്കും ആശംസകള്‍ അറിയിച്ച കാന്തപുരം, സമൂഹത്തിലും സമുദായത്തിലും സാഹോദര്യത്തിന്റെ സന്ദേശമാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഈ രാജ്യത്തു വസിക്കുന്ന ഇന്ത്യക്കാരോടും സാഹോദര്യത്തോടെ നിയമവിധേയമായി ജീവിക്കാനാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും പറഞ്ഞു.