സോഹാര്‍: ഒമാനില്‍ പ്രക്ഷോഭകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒമാന്‍ ടെലിവിഷന്‍ എഡിറ്റര്‍ അസ്മാ റാഷിദ് സി.എന്‍.എന്നിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തെരുവില്‍ ഷോപ്പുകളും വാഹനങ്ങളും അഗ്നിക്കരയാക്കിയവര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റാഷിദ് വ്യക്തമാക്കി. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സോഹാറിലെ ഗവര്‍ണ്ണര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങളുമായി രണ്ടാം ദിവസവും നൂറ് കണക്കിന് പ്രക്ഷോഭകരാണ് ഇവിടെ തടിച്ചുകൂടിയത്. വ്യവസായ നഗരമായ സോഹാറിലാണ് സംഭവം. പ്രക്ഷോഭകാരികള്‍ക്കെതിരെ സൈന്യം റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒമാന്‍ നഗരമായ സലാലയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാന നഗരമായ മസ്‌കത്തില്‍ കഴിഞ്ഞയാഴ്ച ചെറിയ തോതിലുള്ള ഒരു പ്രകടനം നടന്നിരുന്നു.