മുംബൈ: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ഇന്ത്യന്‍ കപ്പലില്‍ രണ്ട് മലയാളികളുമുണ്ടെന്ന കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി രോഹിത്താണ് കപ്പലിലുള്ള ഒരാള്‍. കപ്പലിലുള്ള മറ്റൊരു മലയാളിയെ കുറിച്ച ്ഇത് വരെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇവരുടെ ബന്ധുക്കളുമായി സംസാരിച്ചെന്നും കപ്പല്‍ അധികൃതര്‍ അറിയിച്ചു.

21 ഇന്ത്യക്കാരുമായി ഒമാനിലെ സലാലെ തുറമുഖത്ത്് നിന്നു പുറപ്പെട്ട എണ്ണക്കപ്പല്‍ ശനിയാഴ്ച രാവിലെയോടെയാണ് സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്. എം.വി. ഫെയര്‍ഷെം ബോഗെ എന്ന കെമിക്കള്‍ ഓയില്‍ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

മെത്തനോള്‍ അടക്കമുളള രാസവസ്തുക്കളാണ് കപ്പലിലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ഷിപ്പ് മാനെജ്‌മെന്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതാണ് കപ്പല്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സലാലെക്കടുത്ത കിടക്കുന്ന ഗള്‍ഫ് ഓഫ് ഏദനില്‍ നിരവധി കപ്പലുകള്‍ സെമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഒരു അള്‍ജീരിയന്‍ കപ്പല്‍ സലാലെക്കടുത്ത് നിന്ന് സെമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു.