എഡിറ്റര്‍
എഡിറ്റര്‍
ലോക റെക്കോഡോടെ റിലേയില്‍ അമേരിക്കയ്ക്ക് സ്വര്‍ണം
എഡിറ്റര്‍
Saturday 11th August 2012 10:36am

ലണ്ടന്‍: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ രണ്ടാമത്തെ ലോക റെക്കോഡ് കുറിച്ച് 4×100 മീറ്റര്‍ റിലേയില്‍ അമേരിക്കന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞു. എന്നാല്‍ പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ 32 വര്‍ഷത്തിന് ശേഷം അമേരിക്കയ്ക്ക് സ്വര്‍ണം നഷ്ടപ്പെട്ടു.

Ads By Google

ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അലിസണ്‍ ഫെലിക്‌സും കാര്‍മലീറ്റ ജെറ്ററും അടങ്ങുന്ന അമേരിക്കന്‍ പെണ്‍പട 40.82 സെക്കന്‍ഡുകൊണ്ടാണ് ലോക റെക്കോഡോടെ റിലേ തീര്‍ത്തത്. ജമൈക്കയാണ് രണ്ടാംസ്ഥാനത്ത്.

നാലുവര്‍ഷം മുന്‍പ് ബെയ്ജിങ്ങില്‍ സെമിഫൈനലില്‍ അയോഗ്യരാക്കപ്പെട്ടതിന്റെ സങ്കടത്തില്‍ നിന്നും പകയോടെയുള്ള തിരിച്ചുവരവ് കൂടിയായിരുന്നു അമേരിക്കന്‍ ടീമിനിത്. ഏഥന്‍സില്‍ അമേരിക്കന്‍ ടീമിന് ഫൈനലില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

1985ല്‍ കാന്‍ബറയില്‍ അന്നത്തെ കിഴക്കന്‍ ജര്‍മന്‍ ടീം കുറിച്ച ലോക റെക്കോഡും (41.37 സെക്കന്റ്) 1980ല്‍ മോസ്‌കോയില്‍ കിഴക്കന്‍ ജര്‍മനിയുടെ തന്നെ ഒളിമ്പിക് റെക്കോഡും (41.6 സെക്കന്റ്) ആണ് ജെറ്ററും ടിയാന മാഡിസണും അല്ലിസണ്‍ ഫെലിക്‌സും ബിയാങ്ക നൈറ്റും ചേര്‍ന്ന ടീം പഴങ്കഥയാക്കിയത്.

മാഡിസണായിരുന്നു ആദ്യ ലാപ്പ് ഓടിയത്. തുടര്‍ന്ന് ഫെലിക്‌സ്. പിന്നീട് ബാറ്റണ്‍ നൈറ്റില്‍ നിന്ന് ജെറ്ററിലേയ്ക്ക്. പിറകെ കുതിച്ച കെറോണ്‍ സ്റ്റീവാര്‍ട്ടിന് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ കഴിയും മുന്‍പ് തന്നെ കൊടുങ്കാറ്റ് പോലെ ജെറ്റര്‍ ക്ലേക്കിലേയ്ക്ക് കണ്ണെറിഞ്ഞ് ഫിനിഷ് ലൈന്‍ തൊട്ടു.

800 മീറ്ററില്‍ കെനിയയുടെ ഡേവിഡ് റുഡീഷയാണ് ഈ ഒളിമ്പിക്‌സിലെ ആദ്യ ലോക റെക്കോഡുകാരന്‍. അപ്പീലിലൂടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി ശ്രദ്ധേയമായ പുരുഷന്മാരുടെ 4-400 റിലേയില്‍ ബഹാമസ് ചരിത്രനേട്ടം കൈവരിച്ചു.

Advertisement