ലണ്ടന്‍: ഹോക്കിയില്‍ നാണക്കേടിന്റെ ഭാരം കുറക്കാന്‍ ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങും. ലീഗിലെ എല്ലാ മത്സരവും തോറ്റ ഇന്ത്യക്ക് ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാര്‍ എന്ന നാണക്കേടൊഴിവാക്കാനുള്ള പോരാട്ടം കൂടിയാണ് ഇന്ന് നടക്കുന്നത്.

Ads By Google

11ാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വലിയ പ്രതീക്ഷകളുമായി ലണ്ടനില്‍ വിമാനമിറങ്ങുകയും ഒടുവില്‍ തോറ്റമ്പി സമ്മര്‍ദത്തിലാവുകയും ചെയ്ത ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒരു വിജയം പിറക്കുമോയെന്ന് കോച്ച് മൈക്കല്‍ നോബ്‌സിനും സംശയം.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ പതിനൊന്നാം സ്ഥാനത്തേക്ക് ഇന്ത്യക്ക് കയറാം. തോറ്റാല്‍ 12ാം സ്ഥാനവുമായി ഒറ്റജയം പോലുമില്ലാതെ മടങ്ങാം. ആകെ 12 ടീമുകളാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ പങ്കെടുക്കുന്നത്.

ഒരുകാലത്ത്‌ സ്ഥിരം ഫൈനല്‍ കളിക്കുകയും ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്തവരാണ് കുത്തനെ താഴേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. എട്ട്തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും തോറ്റ് ഒരൊറ്റ പോയിന്റും നേടാത്ത ഏക ടീമാണ്.

ഇന്ത്യയെ 3- 2ന് തോല്‍പിച്ച് അരങ്ങേറ്റം കുറിച്ച ഹോളണ്ട് ഒരൊറ്റ മല്‍സരവും തോല്‍ക്കാതെയാണ് ഫൈനലിന് യോഗ്യത നേടിയത്. അതേസമയം ദക്ഷിണ കൊറിയയെ 3-2ന് തോല്‍പിച്ച് പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തെത്തി. കൊറിയ എട്ടാം സ്ഥാനത്താണ്‌. രണ്ടുതവണ പിന്നില്‍നിന്ന് തിരിച്ചടിച്ചാണ് പാക്കിസ്ഥാന്‍ കൊറിയയെ തോല്‍പിച്ചത്.

അര്‍ജന്റീനയെ തോല്‍പിച്ച് ന്യൂസീലന്‍ഡ് ഒന്‍പതാം സ്ഥാനവും കരസ്ഥമാക്കി. അര്‍ജന്റീനയാണ് പത്താം സ്ഥാനത്ത്.