എഡിറ്റര്‍
എഡിറ്റര്‍
200 മീറ്ററിലും ചരിത്രം കുറിച്ച് ബോള്‍ട്ട്
എഡിറ്റര്‍
Friday 10th August 2012 9:14am

ലണ്ടന്‍: ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഇതിഹാസമായി. പുരുഷന്‍മാരുടെ 200 മീറ്ററിലും സ്വര്‍ണം ഓടിയെടുത്ത ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സുവര്‍ണമുദ്ര നിലനിര്‍ത്തുന്ന ആദ്യതാരമായി.

Ads By Google

ട്രാക്കിലും പുറത്തും കനത്ത വെല്ലുവിളി ഉയര്‍ത്തിയ കൂട്ടുകാരന്‍ യൊഹാന്‍ ബ്ലെയ്ക്കിന് തൊടാനാവാതെ 19.32 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അവസാന 50 മീറ്ററില്‍ അട്ടിമറിയുടെ മുന്നറിയിപ്പുമായി ബോള്‍ട്ടിന് ശരിക്കും വെല്ലുവിളി ഉയര്‍ത്തിയ ബ്ലെയ്ക്ക് 19.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.

ഇരുവരുടെയും സീസണിലെ മികച്ച സമയമാണിത്. മറ്റൊരു ജമൈക്കക്കാരനായ വാറണ്‍ വെയ്ര് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 19.84 സെക്കന്‍ഡില്‍ വെങ്കലം നേടി. 19.30 സെക്കന്‍ഡാണ് 200 മീറ്ററില്‍ ബോള്‍ട്ടിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡ്. ലോക റെക്കോഡാകട്ടെ 19.19 സെക്കന്‍ഡും.

പതിവുപോലെ മറ്റുള്ളവരെക്കാള്‍ സാവധാനമാണ് ബോള്‍ട്ട് തുടങ്ങിയത്. എന്നാല്‍ ദൂരം കുറയുന്നതിനനുസരിച്ച് വേഗം കൂടി. കരുത്തിന്റെ ആരവം തീര്‍ത്ത അവസാന ഇരുപത് മീറ്ററില്‍ ബോള്‍ട്ട് മിസൈല്‍ പോലെ കുതിച്ചു. ഒളിമ്പിക് പാര്‍ക്കിലെ 200 മീറ്റര്‍ ട്രാക്കില്‍ ജമൈക്ക മാത്രമെ ഉണ്ടായിരുന്നുള്ളു.

100 മീറ്റര്‍ 9.63 സെക്കന്റില്‍ ഓടിയാണ്  ഉസൈന്‍ ബോള്‍ട്ട് ലണ്ടനില്‍ സ്വര്‍ണം അണിഞ്ഞത്. അവിടെയും യോഹാന്‍ ബ്ലേക്കിനായിരുന്നു വെള്ളി.

പരിക്കിന്റെ പിടിയില്‍ വലഞ്ഞ ബോള്‍ട്ടിനെ ഈ സീസണില്‍ രണ്ടുവട്ടം ബ്ലെയ്ക്ക് അട്ടിമറിച്ചതോടെയാണ് 200 മീറ്റര്‍ ഫൈനലിന് മേല്‍ ആശങ്കയുടെയും ഉദ്വേഗത്തിന്റെയും നിഴല്‍ പരന്നത്. എന്നാല്‍, തന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ഒരു ആശങ്കയ്ക്കും ഒരു ഉദ്വേഗത്തിനും സ്ഥാനമില്ലെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കും മട്ടിലായിരുന്നു ബോള്‍ട്ടിന്റെ റേസ്.

ബോള്‍ട്ടിന്റെ പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement