ന്യൂദല്‍ഹി:  ഒളിമ്പിക്‌സ് മത്സരത്തില്‍ നിന്നും ഗുസ്തി ഒഴിവാക്കുന്നു. 2020ലെ ഒളിമ്പിക്‌സ് മുതല്‍ ഗുസ്തിയെ ഒഴിവാക്കാന്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ നിര്‍വ്വാഹകസമിതി തീരുമാനിച്ചു.

Ads By Google

Subscribe Us:

ഒളിമ്പിക്‌സിലെ 26 മത്സരയിനങ്ങള്‍ ഒളിമ്പിക് കമ്മറ്റി അവലോകനം ചെയ്തിരുന്നു. ഈ മത്സരയിനങ്ങളില്‍ ഒന്ന് നീക്കം ചെയ്ത് പുതിയ മത്സര ഇനം ഉള്‍പ്പെടുത്താനാണ് നീക്കം.

ഗുസ്തിക്ക് പകരം മോഡേണ്‍ പെന്റാത്തലന്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

2005 ല്‍ ബെയ്‌സ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ മത്സര ഇനങ്ങളാണ് അവസാനമായി ഒളിമ്പിക്‌സില്‍ മത്സര ഇനങ്ങളില്‍ നിന്ന് ഒഴിവാക്കിയവ.

അതേസമയം രണ്ട് മാസത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ 2020 ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട മത്സര ഇനങ്ങള്‍ ഏതെല്ലാമാണെന്ന കാര്യം തീരുമാനിക്കും.

സെപ്തംബറില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ഐ.ഒ.സി ജനറല്‍ അസംബ്ലിയിലാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

എന്നാല്‍ ഒളിമ്പിക്‌സില്‍ നിന്നും ഗുസ്തി മത്സരത്തെ ഒഴിവാക്കിയത് ഇന്ത്യയെ സംബന്ധിച്ച തിരിച്ചടിയാണ്. ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയുള്ള മത്സരയിനമാണ് ഗുസ്തി. 2012 ഒളിമ്പക്‌സിലെ ഗുസ്തിയില്‍ സുശീല്‍കുമാര്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്നിരുന്നു. ഇതുവരെ നാല് മെഡലുകള്‍ ഈ ഇനത്തില്‍ ഇന്ത്യ നേടിയിട്ടുണ്ട്.