മോസ്‌കോ: ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ഭൂമിയുമെല്ലാമാണ് സാധാരണ ഇന്ത്യയില്‍ കൊടുക്കാറ്. ഒരുകോടിക്ക് മുകളിലൊന്നും പാരിതോഷികം കടന്നിട്ടുമില്ല.

Ads By Google

എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ റഷ്യയെ ഒന്ന് മാതൃകയാക്കിയാല്‍ കൊള്ളാമെന്നായിരിക്കും ഇന്ത്യയിലെ അത്‌ലറ്റുകള്‍ക്ക് തോന്നുന്നത്. കാരണം ഒളിമ്പിക്‌സില്‍ നിന്നും മെഡല്‍ നേടിയ താരങ്ങള്‍ക്കെല്ലാം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഢംബരക്കാറുകളാണ് റഷ്യന്‍ ഭരണകൂടം നല്‍കുന്നത്.

അതുതന്നെ ആഢംബരക്കാറിലെ കേമനായ ഓഡിയാണ് താരങ്ങള്‍ക്ക് സമ്മാനിച്ചത്. അതുമാത്രമല്ല റഷ്യയിലെ നിരവധി കടമ്പകള്‍ കടന്നുള്ള വാഹന രജിസ്‌ട്രേഷനില്‍ നിന്നു താരങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ലളിതമായ നടപടികളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ താരങ്ങള്‍ക്കുകഴിയും. ഇതിനായി ട്രാഫിക് പോലീസ് വിഭാഗത്തെയും ചുമതലപ്പെടുത്തി.

തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനില്‍ നിന്നാണ് മെഡല്‍ ജേതാക്കള്‍ ഇന്നലെ കാര്‍ ഏറ്റുവാങ്ങിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ റഷ്യയ്ക്കുവേണ്ടി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമായി 129 താരങ്ങളാണ് സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ സ്വന്തമാക്കിയത്.