ലണ്ടന്‍ : ഹോക്കി ചരിത്രത്തിലെ ഏറ്റവും നാണം കെട്ട പ്രകടനത്തിലൂടെ ഒളമ്പിക്‌സിലെ അവസാനത്തെ പേരുകാരായി ഇന്ത്യന്‍ ഹോക്കി ടീം. ബീജിങ് ഒളിമ്പിക്‌സില്‍ കളിക്കാന്‍ കഴിയാത്ത ടീം ലണ്ടനിലേക്ക് തിരിച്ചപ്പോള്‍ ഇത്ര ദയനീയമായ പ്രകടനമായിരിക്കും കാഴ്ച വെക്കുകയെന്ന് ആരും കരുതിയിരിക്കില്ല. ഒളിമ്പിക്‌സില്‍ അഞ്ച് തവണ സ്വര്‍ണ്ണം നേടിയ ചരിത്രമുള്ള ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം രാജ്യത്തെ മറ്റ് താരങ്ങള്‍ക്ക് മാനക്കേടുണ്ടാക്കി.

Ads By Google

ഒളിമ്പിക്‌സിലെ അവസാന ടീമിനെ കണ്ടെത്താനുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മുട്ടുകുത്തിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയായിരുന്നു ദക്ഷിണാഫ്രിക്ക പതിനൊന്നാം സ്ഥാനക്കാരായത്. ആദ്യപകുതിയില്‍  ദക്ഷിണാഫ്രിക്ക ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ആന്‍ഡ്ര്യൂ കോണ്യേയാണ്യേ എട്ടാം മിനിറ്റില്‍ ഇന്ത്യന്‍ വല കുലുക്കിയാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. മറുപടിയായി പതിനാലാം മിനിറ്റില്‍ സന്ദീപ്‌സിങ് പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സമനില നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസകരമായിരുന്നു.

ആദ്യ പകുതിയില്‍ തന്നെ തിമോത്തി ഡ്രമണ്ടിലൂടെ 34ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ലീഡുയര്‍ത്തി. ലോയ്ഡ് നോറിസ് ജോണ്‍സ് തുടര്‍ച്ചയായി മൂന്നാം ഗോള്‍ 65ാം മിനിറ്റില്‍ നേടിയപ്പോള്‍ തിരിച്ചു വരാന്‍ കഴിയാത്ത വിധം ടീം ഇന്ത്യ മാനസിക പിരിമുറക്കത്തിലായിരുന്നു. ധരംവീര്‍ സിങ് ഒരു ഗോള്‍ മടക്കിയെങ്കിലും സമനില നേടാന്‍ പോലും കഴിഞ്ഞില്ല.