റാഞ്ചി: ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരിച്ചത്. ദേശീയഗെയിംസില്‍ കേരളസംഘത്തിന്റെ തലവാനായി റാഞ്ചിയിലെത്തിയതായിരുന്നു സുരേഷ് ബാബു.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു സുരേഷ് ബാബു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ലോംഗ്ജമ്പറായിട്ടാണ് സുരേഷ് ബാബു അറിയപ്പെടുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ രണ്ടിനങ്ങളില്‍ സ്വര്‍ണം നേടിയതാണ് സുരേഷ് ബാബുവിനെ പ്രശസ്തനാക്കിയത്. 1974ല്‍ ടെഹ്‌റാന്‍ ഗെയിംസില്‍ ഡെക്കാത്‌ലണിലും 1978ലെ ബാങ്കോക്ക് ഗെയിംസില്‍ ലോംഗ്ജമ്പിലും മെഡല്‍ നേടിയിരുന്നു. ഡെക്കാത്ത്‌ലണിലൂടെയാണ് കടന്നുവന്നതെങ്കിലും ലോംഗ്ജമ്പിലും ഹൈജമ്പിലും സുരേഷ് ബാബു ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

സുരേഷ്ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അനുശേചിച്ചു. കായിക മേഖലക്ക് സുരേഷ്ബാബു നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളെടുക്കാന്‍ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.