ന്യൂദല്‍ഹി: ഒളിമ്പിക്‌സില്‍നിന്ന് ഗുസ്തി മത്സരം ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ആവശ്യപ്പെടും.

Ads By Google

2020ലെ ഒളിമ്പിക്‌സില്‍ ഗുസ്തി ഒഴിവാക്കാനാണ് ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞദിവസം തീരുമാനമെടുത്തത്. ഈ തീരുമാനം ഇന്ത്യയിലെ അനേകായിരം ഗുസ്തി താരങ്ങളെ നിരാശരാക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 1896 മുതല്‍ക്ക് ഒളിമ്പിക് ഇനമായ ഗുസ്തി ഒഴിവാക്കുന്നതില്‍ ന്യായമില്ലെന്ന് മന്ത്രാലയം പറഞ്ഞു.

ഗുസ്തിക്ക് ജനപ്രീതിയുള്ള മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നാകും ഇന്ത്യ ഗുസ്തി ഒളിമ്പിക് ഇനമായി നിലനിര്‍ത്തുന്നതിനുള്ള സമ്മര്‍ദം ചെലുത്തുക.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേരുന്ന ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡിലും പിന്നീട് അര്‍ജന്റീനയിലെ ബ്യൂണസ്അയേഴ്‌സില്‍ നടക്കുന്ന ഐ.ഒ.സി.സെഷനിലും ഈ വിഷയം ഉന്നയിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

ഗുസ്തി ഒളിമ്പിക്‌സിലെ മുന്‍നിര കായിക ഇനമായി നിലനിര്‍ത്താനുള്ള ശ്രമമാകും കായിക മന്ത്രാലയം നടത്തുക.

ചൊവ്വാഴ്ച ലൗസേനില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് 2020ല്‍ ഉണ്ടാകേണ്ട 25 മുഖ്യ ഇനങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചിരുന്നു. ആ പട്ടികയിലാണ് ഗുസ്തി പെടാതിരുന്നത്. ഈ പട്ടികയ്ക്ക് അന്തിമതീരുമാനം നല്‍കേണ്ടത് ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ഐ.ഒ.സി. യോഗമാണ്.