ന്യൂദല്‍ഹി: ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഇന്ന് അവസാന പൂള്‍ മത്സരങ്ങള്‍ കളിക്കും. വനിതാ വിഭാഗത്തിലെ നിര്‍ണായക മത്സരത്തില്‍ ഇറ്റലിയെയാണ് ഇന്ത്യ നേരിടുക. വൈകിട്ട് ആറു മണി മുതലാണു മത്സരം. ഫൈനല്‍ ഉറപ്പാക്കിയ പുരുഷന്‍മാരെ നേരിടുന്നത് പോളണ്ടാണ്. മറ്റു മത്സരങ്ങളില്‍ ഇറ്റലി സിംഗപ്പുരിനെയും ഫ്രാന്‍സ് കാനഡയെയും നേരിടും.

പോളണ്ട്, ഫ്രാന്‍സ്, കാനഡ എന്നീ ടീമുകള്‍ക്ക് ഇന്നു നിര്‍ണായക ദിനമാണ്. മൂന്നു ടീമുകള്‍ക്കും ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നു തോറ്റാലും ഇന്ത്യയ്ക്കു ഫൈനല്‍ കളിക്കാം.

Subscribe Us:

പോളണ്ടിനോട് ഇന്ത്യ തോല്‍ക്കുകയും കാനഡയെ ഫ്രാന്‍സ് തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യ, പോളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്ക് 12 പോയിന്റ് വീതമാകും. പിന്നെ ഗോള്‍ ശരാശരി പരിഗണനയ്ക്കു വരും. ഗ്രൂപ്പ് മല്‍സരത്തില്‍ ഫ്രാന്‍സിനെ 6 – 2നു പരാജയപ്പെടുത്തിയ ഇന്ത്യയ്ക്കു ഗോള്‍ ശരാശരിയില്‍ ഫ്രാന്‍സിനെ മറികടന്നു ഫൈനലിലേക്കു കടക്കാം.

ഇറ്റലിക്കെതിരേ ഇന്നു നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രമേ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ വനിതകള്‍ക്കാകു. കാനഡ, പോളണ്ട് ടീമുകള്‍ക്കെതിരേ ജയമറിഞ്ഞ അവര്‍ യുക്രൈനോടു സമനില വഴങ്ങുകയും ദക്ഷിണാഫ്രിക്കയോട് 5-2 നു തോല്‍ക്കുകയും ചെയ്തതാണു തിരിച്ചടിയായി. നാലു കളികളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്കയാണ് പോയിന്റ് നിലയില്‍ മുന്നില്‍.

അത്രയും കളികളില്‍നിന്ന് രണ്ടു ജയവും രണ്ടു സമനിലയും സ്വന്തമാക്കിയ ഇറ്റലി എട്ടു പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ ഏഴു പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ഇന്ത്യയുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടെന്ന് വനിതാ ടീം കോച്ച് സി.ആര്‍. കുമാര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വഴങ്ങിയ അഞ്ചു ഗോളുകളും പ്രതിരോധത്തിലെ പാളിച്ച മൂലമുണ്ടായതാണ്. നാലു തുടര്‍ച്ചയായ ജയങ്ങളോടെ ഫൈനലില്‍ കടന്ന പുരുഷ ടീം ഫൈനലിലെ എതിരാളികള്‍ ആരെന്നാണ് ഉറ്റുനോക്കുന്നത്. 12 പോയിന്റ് നേടിയ ഇന്ത്യ 32 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് വര്‍ഷിച്ചത്. പോളണ്ടിനെതിരേ ഇന്നു തോറ്റാല്‍പ്പോലും മികച്ച ഗോള്‍ശരാശരി ഇന്ത്യയുടെ രക്ഷക്കെത്തും. രണ്ടാംസ്ഥാനത്തുള്ള പോളണ്ടിന് ഒന്‍പതു പോയിന്റുണ്ട്.

ഇന്നു ജയിച്ചാല്‍ ഫൈനലില്‍ അവര്‍ക്ക് ഇന്ത്യയെ നേരിടാനാകും. പോളണ്ട് തോല്‍ക്കുകയും ഫ്രാന്‍സ് കാനഡയെ ജയിക്കുകയും ചെയ്താല്‍ ഇന്ത്യ ഫ്രാന്‍സ് ഫൈനലാകും നടക്കുക. അങ്ങനെയെങ്കില്‍ ഇന്ത്യക്ക് 15 പോയിന്റും ഫ്രാന്‍സിന് 12 പോയിന്റുമാകും. കാനഡ ഫ്രാന്‍സിനെ തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യയോടു തോറ്റാലും പോളണ്ട് ഫൈനലില്‍ കടക്കും.

ഇതുവരെയുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചെങ്കിലും ഗോളുകള്‍ വഴങ്ങുന്നത് ഇന്ത്യയെ അലട്ടുന്നുണ്ട്. ഇന്ത്യന്‍ കളിയില്‍ താന്‍ കാണുന്ന ഏക പോരായ്മ ഗോള്‍ വഴങ്ങുന്നതാണെന്നു മുന്‍ നായകന്‍ രാജ്പാല്‍ സിങ് ചൂണ്ടിക്കാട്ടി.

Malayalam News

Kerala News In English