ന്യൂദല്‍ഹി: ഒളിംപിക്‌സ് ഹോക്കിയില്‍ നഷ്ടപ്പെട്ട പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം.1928 ഒളിംപിക്‌സ് മത്സരങ്ങളില്‍ കളിച്ചതിനുശേഷം എട്ടുതവണ ചാമ്പ്യന്‍ പട്ടം അലങ്കരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീം പുറത്തായി. എന്നാല്‍ അന്നു നഷ്ടപ്പെട്ട അവസരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടീം ഇപ്പോള്‍.

ലണ്ടന്‍ ഒളിംപ്ക്‌സിലെ അവശേഷിക്കുന്ന സ്ഥാനങ്ങളിലൊന്ന് കരസ്ഥമാക്കാനുള്ള യോഗ്യതാ ടൂര്‍ണമെന്റിന് നാളെയാണ് തുടക്കം കുറിക്കുന്നത്. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്കാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതോടൊപ്പം തന്നെ വനിതാവിഭാഗം ടൂര്‍ണമെന്റും നടക്കും.

Subscribe Us:

യോഗ്യതാ ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്,ഇറ്റലി,കാനഡ,പോളണ്ട്,സിംഗപ്പൂര്‍,എന്നീ രാജ്യങ്ങളാണ് മത്സരിക്കുന്നത്. ഇവരെല്ലാം റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിനേക്കാള്‍ താഴെയാണ്. ആദ്യമത്സരത്തില്‍ ഇന്ത്യ സിംഗപ്പൂരിനെയാണ് നേരിടേണ്ടത്. ഇറ്റലിയുമായി 19 ാംതിയ്യതിയും ഫ്രാന്‍സുമായി 21നും കാനഡയുമായി 22 നും പോളണ്ടുമായി 24 ാം തിയ്യതിയുമാണ് മത്സരം നടക്കുക.

പ്രാഥമിക റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ 26ാംതിയ്യതി ഫൈനലില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ലണ്ടന്‍ ഒളിംപ്‌സില്‍ പങ്കെടുക്കാം. 18 ഒളിംപിക്‌സുകളില്‍ മത്സരിച്ച ഇന്ത്യയ്ക്ക് എട്ടുസ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂദല്‍ഹി ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മറ്റൊരു ടീമിനും ഒളിംപിക്‌സില്‍ മെഡല്‍ നേടാനായിട്ടില്ല.

Malayalam News

Kerala News In English