ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ടീമും ഒളിംമ്പിക്‌സ് യോഗ്യതാ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. അവസാന ലീഗ് മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പുവരുത്തിയത്. റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ഇറ്റലിയും ഏറ്റുമുട്ടിയപ്പോള്‍ മുന്‍തൂക്കം എതിരാളികള്‍ക്ക്.

ഇറ്റലിയുടെ ഫൈനല്‍ പ്രവേശത്തിന് സമനിലമാത്രം മതിയായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞൊന്നും പരിഹാരവുമല്ലായിരുന്നു. ജീവന്‍മരണപോരാട്ടത്തില്‍ കളിയുടെ 55ാം മിനിറ്റില്‍ റിതു റാണിയിലൂടെ പിറന്ന ഗോള്‍ ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യ ഫൈനലില്‍ ഇടംനേടി. മത്സരം തീരാന്‍ രണ്ട് മിനുട്ട് മാത്രം ശേഷിക്കേ ഇറ്റലിയ്ക്ക് ലഭിച്ച രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കിയെങ്കിലും രണ്ട് ഭീഷണികളും അനായാസമായി മറികടന്ന് ഫൈനലിലേക്കുള്ള വരവ് അറിയിച്ചു.

ഇന്നു നടക്കുന്ന വനിതാ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി എട്ടു മണി മുതലാണു മത്സരം. ഞായറാഴ്ച നടക്കുന്ന പുരുഷന്‍മാരുടെ ഫൈനലില്‍ ഇന്ത്യ ഫ്രാന്‍സിനെയാണു നേരിടുക. പോളണ്ടിനെതിരേ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യക്കു വേണ്ടി സന്ദീപ് സിംഗ് രണ്ടു ഗോളും രഘുനാഥ്, ശിവേന്ദ്ര സിംഗ് എന്നിവരും ഗോളടിച്ചു.

അഞ്ചു കളികളും ജയിച്ചു 15 പോയിന്റു നേടിയ ഇന്ത്യ ഒന്നാമതായാണ് ഫൈനലില്‍ കടന്നത്. അത്രയും കളികളില്‍ 10 പോയിന്റുള്ള ഫ്രാന്‍സാണു രണ്ടാമത്. കാനഡയോട് 1-1 നു സമനില വഴങ്ങേണ്ടി വന്നെങ്കിലും ഇന്ത്യ പോളണ്ടിനെ തോല്‍പ്പിച്ചത് ഫ്രാന്‍സിനു ഗുണമായി.

വനിതകളില്‍ രണ്ടാംസ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അഞ്ചു കളികളില്‍നിന്ന് ഇന്ത്യക്കു 10 പോയിന്റുണ്ട്. അത്രയും കളികളില്‍നിന്ന് 13 പോയിന്റ് നേടിയാണ് ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തെത്തിയത്. ജയത്തില്‍ കുറഞ്ഞതൊന്നും നേടാനില്ലാതെ കളിക്കാനിറങ്ങിയ വനിതകള്‍ ഒന്നാംപകുതിയില്‍ ഇറ്റലിയെ ഗോളടിക്കാന്‍ വിടാതെ തടഞ്ഞു.

Malayalam news

Kerala news in English