എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ നിന്നുള്ള ഒളിപിംക്‌സ് താരങ്ങള്‍ക്ക് ക്യാമ്പില്‍ നല്‍കുന്നത് മോശം ഭക്ഷണം
എഡിറ്റര്‍
Tuesday 5th June 2012 2:34pm

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ റസ് ലിംഗ് താരങ്ങള്‍ക്ക് ഒളിംപിക്‌സ് ട്രെയിനിംഗ് ക്യാമ്പില്‍ നല്‍കുന്നത് മോശം ഭക്ഷണമെന്ന് റിപ്പോര്‍ട്ട്. ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൃത്തിയില്ലാത്ത ഭക്ഷണമാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. അതുതന്നെ വൃത്തിയില്ലാത്ത അടുക്കളയിലാണ് പാകം ചെയ്യുന്നതെന്നും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഒഫീഷ്യല്‍സ് അറിയിച്ചു.

സ്‌പോര്‍ട്‌സ് മിനിസ്ട്രി മോണിറ്ററിംഗ് പാനലിലെ അംഗവും മുന്‍ നീന്തല്‍ താരവുമായ ഖജന്‍സിംഗ് കഴിഞ്ഞ ദിവസം ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം അറിയുന്നത്.

”ഞാന്‍ അവിടെ ചെന്നപ്പോള്‍ കാണുന്നത് താരങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണമെല്ലാം നിലവാരമില്ലാത്ത പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. അതുതന്നെ പാകം ചെയ്യുന്നത് വൃത്തിയില്ലാത്ത അടുക്കളയില്‍ വെച്ചാണ്.

ഇവര്‍ക്ക് കൊടുക്കുന്ന ഭക്ഷണം നിലവാരമുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഒരു ഡയറ്റീഷ്യനെയോ ഏതെങ്കിലും മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടിനേയോ ഞാന്‍ കണ്ടില്ല. ഇവരാരും ഈ വാര്‍ത്ത പുറത്തുപറയാന്‍ തയ്യാറല്ല. ക്യാമ്പില്‍ നിന്നും പുറത്താക്കുമോ എന്ന ഭയമാണ് പലര്‍ക്കും”.

ബെയ്ജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ജേതാവായ സുശീല്‍കുമാറും ഈ ക്യാമ്പിലുണ്ട്. സ്‌പോട്‌സിനായി ഇത്രയും പണം ചെലവഴിക്കുന്ന രാജ്യത്ത് ഇത്തരത്തിലൊരു അവസ്ഥയുണ്ടാകുന്നെന്നു പറയുന്നത് നിരാശാജനകമാണ്.

അടുത്തമാസമാണ് ലണ്ടനില്‍ ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ് ക്യാമ്പില്‍ ഉള്ളത്. ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ സൗകര്യത്തെ പറ്റി അന്വേഷിക്കേണ്ട ചുമതല ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement