Categories
chemmannoor

റോബിനച്ചനും കേരളരാഷ്ടീയവും

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് അടുത്തിടെ അറസറ്റിലായ ഫാ. റോബിന്‍ വടക്കുംചേരിക്ക് കേരളത്തില്‍നടന്ന ചില രാഷ്ട്രീയഗൂഢാലോചനകളില്‍ നേരിട്ടുപങ്കുണ്ടെന്ന രഹസ്യം ഇപ്പോഴാണ് മറനീക്കി പുറത്തുവരുന്നത്.

മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപികയുടെ മേധാവിയായിരിക്കുമ്പോഴാണ് വടക്കുംചേരി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയ്ക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായത്. അതുവരെ ആരും കേട്ടിട്ടില്ലാത്ത കോഴിക്കോട്ടെ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഫാരീസ് അബൂബക്കറായിരുന്നു പാര്‍ട്ടിയിലെ ഒരു ചേരിയെ സഹായിക്കാന്‍ പരസ്യമായി രംഗത്തുവന്നത്.

ഫാരീസിന്റെ ഉടമസ്ഥതയില്‍ വി.എസ്. അച്യുതാനന്ദനെതിരെ കാംപെയ്ന്‍ നടത്താന്‍ ഉതകുന്ന ഒരു പത്രം തുടങ്ങാന്‍ ആലോചിക്കുമ്പോഴാണ് ദീപികയുടെ ഓഹരി നല്‍കാമെന്ന വാഗ്ദാനവുമായി ദീപിക മാനേജിങ്ങ് ഡയരക്ടറായ ഫാ. വടക്കുംചേരി മുന്നോട്ടുവരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ദീപികയ്ക്ക് പണം സ്വരൂപിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നില്ല ഇതിനു പിന്നില്‍. കമ്യൂണിസത്തിന്റെ എക്കാലത്തെയും വലിയ ശത്രുവായ കത്തോലിക്കാപ്പള്ളിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമായിരുന്നു വടക്കുംചേരിയുടെ മുഖ്യതാല്‍പ്പര്യം.

ദീപികയുടെ വലിയൊരു ഭാഗം ഷെയറുകള്‍ വിലകൊടുത്തുവാങ്ങിയ ഫാരീസ് അബൂബക്കറിന്റെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു എഡിറ്റോറിയല്‍ നയങ്ങളെയും നിര്‍ണ്ണയിച്ചിരുന്നത്. അച്യുതാനന്ദനെതിരെയുള്ള അഴിമതിയാരോപണങ്ങളും അപവാദപ്രചരണവുമായിരുന്നു ഇതില്‍ പ്രധാനം.

ആദ്യത്തെ മലയാള പത്രമെന്ന നിലയില്‍ മാദ്ധ്യമചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ദീപികയുടെ ഉടസ്ഥവകാശം കളങ്കിതനായ ഒരു വ്യവസായിയുടെ കീഴിലേക്ക് മാറിയതില്‍ സഭാവിശ്വാസകള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും അതുവഴി സഭയ്ക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ലഭിക്കുമെന്നതായിരുന്നു ഫാ. വടക്കുംചേരിയുടെ വാദം.

 ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിലെതന്നെ ശക്തമായ വിഭാഗത്തിന്റെ പിന്തുണയോടെ  പൊതുജനമദ്ധ്യത്തില്‍ അവമതിക്കാനുള്ള അവസരവുംകൂടിയാണിതെന്ന് സഭയുടെ മേലധികാരികളെ വിശ്വസിപ്പിക്കുവാന്‍ കഴിഞ്ഞെങ്കിലും വടക്കുംചേരിയെയും ഫാരീസിനെയും പുറത്താക്കി പത്രം തിരിച്ചുപിടിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞു.

എന്നാല്‍, ഓഹരിവിലയായി ഫാരീസിന് നല്‍കിയതിനേക്കാള്‍ അഞ്ച് കോടിയാണ് മടക്കിനല്‍കേണ്ടിവന്നത്. ഈ കച്ചവടത്തിലും വടക്കുംചേരി അഴിമതി നടത്തിയെന്ന് സഭയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ഫാരീസ് അബൂബക്കര്‍ എന്ന വ്യവസായിയെ മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തുവരികയുംചെയ്തു. കളങ്കിതനായ ഒരു വ്യവസായിയാണോ പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങളില്‍ കക്ഷിചേര്‍ന്ന്  അഭിപ്രായം പറയേണ്ടതെന്ന ചോദ്യം പാര്‍ട്ടി അണികളും പൊതുജനങ്ങളും ഉന്നയിച്ചിരുന്നു.


Also Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ് 


പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അച്യുതാനന്ദനെ വിമര്‍ശിക്കാന്‍ പാര്‍ട്ടിയിലോ പൊതുസമൂഹത്തിലോ ആരുമല്ലാത്ത ഫാരീസ് അബൂബക്കറിന് കൈരളി ചാനല്‍തന്നെ വേദിയുണ്ടാക്കിക്കൊടുത്തതും വലിയ പ്രതിഷേധത്തിന് കാരണമായി.

ചാനലിന്റെ എഡിറ്ററും എം.ഡിയുമായ ജോണ്‍ ബ്രിട്ടാസുതന്നെ ഏതോ വലിയ സെലിബ്രിറ്റിയെ തങ്ങള്‍ക്ക് ജീവനോടെ കിട്ടി എന്ന മട്ടില്‍ ഫാരീസിനെ ആനയിച്ച് ഒരു മണിക്കൂര്‍ നീണ്ട അഭിമുഖം സംപ്രേഷണംചെയ്തതോടെയാണ് ഫാരീസിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ആരൊക്കെയോ ഉണ്ടെന്ന തെളിവില്ലാത്ത ആരോപണങ്ങള്‍ക്ക് തെളിവുലഭിച്ചത്.

വി.എസ്. അച്യുതാനന്ദനെ മാത്രമല്ല, അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി കരുതിയ മാതൃഭൂമി പത്രത്തെയും ആക്ഷേപിക്കാനായിരുന്നു ആ അഭിമുഖത്തില്‍ ഈ പുതുപ്പണക്കാരനായ വ്യവസായി ശ്രമിച്ചത്.

സ്വാതന്ത്ര്യ സമരത്തില്‍ മാത്രമല്ല, ഐക്യകേരളത്തിന്റെയും ആധുനിക കേരളീയ സംസ്‌കൃതിയുടെയും സൃഷ്ടിയിലും  നിര്‍ണ്ണായക പങ്കുവഹിച്ച മാതൃഭൂമി ദിനപത്രത്തെ അകാരണമായി അധിക്ഷേപിക്കുവാന്‍ ഈ കച്ചവടക്കാരന് അവസരം നല്‍കിയ ചാനല്‍ മേധാവികൂടിയായ അഭിമുഖകാരന്റെ നിലപാട് മാദ്ധ്യമ മര്യാദകളുടെ ലംഘനമായിരുന്നുവെന്ന് മാദ്ധ്യമലോകം അന്നുതന്നെ വിമര്‍ശനം ഉന്നയിക്കുകയുമുണ്ടായി.

രാഷ്ട്രീയനേതാക്കളെക്കുറിച്ചും മാദ്ധ്യമങ്ങളെക്കുറിച്ചുമൊക്കെ ആധികാരികമായി സംസാരിക്കാന്‍ ആരാണീ കച്ചവടക്കാരനെന്ന് കൈരളിയുടെ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടെങ്കിലും ഫാരിസ് മുതലാളി ചാനലിന്റെ ഓമനയായിത്തുടര്‍ന്നുവെന്നതാണ് തമാശ.

ചിരകാലസ്‌നേഹിതനും അഭ്യുദയകാംക്ഷിയുമായ ബ്രിട്ടാസിന്റെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് അക്കാലത്ത് ഞാനും എഴുതുകയുണ്ടായി. ദീപികയില്‍ ഫാരീസിനുവേണ്ടി പ്രവര്‍ത്തിച്ച ഫാദര്‍ വടക്കുംചേരി എന്തുകൊണ്ട് ദീപിക വിട്ടപ്പോള്‍ കൈരളിയുടെ മേധാവികളിലൊരാളായില്ല എന്ന ഒരത്ഭുതം മാത്രമേ എനിക്കിപ്പോഴുള്ളൂ.

എന്നാല്‍, ഇത് വെറും തമാശയല്ല. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനെ ഒതുക്കാന്‍ ക്രിമിനലുകളെയും പാര്‍ട്ടിവിരുദ്ധരെയും പാര്‍ട്ടിവിരുദ്ധ മാദ്ധ്യമങ്ങളെയും കൂട്ടുപിടിക്കുന്ന വിചിത്രമായ കാഴ്ച്ചയാണിത്. ഫാരീസ് അബൂബക്കറുടെയും ഫാദര്‍ വടക്കുംചേരിയുടെയും യഥാര്‍ത്ഥ മുഖം മലയാളികള്‍ക്കുമുന്നില്‍ വൈകിയാണെങ്കിലും വെളിപ്പെട്ടുവെന്നതാണ് ആശ്വാസം.

എന്നാല്‍, ഉന്നതങ്ങളില്‍ അവിശുദ്ധബന്ധങ്ങളുള്ള വടക്കുംചേരിയെപ്പോലുള്ള പുരോഹിതന്മാര്‍ കേരളത്തില്‍ സുരക്ഷിതരാണെന്നതാണ് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഫലമായി ദുരിതത്തിലായ കര്‍ഷകരെ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭങ്ങളില്‍ നിന്ന് അകറ്റാന്‍ ഇന്‍ഫാം എന്ന കര്‍ഷകസംഘടനയുണ്ടാക്കിയ വടക്കുംചേരിയെപ്പോലുള്ള ബലാത്സംഗകന്റെ രാഷ്ട്രീയവും ജനവിരുദ്ധമാണെന്നതാണ് ശ്രദ്ധേയം.

മതത്തിന്റെ പരിവേഷത്തില്‍ സാമൂഹികാംഗീകാരം നേടുന്ന അട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തുറന്നുകാട്ടാന്‍ ഇപ്പോള്‍ ഒരു വിഭാഗം മാദ്ധ്യമങ്ങളേയുള്ളൂ. വിപ്ലവസംഘടനകള്‍ക്കും ഈ കിരാതന്മാരെ തൊടാന്‍ പേടിയാണെന്നതാണ് പുരോഗമന-സാക്ഷരകേരളത്തിന്റെ സവിശേഷത. ഈ കാപട്യമാണ് വടക്കുംചേരിമാര്‍ക്ക് പ്രോത്സാഹനമാകുന്നത്.

Tagged with: