Categories

‘മനുഷ്യ മര്യാദകളെപ്പോലും ലംഘിച്ചു കൊണ്ടുള്ള മനുഷ്യക്കുരുതി’; ശശീന്ദ്രന്റെ ചോരയില്‍ അടിത്തറ ഉറപ്പിക്കാന്‍ മംഗളത്തിന് സാധിക്കില്ലെന്ന് ഒ.കെ ജോണി

കോഴിക്കോട്: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റേതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ.കെ ജോണി. മാധ്യമ ധാര്‍മ്മികതയെന്നല്ല, മനുഷ്യ മര്യാദകളെപ്പോലും ലംഘിച്ചു കൊണ്ടുള്ള മനുഷ്യക്കുരുതി പോലുള്ള പ്രാകൃതമാണെന്നായിരുന്നു ഒ.കെ ജോണിയുടെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.


Don’t Miss: ‘പ്രതിരോധിക്കാന്‍ കഴിയാത്ത പിഴവ്; ഇത് ന്യൂസ് പോണാഗ്രഫി’ ;മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍


കൂറ്റന്‍ പാലങ്ങളുടെയും അണക്കെട്ടുകളുടെയും അടിത്തറ ഭദ്രമാക്കാന്‍ മനുഷ്യരെ ബലിയര്‍പ്പിക്കുന്ന പ്രാകൃതമായ ആചാരം അത്ര പഴയതല്ല. പാവപ്പെട്ട അജാഞാതനായ ഒരു തൊഴിലാളിയോ ഗ്രാമീണനോ ആവും ഇര. കേരളത്തിലിപ്പോള്‍ ഈ പ്രാകൃതാചാരം പുതിയൊരു രീതിയലവതരിക്കുകയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

സ്വന്തം മാധ്യമ വ്യവസായത്തിന്റെ അടിത്തറ ഉറപ്പിക്കാന്‍ ഒരു പച്ചമനുഷ്യനെത്തന്നെ അവര്‍ കുരുതികൊടുത്തിരിക്കുന്നു. എന്നാല്‍ ശശീന്ദ്രന്റെ ചോരയില്‍ ആ അടിത്തറ ഉറയ്ക്കാനിടയില്ലെന്നാണ് തന്റെ വിനീതമായ നിരീക്ഷണമെന്ന് അദ്ദേഹം പറയുന്നു.
പുതിയ ചാനലിന്റെ ഉദ്ഘാടനം ഞെട്ടിക്കുന്ന ഒരു സ്‌കൂപ്പോടെയാവണം എന്ന് ഒരു എഡിറ്ററോ ബ്രോഡ്കാസ്റ്ററോ തീരുമാനിക്കുന്നതില്‍ തെറ്റില്ല. എന്നാലതു മാധ്യമധാര്‍മ്മികതയെന്നല്ല. മനുഷ്യമര്യാദകളെപ്പോലും ലംഘിച്ചുകൊണ്ടാവണം എന്ന വാശി മനുഷ്യക്കുരുതിപോലെ പ്രാകൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു മാധ്യമസ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് വേണ്ട മിനിമം യോഗ്യത, അതിന് രാജ്യത്തെ നിയമമനുസരിച്ച് എന്തൊക്കെ ചെയ്യാം അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ചുള്ള ധാരണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നാട്ടില്‍ മൈക്കു കെട്ടി പലരും പല ആഭാസവും വിളിച്ചുപറയാറുണ്ട്. സഭ്യേതരമായ അത്തരം ഭാഷണങ്ങള്‍, ഒരാള്‍ പറഞ്ഞുവെന്നതുകൊണ്ട് മാത്രം മാധ്യമങ്ങള്‍ക്ക് വീണ്ടും ആവര്‍ത്തിക്കാന്‍ അവകാശമുണ്ടോയെന്നും ഒ.കെ ജോണി ചോദിക്കുന്നു.


Also Read: അഭിനന്ദിക്കാന്‍ സഹതാരങ്ങള്‍ ഓടിയടുത്തപ്പോഴും വാരി പുണര്‍ന്നിട്ടും ഇരുന്നയിരുപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ രഹാനെ, വീഡിയോ കാണാം


ലോക മാധ്യമ രംഗത്തെ ഏറ്റവും ശക്തനായ മര്‍ഡോക്കിനു മലയാളത്തില്‍ അര ഡസനിലേറെ ചാനലുകളുണ്ട്. എന്നാല്‍ മലയാളികളെ ഇത്രത്തോളം അപഹസിക്കാനും മലയാളത്തിലെ മാധ്യമപ്രവര്‍ത്തനത്തെ ഇത്രമാത്രം ജീര്‍ണ്ണതയിലേക്ക് നയിക്കുവാനും അയാള്‍ പോലും ഇതുവരെ മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാധ്യമപ്രവര്‍ത്തനത്തെ വെറും മാംസക്കച്ചവടമാക്കി മാറ്റുന്ന ഈ പ്രവണതയാണ് മാധ്യങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

Tagged with: