Categories

മുഖ്യന് കുനിഷ്ട് ബുദ്ധി: പിണറായി

pinarayioommen

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള സി.പി.ഐ.എം നിലപാടിനെ കുനിഷ്ട് ബുദ്ധിയോടെ വ്യാഖ്യാനം ചെയ്യുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായാണ് സര്‍വ്വകക്ഷി യോഗത്തിന് പിണറായി വിജയന്‍ കുറിപ്പ് എഴുതി നല്‍കിയതെന്ന് ഉച്ചക്ക് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട ഒന്ന് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രസ്താവനയുമായി പിണറായി രംഗത്തെത്തിയിരിക്കുന്നത്.

സര്‍വ്വകക്ഷി യോഗത്തിന് നല്‍കിയ താന്‍ നല്‍കിയ  കത്ത് ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന പിണറായി കുറ്റപ്പെടുത്തി. കസ്തൂരി  രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്താവൂ എന്ന് കത്തില്‍ വിശദമാക്കിയതാണ്.

മലയോര മേഖലയിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തരുത്. ഇക്കാര്യങ്ങള്‍ മറച്ച് വച്ച് കുനിഷ്ട്  ബുദ്ധിയോടെ തന്റെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്ന് പിണറായി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.