എഡിറ്റര്‍
എഡിറ്റര്‍
റിലയന്‍സ് ഇന്റസ്ട്രീസിന് 7800 കോടി രൂപ പിഴ
എഡിറ്റര്‍
Saturday 5th May 2012 2:04pm

ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്റസ്ട്രീസിന് കേന്ദ്ര എണ്ണമന്ത്രാലയം 7800 കോടി രൂപ പിഴ ചുമത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ഗോദാവരി നദീതടത്തിലെ വാതക ഉല്പാദനത്തിലുണ്ടായ  നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് എണ്ണമന്ത്രാലയം റിലയന്‍സ് ഇന്റസ്ട്രീസിന് പിഴ ചുമത്തിയിരിക്കുന്നത്.

കൃഷ്ണ ഗോദാവരി നദീതടത്തിലെ വാതകം പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ കമ്പനിയുമായി റിലയന്‍സ് ഇന്റസ്ട്രീസിന് കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ റിലയന്‍സ് കരാര്‍ ലംഘിച്ചെന്നും ഇതിലൂടെ സര്‍ക്കാര്‍ ഏജന്‍സിക്ക് നഷ്ടം ഉണ്ടായെന്നും കാണിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചയിച്ചതില്‍ നിന്നും കുറച്ച് എണ്ണ കിണറുകളാണ് കമ്പനി നിര്‍മ്മിച്ചതെന്നും എണ്ണമന്ത്രാലയം ആരോപിക്കുന്നു.

എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ കൃഷ്ണ ഗോദാവരി തടത്തില്‍ എണ്ണനിക്ഷേപം കണ്ടെത്താനായില്ലെന്നാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ വാദം. ഇതിനാലാണ് ഉല്‍പാദനം കുറഞ്ഞതും സര്‍ക്കാര്‍ ഏജന്‍സിയുണ്ടാക്കിയ കരാര്‍ നടപ്പാക്കാനാകാത്തതെന്നും കമ്പനി പറയുന്നു.

എണ്ണനിക്ഷേപം ഇല്ലാതെ കൂടുതല്‍ എണ്ണകിണറുകള്‍ മാത്രം നിര്‍മ്മിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നുമാണ് റിലയന്‍സ് എണ്ണമന്ത്രാലയത്തിന്റെ നോട്ടീസിനോട് പ്രതികരിച്ചത്. എന്നാല്‍ റിലയന്‍സിന്റെ വാദങ്ങളോട് യോജിക്കാന്‍ എണ്ണമന്ത്രാലയം തയ്യാറായില്ല. 2010-11ലും, 2011-12ലും കൃഷ്ണഗോദാവരി തടത്തില്‍ നിന്നുള്ള ഉല്‍പ്പാദനം കുറവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പും എണ്ണമന്ത്രാലയം ഇന്റസ്ട്രീസിന് താക്കീത് നല്‍കിയിരുന്നു.

Advertisement