സ്വന്തം ലേഖകന്‍

മുബൈ തുറമുഖത്തിന് സമീപം ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ ഓയില്‍ ചോര്‍ച്ച മത്സ്യത്തൊഴിലാളികളെ വലക്കുന്നു. വരുന്ന ആറ് മാസത്തേക്കെങ്കിലും മുംബൈ തീരം ഈ ദുരന്തത്തിന്റെ തിക്ത ഫലം അനുഭവിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഓയില്‍ പടര്‍ന്ന സാഹചര്യത്തില്‍ മത്സ്യ സമ്പത്ത് ഉള്‍പ്പെടെയുള്ള കടല്‍ വിഭവങ്ങള്‍ വലിയ ഭീഷണിയിലായിരിക്കയാണ്. മാലിന്യം കലരാത്ത ഭാഗത്തേക്ക് മത്സ്യങ്ങള്‍ നീങ്ങുന്നതോടെ മുംബൈയിലെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകും.

‘ഞണ്ടുകളുടെയും ചെമ്മീനുകളുടെയും മുട്ടകളുടെ കൂട്ട നാശം ഓയില്‍ ചോര്‍ച്ച വഴി കാരണമാകും. ഇത് തീരത്തെ ആകെ നശിപ്പിക്കും’- തീരദേശ പരിസ്ഥിതി ഗവേഷകനായ ദീപക് ആപ്‌തെ പറയുന്നു.

മത്സ്യങ്ങളുടെ ഭക്ഷ്യ വസ്തുക്കളുടെ നാശത്തിനും ഇത് കാരണമായിട്ടുണ്ട്. ഇത് മേഖലയിലെ സമുദ്ര മത്സ്യജൈവ ശൃംഖലയെ വളരെ ദോശകരമായി ബാധിച്ചിട്ടുണ്ട്. നവി മുംബൈയിലെ കണ്ടല്‍ കാടുകളെയും ഇത് നശിപ്പിക്കും. ഓയില്‍ കടലില്‍ നിന്ന് സ്വാഭാവികമായി നീങ്ങണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് മറൈന്‍ വിഗഗ്ധര്‍ പറയുന്നത്. 25 കിലോമീറ്ററോളം വ്യാപ്തിയിലാണ് ഓയില്‍ വ്യാപിച്ചിരിക്കുന്നത്.

അതേസമയം കപ്പല്‍ അപകടത്തെ തുടര്‍ന്നുണ്ടായ മലിനീകരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് മത്സ്യ ബന്ധനം പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ഇവിടെ നിന്നുള്ള മത്സ്യങ്ങള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രദേശത്ത് 6,000 ചെറുകിട മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരെല്ലാം ഇപ്പോള്‍ തൊഴില്‍ രഹിതരായി കഴിയുകയാണ്. ഇതുവരെ 50 ടണ്‍ ഓയില്‍ കടലില്‍ പടര്‍ന്നുവെന്നാണ് കണക്കാക്കുന്നത്.

മൂന്ന് ദിവസം മുമ്പാണ് അറബിക്കടലിന്റെ കൊങ്കണ്‍ തീരത്ത് പനായുടെ ചരക്കു കപ്പലായ എം എസ് സി ചിത്രയും മറ്റൊരു കപ്പലായ എം വി ഖദീജയും കൂട്ടിയിടിച്ചത്. ദക്ഷിണ മംുബൈയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

ഇന്ത്യന്‍ തുറമുഖത്തുണ്ടായ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചക്കാണ് അപകടം വഴിവെച്ചത്. 2,600 ടണ്‍ എണ്ണയും 300 ടണ്‍ ഡീസലും 89 ടണ്‍ ല്യൂബ്രിക്കന്റുമായിരുന്നു ചിത്ര കപ്പലിലുണ്ടായിരുന്നത്. ഈ കപ്പലാണ് ഇപ്പോള്‍ കടലില്‍ ആഴ്ന്നുകൊണ്ടിരിക്കുന്നത്. കൂട്ടിയിടിച്ച് ഖദീജ കപ്പല്‍ സംഭവ ദിവസം തന്നെ തീരം വിട്ടു പോവുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍   >>