മുംബൈ: വാരാന്ത്യ വ്യാപാരത്തില്‍ ആഭ്യന്തര ഓഹരിവിപണികളില്‍ കനത്ത ഇടിവ്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് ഓഹരി വിപണിയില്‍ വന്‍ ഇടിവിന് കാരണമായത്. മുംബൈ ഓഹരി സൂചികയായ ബി.എസ്.ഇ 247 പോയിന്റ് ഇടിഞ്ഞ് 17693.18 പോയിന്റിലെത്തി. നിഫ്റ്റി 73 പോയിന്റ് ഇടിഞ്ഞ് 5331 പോയിന്റിലാണ്. മെറ്റല്‍, സിമന്റ് ഓഹരികളിലാണ് കനത്ത ഇടിവ് ദൃശ്യമായത്. തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 400 പോയിന്റും നിഫ്റ്റി 120 പോയിന്റും ഇടിഞ്ഞു.

ആഗോളവിപണിയിലെ കനത്ത ഇടിവാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്. 2008 ഡിസംബറിനുശേഷമുണ്ടാവുന്ന ഏറ്റവും കനത്ത ഇടിവാണിത്. യു.എസിലെ ഡൗ ജോണ്‍സ് 500 പോയിന്റ് താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യു.എസിലെ നൗഷ്താക് ഓഹരിവിപണി 5.08 പോയിന്റ് ഇടിഞ്ഞു.

യു.എസ് വിപണികള്‍ക്കുണ്ടായ തകര്‍ച്ച ഏഷ്യന്‍ വിപണികളെയും ബാധിച്ചിട്ടുണ്ട്. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 900ത്തില്‍ ഏറെ പോയിന്റും ജപ്പാന്റെ നിക്കെയ് 325 പോയിന്റും തായ്‌വാന്‍ സൂചിക 350 പോയിന്റും ഇടിവിലാണ്. ഇന്ത്യയുടെ നിഫ്റ്റി സൂചിക സിംഗപ്പൂര്‍ വിപണിയില്‍ 150 പോയിന്റ് താഴെയാണ്.

യു.എസിന്റെ കടപരിധി ഉയര്‍ത്തുന്ന ബില്‍ നിക്ഷേപകരില്‍ വന്‍ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിക്ഷേപകരെ സഹായിക്കാനാണ് കടപരിധി ബില്‍ നിലകൊണ്ടത്. എന്നാല്‍ പണപ്പെരുപ്പത്തെത്തുടര്‍ന്ന് കടപരിധി ഉയര്‍ത്തേണ്ടി വന്നത് നിക്ഷേപകരെ ഭീതിയിലാക്കിയും കൂട്ടത്തോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിലേക്കെത്തുകയും ചെയ്തു.