ന്യദല്‍ഹി: അറബ്-മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില വീണ്ടും അത്യുന്നതങ്ങളിലെത്തിച്ചേക്കുമെന്ന് സൂചന. ക്രൂഡ് ഓയില്‍ ബാരലിന്‍രെ വില രണ്ടരവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 108 ഡോളറിലെത്തിയിട്ടുണ്ട്.

അതിനിടെ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വില ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ വിഷമസന്ധിയിലായിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇന്ധനവിലകളില്‍ ഇനിയും വര്‍ധനവ് വന്നേക്കുമെന്നാണ് സൂചന. എന്നാല്‍ എത്രശതമാനം വര്‍ധിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

രാജ്യത്ത് ഇന്ധനലഭ്യത കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 45 ദിവസത്തേക്കുള്ള ഇന്ധനം മാത്രമേ വിവിധസംഭരണകേന്ദ്രങ്ങളിലായി നിലവിലുള്ളൂ എന്ന് ഉന്നതഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ഇന്ധന ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്.

എന്നാല്‍ ഇന്ധനവില വര്‍ധിക്കേണ്ട സ്ഥിതിയില്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ജയപാല്‍ റെഡ്ഡി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.