ന്യൂദല്‍ഹി: ആഗോളവിപണിയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് എണ്ണവില വര്‍ധിപ്പിക്കുന്നത് നീട്ടിവച്ചേക്കുമെന്ന് സൂചന. അമേരിക്കയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 100 ഡോളറിനും താഴെയെത്തിയിരുന്നു.

എണ്ണവില വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്ന പാനലിന്റെ യോഗം 11 ന് നടക്കാനിരിക്കെയാണ് എണ്ണവില ഇടിഞ്ഞിട്ടുള്ളത്. നഷ്ടം നികത്താന്‍ ഇന്ധനവില മൂന്നുരൂപവെച്ച് വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാചകവാതകത്തിന്റെ വില കൂട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തില്‍ വിലനിലവാരം മാറിക്കൊണ്ടിരിക്കുമെന്നും രാജ്യത്തെ കമ്പനികളുടെ നഷ്ടം നികത്താനായി വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും എണ്ണകമ്പനികള്‍ വാദിക്കുന്നു. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയും നഷ്ടംവരുന്നുണ്ടെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.