Categories

ഇന്ധനവിലവര്‍ദ്ധന: പ്രതിഷേധാഗ്നിയില്‍ രാജ്യം കത്തുന്നു

oil protest

രോഹിത്

ഇന്ധനവിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികളും ബി.ജെ.പിയും രാജ്യവ്യാപകമായി പ്രക്ഷോഭപരിപാടികളുമായി രംഗത്തെത്തി. ഇടതുപാര്‍ട്ടികള്‍ വിലവര്‍ദ്ധനവിനെതിരെ രംഗത്തുവരാന്‍ സംസ്ഥാനഘടകങ്ങളോട് ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. വിലവര്‍ദ്ധന പുനപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പ് ഇടതുപാര്‍ട്ടികള്‍ ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍ ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ താക്കീതാണ് പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ‘പാവപ്പെട്ടവന്റെ ക്ഷേമം’ എന്നുപറയുന്ന കോണ്‍ഗ്രസ്സും യു.പി.എയും ദുരിതം പേറുന്ന പാവപ്പെട്ടവന്റെ തലയില്‍ മറ്റൊരു വലിയ ആഘാതമാണ് വിലവര്‍ദ്ധനവിലൂടെ ഉണ്ടാക്കിയതെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു.#

പെട്രോളിയം ഉല്‍പന്നങ്ങളുടെ ഈ വിലവര്‍ധന പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമാകും. ഇത് സ്വകാര്യകമ്പനികളുടെ ലാഭത്തിന് വേണ്ടിയാണ്. ഇടതുപാര്‍ട്ടികളുടെ സംയുക്തപത്രസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടികളുടെ സംസ്ഥാനഘടകങ്ങളോട് ഹര്‍ത്താലടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ നേതാക്കള്‍
ആവശ്യപ്പെട്ടു.

എണ്ണമേഖലയില്‍ കാര്യങ്ങള്‍ നടക്കുന്നത് സുതാര്യമായിട്ടല്ല. ക്രൂഡോയിലിന്റെ അന്നന്നത്തെ യഥാര്‍ത്ഥവില ആര്‍ക്കുമറിയില്ല. അതുപോലെത്തന്നെയാണ് ഇതിന്റെ ശുദ്ധീകരണത്തിന്റേയും നികുതിയുടെയും കാര്യം. തിരഞ്ഞെടുപ്പിനുശേഷം അടിക്കടിയുണ്ടായ ഈ വിലക്കയറ്റം യു.പി.എയ്ക്ക് ജനങ്ങളോട് യാതൊരു താല്‍പര്യവുമില്ലായെന്ന കാര്യം വ്യക്തമാകുന്നതായി നേതാക്കള്‍ പറഞ്ഞു.

ഇടതുപാര്‍ട്ടികളോടൊപ്പം ബി.ജെ.പിയും എന്‍.ഡി.എയിലെ മറ്റു കക്ഷികളും പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തിറങ്ങി. ഡല്‍ഹിയില്‍ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. ജലപീരങ്കി പ്രയോഗിച്ചു കൊണ്ടാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. കേരളത്തില്‍ ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജില്ലാകേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധസമരങ്ങളാണ് നടന്നത്.

കേരളത്തില്‍ ബുധനാഴ്ച സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 6 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് കൂട്ടുക എന്നിവയാണ് ബസ് ഉടമള്‍ ഉന്നയിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങള്‍. ഇന്ധനവില അംഗീകരിക്കാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ അബ്ദുള്ള കോഴിക്കോട്ട് അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദല്‍ ഇന്ധനവിലയില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ‘ഓരോ ദിവസവും ക്രൂഡോയിലിന്റെ വില കൂടിയെന്ന്് പറഞ്ഞ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ച യു.പി.എ ഗവണ്‍മെന്റിന് വിലവര്‍ധനയെ ഒരുതരത്തിലും നീതീകരിക്കാനാവില്ല’. കടക്കെണിയിലുള്ള കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന ഈ വിലവര്‍ധന ഉടനേ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ ജനറല്‍ സെക്രട്ടറി അജയ് സിംഗ് ചൗതാല വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സമരപരിപാടികളുമായി രംഗത്തെത്തി. ഈ വിലവര്‍ധനവിലൂടെ യു.പി.എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും ജനവിരുദ്ധമുഖം വ്യക്തമായതായി അദ്ദേഹം പറഞ്ഞു. വിലവര്‍ധനവിലൂടെ പണപ്പെരുപ്പം കൂടുകയും ഇതു സാധാരണ ജനങ്ങളുടെ ജീവിതത്തെ അങ്ങേയറ്റം ദുരിതത്തിലാഴ്ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിലവര്‍ധനയുടെ ഓരോ ഘട്ടത്തിലൂടെയും കോണ്‍ഗ്രസ്സിന്റെ ‘സാമ്പത്തിക ഭീകരത’യാണ് വ്യക്തമാക്കുന്നതെന്ന് ബി.ജെ.പിയുടെ ജലന്ധര്‍ യൂണിറ്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജമ്മുകാശ്മീരില്‍ ശിവസേന പ്രവര്‍ത്തകര്‍ ഗ്യാസ് സിലിണ്ടര്‍, മണ്ണെണ്ണ സ്റ്റൗ തുടങ്ങിയവ കയ്യിലേന്തിയാണ് പ്രതിഷേധസമരം നടത്തിയത്. യു.പി.എ ഇതിനകം നടത്തിയ വിലവര്‍ദ്ധന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ അശോക് ഗുപ്ത പറഞ്ഞു.

Tagged with:

One Response to “ഇന്ധനവിലവര്‍ദ്ധന: പ്രതിഷേധാഗ്നിയില്‍ രാജ്യം കത്തുന്നു”

  1. Mahesh Nair

    ആ ബസ്‌ മുതലാളിമാരെ ഒന്ന് ശ്രദ്ധിച്ചേക്കൂ ! 7% Diesel price hike ഉണ്ടായാല്‍ ഒരു ബസ്സിന്റെ Operational ചിലവില്‍ 3 ശതമാനം പോലും കൂടുന്നില്ല. ബസ്‌ ഓടിക്കാനുള്ള ചെലവ് DIESEL(rs 10 per km max), WAGES, insurance , taxes, spares, depreciation of the vehicle എന്നിവയാണ്. ഇതില്‍ മൂന്നില്‍ ഒന്നാണ് diesel. ഇതു എല്ലാ വാഹനങ്ങളുടെയും കണക്കാണ്. ഈ വസ്തുതകള്‍ മറന്നു, ഇനി ചരക്കു, യാത്ര വാഹനങ്ങളുടെ നിരക്കുകള്‍ 20 % വരെ കൂട്ടാന്‍ കൂട്ട് നില്‍ക്കരുത്. ഓരോ തവണ ഇന്ധന വില കൂടുമ്പോഴും ഈ കൂട്ടര്‍ക്ക് ഉത്സവമാണ്. വെള്ളാനയായ ksrtc യുടെ പേര് പറഞ്ഞു നമ്മള്‍ ഇപ്പോഴേ മെട്രോ നഗരങ്ങളെക്കാള്‍ കൂടിയ ചാര്‍ജാണ്‌ കൊടുക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.