കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ത്ഥികളും വിജയിച്ചു. പാനലിന് പുറത്തുനിന്ന് നടന്‍ രവീന്ദ്രന്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ജൂലൈ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.

നെടുമുടി വേണു, ലാല്‍, ദേവന്‍, സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്‌സ്, ഇന്ദ്രജിത്ത്, ജയസൂര്യ, സാദിഖ്, കാവ്യമാധവന്‍, ലെന, കുക്കു പരമേശ്വരന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പാനലിനു പുറത്തുനിന്ന് മത്സരിച്ച രവീന്ദ്രന്‍ 143 വോട്ടുകള്‍ നേടി. ഔദ്യോഗിക പാനലില്‍ മത്സരിച്ചവരില്‍ ഏറ്റവും കുറവ് വോട്ട് സുരാജ് വെഞ്ഞാറമ്മൂടിനാണ്. ദേവനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.

അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടവേള ബാബു ജോയിന്റ് സെക്രട്ടറി. കെ.ബി ഗണേഷ്‌കുമാര്‍, ദിലീപ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കുഞ്ചാക്കോ ബോബനാണ് ട്രഷറര്‍. ജൂലൈ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.

അമ്മയുടെ അംഗത്വഫീസ് 25,000 രൂപയില്‍ നിന്ന് 30,000 ആക്കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം പ്രസിഡന്റ് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.