oduvill-unnikrishnanമലയാളികള്‍ക്കു പ്രിയപ്പെട്ട മലയാളത്തിന്റെ സ്വന്തം നാട്ടിന്‍പുറത്തുകാരനുണ്ടായിരുന്നു മലയാളസിനിമയില്‍. തിരശ്ശീലയില്‍ ആ മുഖം കാണുമ്പോഴൊക്കെ നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരാളായിട്ട് നമുക്ക് അനുഭവപ്പെടും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സില്‍ ഇടംനേടിയത്. എന്നാലും നിഷ്‌കളങ്കനായ ഗ്രാമീണന്റെ വേഷങ്ങളാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന നടനെ സ്ഥിരപ്രതിഷ്ഠനാക്കിയത്.

1944 ല്‍ വടക്കഞ്ചേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത മലയാളകവി സരസകവി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മേനോന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചെറുപ്പത്തില്‍തന്നെ സംഗീതസാഹിത്യമേഖലകളിലുള്ള താല്‍പര്യം ഒടുവിലിനെ കെ.പി.എ.സിയിലെത്തിച്ചു.

1970 ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളസിനിമാലോകത്തേക്കു കാലെടുത്തുവെയ്ക്കുന്നത്. തുടര്‍ന്ന് പ്രശസ്തരായ പല സംവിധായകരുടെയും ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ഒരു ചെറുപുഞ്ചിരി, നിഴല്‍ക്കുത്ത്, കഥാപുരുഷന്‍, അച്ചുവിന്റെ അമ്മ, ദേവാസുരം തുടങ്ങി അനേകം കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി. നന്മയുള്ള കഥാപാത്രങ്ങളാണ് പൊതുവെ അവതരിപ്പിച്ചിരുന്നതെങ്കിലും എം.ടിഹരിഹരന്‍ ടീമിന്റെ സുകൃതം, പരിണയം, കമലിന്റെ ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങളില്‍ അല്‍പം ദുഷ്ടസ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ആരാച്ചാരെക്കുറിച്ചുള്ള പൊതുസങ്കല്‍പത്തെ മാറ്റിമറിക്കുന്നതായിരുന്നു നിഴല്‍ക്കുത്തിലെ കാളിയപ്പന്‍ എന്ന കഥാപാത്രം. വധശിക്ഷയെക്കാള്‍ വലിയ ശിക്ഷയാണ് ആരാച്ചാരുടെ ജോലിയെന്ന് കാളിയപ്പനിലൂടെ സഞ്ചരിക്കുമ്പോള്‍ ആസ്വാദകന് അനുഭവപ്പെടുന്നു. ഈ കഥാപാത്രം അദ്ദേഹത്തെ 2002 ലെ ഏറ്റവുംമികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനാക്കി. അടൂരിന്റെ കഥാപുരുഷനും സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരവും അദ്ദേഹത്തിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡു നേടിക്കൊടുത്തു.

മികവുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയെങ്കിലും മലയാളസിനിമ അദ്ദേഹത്തെ വേണ്ടരീതിയില്‍ പരിഗണിച്ചിരുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്. കരള്‍രോഗസംബന്ധമായ പ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്ന അദ്ദേഹം ലോകത്തോടു വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷമായി.