എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് പബ്ലിസിറ്റി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി: വേദിയില്‍ നോട്ടുയര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
എഡിറ്റര്‍
Saturday 22nd July 2017 8:57am

ആംഗുള്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി നല്‍കിയതിനെതിരെ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മീഡിയ കിറ്റിലാണ് 500രൂപകൂടി ഉള്‍പ്പെടുത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത കിറ്റിലാണ് 500രൂപ കൂടി നല്‍കിയത്. ഇക്കാര്യം എന്‍.എച്ച്.എ.ഐ അധികൃതരെ കണ്ട് ചോദിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ദിപ്താന്‍ഷു ശേഖര്‍ ദാസ് പറഞ്ഞു.

സംഭവത്തില്‍ ബി.ജെ.പിക്കു പങ്കില്ലെന്നും ദേശീയ പാത അതോറിറ്റിയാണ് കിറ്റ് വിതരണം ചെയ്തതെന്നുമാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഈ നിലപാട് എന്‍.എച്ച.എ.ഐ തള്ളി.

‘മാധ്യമപ്രവര്‍ത്തകര്‍ കിറ്റ് വിതരണം ചെയ്യാന്‍ മാത്രമാണ് എന്നോട് പറഞ്ഞത്. അതിനുള്ളില്‍ എന്താണെന്ന് എനിക്കറിയില്ല.’ സംഭവത്തെക്കുറിച്ച് എന്‍.എച്ച്.എ.ഐ പി.ആര്‍.ഒ സിവന്‍ സിങ് പരിഹാര്‍ പറയുന്നു.

അതിനിടെ പബ്ലിസിറ്റിക്കായി ബി.ജെ.പി ചെയ്തതാണ് ഇതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കി പാര്‍ട്ടി പരിപാടികള്‍ക്ക് പബ്ലിസിറ്റി വര്‍ധിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം.

Advertisement