ഭുവനേശ്വര്‍: ഒഡീഷ നിയമസഭയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒഡീഷയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടെയ്‌ലര്‍ക്കെതിരെ ക്രിമില്‍ ഗൂഢാലോചനക്കുറ്റം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും 60 ഓളം പോലീസുകാര്‍ക്കും ഒരു വനിതാ പോലീസിനും പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads By Google

അതിനിടെ വനിതാ പോലിസിനെ മര്‍ദിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത എല്ലായാളുകളും കോണ്‍ഗ്രസുകാരായിരുന്നില്ലെന്നാണ് ഒഡീഷയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ജഗദീഷ് ടെയ്‌ലര്‍ പ്രക്ഷോഭകരോട് ബാരിക്കേഡ് തകര്‍ക്കാന്‍ ആവശ്യപ്പെടുകയും ഇത് തടയാന്‍ ശ്രമിച്ച തന്നെ മര്‍ദിക്കുകയുമാണുണ്ടായതെന്നാണ് പരുക്കേറ്റ വനിതാ പോലീസ് നല്‍കിയ മൊഴി.

ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് മര്‍ദനത്തിനിരയായ വനിതാ പോലീസിനെ നിയോഗിച്ചിരുന്നത്. ഇവരെ പ്രക്ഷോഭകര്‍ മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് നിലത്തുവീണ ഇവരെ പ്രക്ഷോഭകര്‍ ചവിട്ടിയെന്നും സാക്ഷികള്‍ പറയുന്നു.

25,000ത്തോളം പ്രക്ഷോഭകരാണ് നിയമസഭാ മന്ദിരത്തിന് മുന്നിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ തൊഴില്‍രഹിതരായ യുവാക്കളും സര്‍ക്കാര്‍ ഭരണത്തില്‍ മനംനൊന്ത ഓട്ടോറിക്ഷാ തൊഴിലാളികളുമുണ്ടെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ ബുപീന്ദര്‍ സിങ് പറയുന്നത്.

കല്‍ക്കരി ഖനി അഴിമതിയില്‍ ഒഡീഷ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.