തിരുവനന്തപുരം: കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും നാലു പേര്‍ വീതം മരിച്ചു. ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലും നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂര്‍ കൂടി തെക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതികമ്പി പൊട്ടിവീണാണ് രണ്ട് പേര്‍ മണപ്പെട്ടത്. കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ കുളത്തൂപ്പുഴ സ്വദേശി വിഷ്ണു(40) മരിച്ചു. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് അല്‍ഫോന്‍സാമയും മരിച്ചത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ഓഖി ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ചുഴലിക്കാറ്റ് തിരുവനന്തപുരം തീരത്തിന് 60 കിലോമീറ്റര്‍ അകലെയെത്തി. വരും മണിക്കൂറുകളില്‍ മഴ ശക്തമാകും. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. ആരും മല്‍സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് തിരമാലകള്‍ 4.2 മീറ്റര്‍ വരെ ഉയരും.

മഴ തുടരുമെന്ന് വ്യക്തമായതോടെ തിരുവനന്തപുരത്തെ തീരപ്രദേശത്ത് 100 മീറ്റര്‍ ദൂരപരിധിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.