Categories

യു.എസ്. മോഡല്‍ പ്രക്ഷോഭം 71 രാജ്യങ്ങളിലേക്ക്, അനുകൂലിച്ച് നേതാക്കളും താരപ്രമുഖരും

ന്യൂയോര്‍ക്ക്: സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും കുത്തകകളുടെ ആര്‍ത്തിക്കുമെതിരെ അമേരിക്കയുടെ വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് തെരുവില്‍ ഉടലെടുത്ത പ്രക്ഷോഭത്തിന് 71 രാജ്യങ്ങളിലെ 719 നഗരങ്ങള്‍ കൂടി ചേരുന്നു. ശനിയാഴ്ച ആഗോളതലത്തില്‍ കൂടുതല്‍ പ്രകടനം നടക്കാനിരിക്കുകയാണെന്ന് ‘ഒക്യുപൈ വാള്‍സ്ട്രീറ്റ്’ വെബ്‌സൈറ്റ് വ്യക്തമാക്കി. അമേരിക്കയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി 1400ലേറെ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്.

ലോസ്ആഞ്ചലസ് നഗരസഭ മൂന്നുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്കു ശേഷം അവിടത്തെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷവും സമരത്തെ അനുകൂലിക്കുന്നതായാണ് റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ സര്‍വേയിലെ സൂചന. അനുകൂലിക്കുന്നവരില്‍ കൂടുതല്‍ ഡെമോക്രാറ്റുകളും എതിര്‍ക്കുന്നവരില്‍ കൂടുതല്‍ റിപ്പബ്ലിക്കന്മാരുമാണത്രെ.

വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളിലെ നൂറുകണക്കിന് ശുചീകരണത്തൊഴിലാളികളും കാവല്‍ക്കാരും ഇന്നലെ പ്രകടനം നടത്തി. തൊഴില്‍ കരാര്‍ അവസാനിക്കാറായ അവര്‍ മെച്ചപ്പെട്ട ജോലി ആവശ്യപ്പെട്ടും സാമ്പത്തിക അസമത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് പ്രകടനം നടത്തിയത്. വ്യാഴാഴ്ച അമേരിക്കയിലെ നൂറോളം ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.

അതേസമയം, ജനകീയ പ്രക്ഷോഭത്തെ അനുകൂലിച്ച് വിവിധ നേതാക്കളും താരപ്രമുഖരും രംഗത്തെത്തി. പോളണ്ട് മുന്‍ പ്രസിഡന്റ് ലെക് വലേസ പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. സമരവേദികള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. മന്‍ഹാട്ടനിലെ സമരപ്പന്തലിലേക്ക് പ്രശസ്ത റാപ് ഗായകന്‍ കെന്‍യെ വെസ്റ്റ് എത്തി. ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മാതാവ് മൈക്കിള്‍ മൂര്‍, അഭിനേതാക്കളായ സൂസന്‍ സറാന്‍ഡന്‍, മാര്‍ക് റുഫലോ, റോസെന്‍ ബാര്‍, ടിം റോബിന്‍സന്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ദിവസം പ്രക്ഷോഭകരെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു.

ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഒട്ടേറെ രാജ്യങ്ങളില്‍ നാളെ പ്രക്ഷോഭം നടക്കും. തൊഴിലാളിയുവജന പ്രക്ഷോഭം കരുത്താര്‍ജിച്ച സ്‌പെയിനില്‍ തലസ്ഥാന നഗരിയായ മാഡ്രിഡിലുള്ള പ്യൂര്‍ട്ട ഡെല്‍ സോളില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന മൂന്ന് റാലികള്‍ സംഗമിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യത്യസ്ത കൂട്ടായ്മകള്‍ ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ നാളെ ഒത്തുചേരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ മാസങ്ങളായി ശക്തമായ പ്രക്ഷോഭം തുടരുകയാണ്.

പ്രക്ഷോഭങ്ങള്‍ക്ക് ഇതുവരെ ചെവികൊടുക്കാതിരുന്ന വന്‍കിട ആഗോള മാധ്യമങ്ങളില്‍ ഇപ്പോള്‍ നിലപാടുകള്‍ പതിയെ മാറ്റുകയാണ്. സ്‌പെതംബര്‍ അവസാന ആഴ്ച മൊത്തം വാര്‍ത്താ കവറേജിന്റെ രണ്ട് ശതമാനം മാത്രമായിരുന്ന സമരം ഒക്ടോബര്‍ ആദ്യവാരമായപ്പോള്‍ ഏഴ് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

One Response to “യു.എസ്. മോഡല്‍ പ്രക്ഷോഭം 71 രാജ്യങ്ങളിലേക്ക്, അനുകൂലിച്ച് നേതാക്കളും താരപ്രമുഖരും”

  1. Prakash

    ഞങ്ങളുടെ അധോഗതി കണ്ടു അന്ന് നിങ്ങള്‍ ചിരിച്ചതല്ലേ?
    “ഇന്ന് ഞാന്‍ നാളെ നീ”

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.