ലോകത്തിന്റെ ജീവിതശൈലിയില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ 2022 ആകുമ്പോള്‍ അമിതഭാരമുള്ള കുഞ്ഞുങ്ങളായിരിക്കും ഉണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന. ലണ്ടനിലെ കോളേജുമായി ചേര്‍ന്ന് ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്.

അഞ്ചു വയസിന് താഴേയുള്ള 130 മില്യണ്‍ കുട്ടികളിലാണ് ഡബ്ലു.എച്ച്.ഒ പഠനം നടത്തിയത്. ഈ രംഗത്ത് നടത്തുന്ന ഏറ്റവും വലിയ പഠനമാണിത്.

അമിതവണ്ണവും അമിതഭാരവും ആഗോള പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ നടപടി എടുക്കാത്ത പക്ഷം വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം നിശ്ചിത ഭാരമില്ലാത്ത 200 ദശലക്ഷം കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 വര്‍ഷത്തിനിടയില്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം പത്തു മടങ്ങാണ് വര്‍ധിച്ചത്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഈ പ്രവണത വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പോഷകാഹാരക്കുറവും ഭാരമില്ലായ്മയും

പശ്ചിമേഷ്യയിലെയും ലാറ്റിനമേരിക്കയിലേയും കരീബിയയിലേയും കുട്ടികളും ശരാശരി ഭാരമില്ലാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. കലോറിയില്ലാത്ത ഭക്ഷണശീലമാണ് ഇതിന് കാരണമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ഭാരം കുറയുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പാവപ്പെട്ട കുടുംബങ്ങളില്‍ പോഷകാഹാരങ്ങളുടെ ലഭ്യത കുറവാണ്. ഭക്ഷണവിപണിയില്‍ പോഷകാഹാരങ്ങള്‍ക്ക് വലിയ വിലയാണ് ഈടാക്കുന്നത്. വീടുകളിലും സ്‌കൂളുകളിലും പോഷകാഹാരങ്ങളെത്തിക്കാനുള്ള പദ്ധതികളും കുട്ടികളെ അനാരോഗ്യകരമായ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.

വികസിത രാജ്യങ്ങളില്‍ പൊണ്ണത്തടിയുള്ളവരുടെ നിരക്ക് വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഏകദേശം രണ്ടു ബില്യണ്‍ ജനങ്ങള്‍ അമിത ഭാരമുള്ളവരും 671 മില്ല്യണ്‍ പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.