ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരില്‍ പൊണ്ണത്തടിയും രക്തസമ്മര്‍ദവും കൂടുന്നതായി പഠന റിപ്പോര്‍ട്ട്. പ്രിതരോധ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. വ്യായാമത്തിന്റെ കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സൈനികരുടെ ആരോഗ്യനില മോശമാകുന്നതായി തെളിഞ്ഞ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ഓഫീസര്‍ റാങ്കിലുള്‍പ്പടെയുള്ള സൈനികരില്‍ അഞ്ചില്‍ നാല് പേരും അമിത രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ടുള്ള രോഗ സാധ്യത ഉള്ളവരാണ്. മൂന്നില്‍ രണ്ടു പേര്‍ക്ക് ശരീരത്തിന് ആവശ്യമുള്ള കൊളസ്‌ട്രോളിന്റെ അളവില്‍ കുറവ് കാണുന്നുണ്ട്. 30 ശതമാനം പേര്‍ അമിതഭാരമുള്ളവരുമാണ്. സൈനികരില്‍ 80 ശതമാനം പേരും രക്തസമ്മര്‍ദ രോഗ സാധ്യത ഉള്ളവരാണ്. അമിത രക്തസമര്‍ദമാണ് ഹൃദോഗങ്ങളിലേക്ക് നയിക്കുന്നത്. 67 ശതമാനം പേരില്‍ ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കായികാധ്വാനത്തിന്റെ കുറവാണ് ഇത് തെളിയിക്കുന്നത്.

സൈനികര്‍ തെറ്റായ ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. അമിത രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുള്ള രോഗ സാധ്യത പൊതു സമൂഹത്തേക്കാള്‍ സൈനികരില്‍ ഏറെയാണ്. 30 ശതമാനം പേരിലും ബോഡിമാസ് റേഷ്യോ (ശരീര ഭാരത്തിന്റെ തോത്) 23ലേറെയാണെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. അമിത ഭാരമുള്ള വിഭാഗത്തിലാണ് 23 പേരെ പെടുത്തിയിരിക്കുന്നത്.

18നും 50നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 767 സൈനികരിലാണ് പരിശോധന നടത്തിയത്. ഇവരില്‍ 670 പേരും വിവാഹിതരാണ്. രണ്ട് വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. യുവാക്കളായ സൈനികര്‍ പുകവലി ഒഴിവാക്കണമെന്നും സര്‍വേ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.